എരുമേലി : എരുമേലി പോലിസ് സ്റ്റേഷനില്‍ കുട്ടികളായിരുന്നു പോലിസ്. സ്റ്റേഷന്‍ ഭരണം എന്താണെന്ന് അവര്‍ കണ്ടുപഠിച്ചു. തോക്കുംലാത്തിയും കയ്യിലെടുത്തു പരിശോധിച്ചു. പ്രതികളെ സൂക്ഷിക്കുന്ന ലോക്കപ്പും കണ്ട് ഉച്ചയോടെ റോഡിലെ ഗതാഗത നിയന്ത്രണവും ഏറ്റെടുത്തതിനൊടുവില്‍ ശുചീകരണ പ്രവര്‍ത്തനവും നടത്തിയിട്ടാണ് കുട്ടികള്‍ മടങ്ങിയത്. ശിശുദിന വാരാചരണ ഭാഗമായി സംസ്ഥാനത്തെ പോലിസ് സ്റ്റേഷനുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലന പരിചയം നല്‍കുന്നതിന്റ്റെ ഭാഗമായാണ് എരുമേലി സ്റ്റേഷനില്‍ കുട്ടികള്‍ക്കായി പരിപാടി സംഘടിപ്പിച്ചത്. 
ഉമ്മിക്കുപ്പ സെന്റ്റ് മേരീസ്, കണമല സാന്‍തോം ഹൈ സ്‌കൂളുകളിലെ സ്റ്റുഡന്റ്റ് പോലിസ് കേഡറ്റുകളായ വിദ്യാര്‍ത്ഥികളാണ് പരിശീലനത്തില്‍ പങ്കെടുത്തത്.കുട്ടി പോലിസുകാരെ മണിമല സിഐ റ്റി ഡി സുനില്‍ കുമാര്‍, എരുമേലി എസ് ഐ മനോജ് മാത്യു എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. പരാതികളില്‍ അന്വേഷണം നടത്തുന്നത് എങ്ങനെയെന്ന് ഉദാഹരണങ്ങള്‍ വിശദീകരിച്ച് കുട്ടികള്‍ക്ക് സിഐ മനസിലാക്കി നല്‍കി. തോക്കും ലാത്തിയും ഉപയോഗിക്കേണ്ടി വരുന്ന അടിയന്തിര സാഹചര്യങ്ങളും വിശദീകരിച്ചു.

പൊതുജനങ്ങളോട് സൗമ്യമായി ഇടപെടുന്നതിനുളള മാര്‍ഗ നിര്‍ദേശങ്ങള്‍ സംബന്ധിച്ച ക്ലാസും നടന്നു. തീര്‍ത്ഥാടക തിരക്ക് നിറഞ്ഞ പേട്ടക്കവലയിലെ വാഹന ഗതാഗത നിയന്ത്രണത്തില്‍ പോലിസുകാര്‍ക്കൊപ്പം കുട്ടിപ്പോലിസും പങ്കെടുത്തു. പുണ്യം പൂങ്കാവനം പദ്ധതിയുടെ ഭാഗമായി ശുചീകരണം നടത്തിയിട്ടാണ് കുട്ടി പോലിസുകാര്‍ മടങ്ങിയത്.