തുന്നിയെടുക്കുന്നു പാട്ടിന്റെ മൊഹബ്ബത്ത്; പാട്ടും പാടി ഷർട്ടും തയ്ച്ച് ഷിഹാബ്; വൈ റൽ കഥയിങ്ങനെ ;

‘‘ഇതിലും വല്യ വെള്ളിയാഴ്ച വന്നിട്ട് ബാപ്പ പള്ളീൽ പോയിട്ടില്ല എന്ന് പറഞ്ഞ മാതി രിയാണ് മോനേ..നമ്മുടെ പാട്ട് കമ്പം. എന്ത് പ്രാരാബ്ദം തലയിൽ കയറിയാലും ഏത് ജീ വിത സാഹചര്യത്തിൽ മുങ്ങാംകുഴി ഇടേണ്ടി വന്നാലും ഖൽബിലെ പാട്ട് അതപ്പടി ഇപ്പ ടിയൊന്നും പൊയ്പ്പൊവൂല. മരിക്കും വരെ ഉള്ളിലുണ്ടാകും….’’– പാട്ടും തയ്യലും കുഴച്ചെടുത്ത ജീവിത സപര്യക്ക് ആമുഖമെഴുതുമ്പോഴും ഷിഹാബിന്റെ പ്രിയപ്പെട്ട ജുക്കി തയ്യൽ മെഷീൻ ചിലയ്ക്കുന്നുണ്ടായിരുന്നു. പറഞ്ഞു നിർത്തിയപ്പോഴേക്കും ചുണ്ടിൽ തത്തിക്കളിക്കാൻ പാകത്തിന് അടുത്ത പാട്ട് ഖൽബിൽ നിന്നും പറന്നെത്തി….ദാ പിടിച്ചോ…..

കാഞ്ഞിരപ്പള്ളിക്കാരൻ ഷിഹാബിനെ ഒറ്റ മേൽവിലാസത്തിൽ അളന്നെടുക്കാൻ ശ്ശി കഷ്ടാണ്….പാട്ടുകാരൻ, കാഞ്ഞിരപ്പള്ളിയുടെ സാംസ്കാരിക മുഖം, സർവ്വോപരി ടെയ്‍ലറിംഗ് ഷോപ്പ് ഉടമ. വിശേഷങ്ങൾ ഷിഹാബിന്റെ തന്നെ ഭാഷയിൽ പറഞ്ഞാൽ പാട്ടിന്റെ ബഹർ പോലങ്ങനെ നീണ്ട് പരന്ന് കിടക്കുവാണ്. പ്രാരാബ്ദക്കെട്ടുകൾ ഒക്കത്തെടുത്തു കയറ്റുമ്പോൾ വഴുതിപ്പോകുന്ന കലാസപര്യയുടേയും കലാകാരൻമാരുടേയും കാലത്ത് ഷിഹാബ് ആളൽപ്പം വെറൈറ്റി ക്യാരക്ടറാണ്. സംഗതിയെന്താണെന്നല്ലേ…തയ്യൽ ജോലിക്കൊപ്പം സംഗീതത്തിന്റെ നൂലിഴകളെ ഖൽബിൽ തുന്നിച്ചേർത്ത കലാകാരനാണ് നമ്മുടെ കഥാനായകൻ. ആ പേരും പെരുമയും ഇപ്പോൾ സോഷ്യൽ മീഡിയക്കും പരിചിതമായിരിക്കുന്നു.

ഒരേ സമയം പാട്ടും പാടി അണുഅളവ് തെറ്റാണ്ട് തുന്നുകയും ചെയ്യും. അതാണ് കക്ഷിയുടെ സ്പെഷ്യാലിറ്റി. സംഗീതത്തിനൊപ്പം ഇടകലർന്ന് ഇഴപാകിയെടുത്ത ജീവിതത്തിന്റെ കഥ ഷിഹാബ് തന്നെ പങ്കുവയ്ക്കുന്നു,

തുന്നൽ എന്റെ ചോറാണെങ്കിൽ സംഗീതം എന്റെ മൊഹബ്ബത്താണ്. കുടുംബവും കുഞ്ഞുകുട്ടി പരാധീനങ്ങളും ഒക്കെയായിട്ടും എന്തോ അതങ്ങനെ വിട്ടു കളയാൻ തോന്നിയില്ല. ഇക്കഴിഞ്ഞ 22 വർഷമായി തുന്നലാണ് എന്റെ ജോലി. അതിനും എത്രയോ കാലം മുമ്പ് പ്രണയിനിയെ പോലെ പാട്ട് കമ്പം എന്റെ നെഞ്ചിൽ കയറിക്കൂടിയതാണ്. ഒന്നിനു വേണ്ടി മറ്റൊന്നിനെ നഷ്ടപ്പെടുത്തുന്നത് ശരിയാണോ കോയാ…എനിക്ക് എന്റെ ജോലിയും വേണം…പാട്ടും വേണം, അങ്ങനെ കിട്ടിയതാണ് രണ്ട് മേൽവിലാസം. ഒന്ന് തുന്നൽക്കാരനായി, മറ്റൊന്ന് പാട്ടുകാരനായി.

