പമ്പാവാലി എയ്ഞ്ചൽവാലി മേഖലയിലെ പട്ടയ വിതരണം ജനുവരി മാസത്തോടെ ആരംഭിക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി അഡ്വ. കെ രാജൻ. നാനൂറോളം പട്ടയങ്ങൾ എങ്കിലും ജനുവരിയിൽ കൊടുത്ത് തുടങ്ങുവാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. പൊൻകുന്നം ഇളങ്ങുളത്ത് സ്മാർട്ട് വില്ലേജോഫീസ് കെട്ടിടത്തിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
വില്ലേജോഫീസ് സ്മാർട്ടാകുമ്പോൾ അവിടെത്തിച്ചേരുന്ന അപേക്ഷകരുടെ നിരവധിയായ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയേണ്ടതുണ്ടന്നും റവന്യൂ മന്ത്രി പറഞ്ഞു. കേരളത്തിലെ മറ്റെല്ലാ വകുപ്പുകൾക്കും ആവശ്യമായ രേഖകൾ നൽകേണ്ട വിധത്തിൽ റവന്യു വകുപ്പ് മറ്റെല്ലാ വകുപ്പുകളുടെയും മാതൃ വകുപ്പായി മാറുന്നത് അവരുടെ സേവനങ്ങൾക്ക് കൂടി കരുത്തു പകരും. കേവലമൊരു ഉദ്യോഗസ്ഥ ഭരണത്തിൻ്റെ നാലു ചട്ടകൂടുകൾക്കകത്ത് നിൽക്കരുത് എന്ന ലക്ഷ്യത്തോടെയാണ് വില്ലേജു തല ജനകീയ സമിതി രൂപികരിച്ചിരിക്കുന്നത്. എല്ലാമാസവും വില്ലേജോഫീസിൽ വച്ച് തന്നെ  ഇത് കൃത്യമായി ചേരണമെന്ന് കർശന നിർദേശം നൽകിയിട്ടുണ്ട്. നാട്ടിലെ പാവപ്പെട്ടവരുടെ  ഭൂമിക്ക് വേണ്ടി നിയമത്തിൽ ഗുണപരമായ മാറ്റം വരുത്തേണ്ടി വന്നാൽ അത് നടത്താൻ സർക്കാർ തയ്യാറാകും. ഒപ്പം അനധികൃതമായി ഭൂമി കൈവശം വച്ചിരിക്കുന്നവർ എത്ര ഉന്നതരായാലും അത് പിടിച്ചെടുത്ത് ഭൂരഹിതരായവർക്ക് കൊടുക്കാൻ കഴിയുന്ന നടപടികളുമായി പോകും. പ്രതീക്ഷകളുമായി എത്തുന്ന ഓരോ മനുഷ്യൻ്റെയും ആവശ്യങ്ങൾ നിറവേറ്റാനുള്ള പരിശ്രമമുണ്ടാകുമ്പോഴാണ് വില്ലേജോഫീസുകൾ സ്മാർട്ടാവുകയെന്ന് തിരിച്ചറിയണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.യോഗത്തിൽ മാണി സി കാപ്പൻ എം എൽ എ അധ്യക്ഷത വഹിച്ചു.ജില്ല കളക്ടർ പി കെ ജയശ്രീ, എഡിഎം ജിനു പുന്നൂസ്, സബ്ബ് കളക്ടർ സഫ്ന നസറുദീൻ, ജില്ലാ പഞ്ചായത്തംഗം ടി എൻ ഗിരീഷ് കുമാർ, എലിക്കുളം പഞ്ചായത്ത് പ്രസിഡൻ്റ് എസ് ഷാജി, ബ്ലോക്ക് പഞ്ചായത്തംഗം രാധാകൃഷ്ണൻ എം.കെ,വാർഡ് മെമ്പർ നിർമ്മലാ ചന്ദ്രൻ, തഹസീൽദാർ ജോസുകുട്ടി കെ.എം എന്നിവർ സംസാരിച്ചു.