കാഞ്ഞിരപ്പള്ളി: മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി ബിരുദ കോഴ്സുകളുടെ പരീക്ഷയിൽ കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജ് ഉന്നത വിജയം കരസ്ഥമാക്കി. യൂണിവേഴ്സിറ്റി തലത്തിൽ നിരവധി റാങ്കുകളും ഉയർന്ന വിജയ ശതമാനവും നേടിക്കൊണ്ട് മികവാർന്ന വിജയം കൈവരിക്കുവാൻ കോളജിനു കഴിഞ്ഞു. കൊമേഴ്സ്, ബോട്ടണി ഡിപ്പാർട്ടുമെന്റുകൾ നൂറു ശതമാനം വിജയം നേടി. യൂണിവേഴ്സിറ്റി തലത്തിൽ കൊമേഴ്സ് ഡിപ്പാർട്ടുമെന്റിൽ ആൻമേരി സജി, അഞ്ജലി ജെ, അയ്റ ജോസഫ് എന്നിവർ യഥാക്രമം രണ്ട്, മൂന്ന്, അഞ്ച് സ്ഥാനവും ബിഎസ്സി ബോട്ടണി മോഡൽ രണ്ട് വൊക്കേഷണൽ കോഴ്സിൽ സത്യപ്രിയ എം, നൂറുദ്ദിൻ ജബ്ബാർ, മരീന സെബാസ്റ്റ്യൻ എന്നിവർ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനവും നേടി.
ബിഎ ഇംഗ്ലീഷ് മോഡൽ രണ്ട് വൊക്കേഷണൽ കോഴ്സിൽ സുമൻ സണ്ണി രണ്ടാം സ്ഥാനവും, ബിഎസ്സി മാത്തമാറ്റിക്സ് വിഭാഗത്തിൽ അമ്മു പി. സെലീനാ, അനുശ്രീ സതീഷ് എന്നിവർ അഞ്ച്, ആറ് സ്ഥാനങ്ങളും, ബിഎ ഹിസ്റ്ററി ഡിപ്പാർട്ടുമെന്റിൽ അഖില സോണി ആറാം സ്ഥാനവും ബിഎസ്സി കെമിസ്ട്രി പരീക്ഷയിൽ ലിസ് ടിനു മാത്യൂസ് എട്ടാം സ്ഥാനവും കരസ്ഥമാക്കി. മാത്തമാറ്റിക്സ്, കെമിസ്ട്രി, ബി കോം മോഡൽ രണ്ട്, മോഡൽ മൂന്ന് എന്നീ ബിരുദ കോഴ്സുകളിൽ പരീക്ഷയെഴുതിയ വിദ്യാർഥികളിൽ 90 ശതമാനത്തിലധികം പേർ വിജയം കരസ്ഥമാക്കി. ഉന്നത വിജയം നേടിയ വിദ്യാർഥികളെ മാനേജ്മെന്റും പിടിഎയും അഭിനന്ദിച്ചു.