ഒരേ സമയം പാട്ടും പാടി തുന്നുന്നത് എങ്ങനെയാണ്, അതിന്റെ മാജിക്ക് എന്താണെന്ന് പലരും ചോദിക്കും ഒറ്റ ഉത്തരം മാത്രമേ പറയാനുള്ളൂ. എക്സ്പീരിയൻസ്! ഇത്രയും കാലമായി ഞാൻ തയ്ക്കുന്നു, അത്രയും കാലം തന്നെ എനിക്കൊപ്പം പാട്ടുമുണ്ട്. അപ്പോ പിന്നെ രണ്ടും ഒരേ തൂവൽ പക്ഷികളായതിൽ അത്ഭുതമില്ലല്ലോ. ഇപ്പോഴും പാടിക്കൊണ്ടാണ് തുന്നുന്നത്. അത് പിന്നെ വൈറലാകാനും സോഷ്യൽ മീഡിയയില്‍ ലൈക്കിലേറാനും വിധമുള്ളതാണെന്ന് ഇപ്പഴാണ് മനസിലാക്കുന്നത്. നാടിനും നാട്ടാർക്കും പുറമേ, സോഷ്യല്‍ മീഡിയയിലെ ചെത്ത് പിള്ളേരും നമ്മളെ തിരിച്ചറിയുന്നു എന്നതിൽ ഇത്തിരി സന്തോഷമൊക്കെ ഉണ്ട് കേട്ടോ.

പിന്നെ ഇക്കണ്ട സന്തോഷങ്ങളുടേയും അംഗീകാരങ്ങളുടേയുമൊക്കെ ക്രെഡിറ്റ് ഞാൻ ആദ്യം നൽകുന്നത് എന്റെ പ്രിയപ്പെട്ടവൾക്കാണ്. രഹ്ന, എന്റെ ഭാര്യയാണ് സർവ്വോപരി ടീച്ചറാണ്. പുള്ളിക്കാരിയാണ് സപ്പോർട്ടും തന്ന് കൂടെയുള്ളത്. മക്കൾ അൻസഫ് ആസിഫ് എന്നിവരും കട്ട്ക്ക് കൂടെയുണ്ട്. ഇളയവൻ ആസിഫ് അത്യാവശ്യം പാടും പിന്നെ വിഷമിപ്പിക്കുന്ന മറ്റൊരു സംഗതി കൂടിയുണ്ട്. എനിക്കൊരു ഇരട്ട സഹോദരനുണ്ടായിരുന്നു മുജീബ്‍…വർഷങ്ങൾക്കു മുമ്പ് ഒരു സ്ട്രോക്ക് അവനെ ഈ ദുനിയാവിൽ നിന്നങ്ങ് കൊണ്ട് പോയി. ഇപ്പോഴും ആ വേദന മാറിയിട്ടില്ല. ഈ സന്തോഷം കൂടാൻ അവനും കൂടിയുണ്ടായിരുന്നെങ്കിൽ എന്ന് ചിലപ്പോഴൊക്കെ തോന്നും. ഇന്ന് എന്റെ മക്കളെപ്പോലെ എന്റെ സന്തോഷം കാണാൻ അവരും എനിക്കൊപ്പമുണ്ട്…എന്റെ മക്കള്‍ തന്നെയാണ് അവരും. അവരെ ഞാനാണ് നോക്കുന്നത്.

ഇത്രയൊക്കെ വൈറലായ സ്ഥിതിക്ക് എന്താണ് ഫ്യൂച്ചര്‍ പരിപാടി എന്ന് പലരും ചോദിക്കുന്നുണ്ട്. കണ്ണുകെട്ടി തുന്നി പാട്ടു പാടാനുള്ള അശ്രാന്ത പരിശ്രമത്തിലാണ് ഞാൻ. അതിനു വേണ്ടിയുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചു കഴിഞ്ഞു. പിന്നെ അത്യാവശ്യം ഗാനമേള പരിപാടികളും സാംസ്കാരിക പരിപാടികളുമൊക്കെയായി അങ്ങനെ കഴിഞ്ഞു കൂടാൻ തന്നെയാണ് പ്ലാൻ. ഇപ്പോ തന്ന സ്നേഹത്തിന്റെ ഇരട്ടി നൽകും എല്ലാരും കട്ടയ്ക്ക് കൂടെയുണ്ടാകണം.– ഷിഹാബ് പറഞ്ഞു നിർത്തി.