പനമറ്റം: സജിക്ക് മറക്കാനാവില്ല ഈ വേദന ഒരിക്കലും. സ്വന്തം ജീവന്‍ മറന്നാണ് പൊട്ടക്കിണറ്റിലേക്ക് അര്‍ജുന്റെ ജീവനായി ഊര്‍ന്നിറങ്ങിയത്. എന്നിട്ടും ആ കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ ഈശ്വരന്‍ അവസരം തന്നില്ലല്ലോ… ഇളങ്ങുളം ഒട്ടയ്ക്കല്‍ മാടത്താനില്‍ സജി(കുഞ്ഞ്-37) യുടെ ഈ വേദന പനമറ്റം ഗ്രാമത്തിന്റെ കൂടി നൊമ്പരമാണ്. എല്ലാവര്‍ക്കും പ്രതീക്ഷയായിരുന്നു അര്‍ജുന്റെ ജീവിതത്തി ലേക്കുള്ള മടങ്ങിവരവില്‍. അര്‍ജുന്‍ കിണറ്റില്‍ വീണതറിഞ്ഞ് ഓട്ടോറിക്ഷാ ഡ്രൈവ ര്‍മാരും പരിസരവാസികളും രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിക്കുന്നതിനിടെയാണ് ചെത്തുതൊഴിലാളിയായ സജി ഇതുവഴി ബൈക്കിലെത്തുന്നത്.

സംഭവമറിഞ്ഞ സജി മറ്റൊന്നും ചിന്തിക്കാതെ ധൈര്യപൂര്‍വം കിണറ്റിലേക്ക് കയറിലൂടെ ഊര്‍ന്നിറങ്ങി. പത്തടിയോളം കറുത്തിരുണ്ട വെള്ളം നിറഞ്ഞുകിടന്ന കിണറിന്റെ അടിത്തട്ടില്‍ കമിഴ്ന്നുകിടക്കുകയായിരുന്ന അര്‍ജുനെ പൊക്കിയെടുത്തു. തന്റെ തോളിലിട്ട് കയറിലൂടെ തിരിച്ചുകയറി. ആദ്യം അവര്‍ ശ്രമിച്ചു; പക്ഷേ, വിജയിച്ചില്ല.കിണറിന് സമീപത്തുനിന്ന് ഒരു വിളിപ്പാടകലെയാണ് പനമറ്റത്തെ ഓട്ടോ സ്റ്റാന്‍ഡ്. അര്‍ജുന്റെ കൂടെയുള്ള കുട്ടികള്‍ ഓടിയെത്തി ആദ്യം വിവരമറിയിച്ചത് ഇവരെ യാണ്. ഉടന്‍തന്നെ ഓട്ടോറിക്ഷാ ഡ്രൈവര്‍ കൊച്ചുമാടപ്പള്ളില്‍ അനി കയര്‍ വഴി കിണറ്റിലേക്ക് ഇറങ്ങിയെങ്കിലും പത്തടിയോളം വെള്ളത്തില്‍ ആഴ്ന്നുപോയ അര്‍ജുനെ രക്ഷിക്കാനായില്ല.

ഇതിനുശേഷം പനമറ്റം സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിയായ മിഥുന്‍ കിണറ്റിലിറങ്ങാന്‍ ശ്രമിച്ചെങ്കിലും പാതിയിറങ്ങിയപ്പോള്‍ പകച്ചുനിന്നു. ഇതിനുശേഷമാണ് സജി
കിണറ്റിലിറങ്ങിയത്. കരക്കു കയറ്റിയപ്പോള്‍ അര്‍ജുന് ചലനമുണ്ടായിരുന്നതായി രക്ഷാപ്രവര്‍ത്തനം നടത്തിയവര്‍ പറഞ്ഞു. ഉടന്‍ പൊന്‍കുന്നത്ത്  ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ മൃതദേഹപരിശോധന നടത്തി. രാത്രി വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.