എരുമേലി : ശബരിമല തീർത്ഥാടനകാലം ആരംഭിച്ചിട്ടും തെരുവ് വിളക്കുകൾ പ്രകാശി ക്കുന്നില്ലെന്ന് നാട്ടുകാർ. അതേസമയം സംസ്ഥാനത്തിന് മാതൃകയായ ഏറ്റവും പുത്തൻ രീതിയാണ് തെരുവ് വിളക്കുകളുടെ കാര്യത്തിൽ സ്വീകരിച്ചിരിക്കുന്നതെന്നും മറ്റ് പഞ്ചായത്തുകളും എരുമേലിയെ മാതൃകയാക്കുകയാണെന്നും പഞ്ചായത്ത് സെക്കട്ടറി. തീർത്ഥാടനകാലം ആരംഭിച്ച ശേഷം വഴിവിളക്കുകൾ സ്ഥാപിക്കുന്നത് കാണാമെങ്കിലും ഒന്നും പ്രകാശിക്കുന്നില്ലെന്ന് പരാതികൾ ഉയർന്നത് സംബന്ധിച്ച് പ്രതികരണം തേടിയപ്പോഴാണ് പഞ്ചായത്ത് സെക്കട്ടറി ഇക്കാര്യം വിശദീകരിച്ചത്.
കരാർ നൽകാതെ വിളക്കുകൾ പഞ്ചായത്ത് നേരിട്ടാണ് സ്ഥാപിച്ചുകൊണ്ടിരിക്കുന്നതെന്ന് സെക്കട്ടറി പി എ നൗഷാദ് പറഞ്ഞു. സർക്കാർ അംഗീകൃത ഏജൻസിയായ സ്ക്രൂഫ് ആണ് വിളക്കുകൾ നൽകുന്നത്. സ്ഥാപിക്കുന്നതിന് ഇലക്ട്രീഷ്യൻമാരെ പഞ്ചായത്ത് നിയമിച്ചിട്ടുണ്ട്. ഇതിനായി പഞ്ചായത്തിൻറ്റെ ജീപ്പ് വിട്ടുനൽകിയിട്ടുണ്ട്. സാമ്പത്തിക വർഷം തീരുന്നത് വരെ അറ്റകുറ്റപ്പണികൾക്ക് ഫണ്ട് റെഡിയാണ്. പണികൾ വാർഡംഗങ്ങളുടെ ചുമതലയിലാണ് നടത്തുക. എല്ലാ വിളക്കുകൾക്കും പ്രത്യേകമായി മീറ്റർ ബോർഡ് സ്ഥാപിക്കും പ്രകാശിക്കാത്ത വിളക്കുകൾക്ക് വൈദ്യുതി ബിൽ അടയ്ക്കേണ്ടി വരില്ല. പ്രകാശിക്കുന്നവയുടെ മീറ്റർ റീഡിംഗ് കണക്കാക്കിയാണ് ഇനി വൈദ്യുതി ചാർജ് നൽകുക.
ശബരിമല പാതകളിൽ വിളക്കുകൾ സ്ഥാപിക്കൽ പൂർത്തിയായിക്കൊണ്ടിരിക്കുന്നു. ദിവസങ്ങൾക്കകം മുഴുവൻ വിളക്കുകളും പ്രകാശിപ്പിക്കും. ഇതിനായി രാത്രിയിൽ പഞ്ചായത്ത് സബ് കമ്മറ്റിയെ നിരീക്ഷിച്ച് റിപ്പോർട്ട് നൽകാൻ ചുമതലപ്പെടുത്തിയിട്ടു ണ്ട്. ശബരിമല പാതകളിലും മറ്റ് വാർഡുകളിലും വിളക്കുകൾ സ്ഥാപിക്കാൻ 19.60 ലക്ഷം രൂപയാണ് ചെലവിടുക. മീറ്റർ ബോർഡുകൾക്കും ലൈൻ വലിക്കലിനുമായി 19 ലക്ഷം ചെലവിടും. ഇതിൽ കെഎസ്ഇബി മുണ്ടക്കയം സെക്ഷൻ നൽകിയ എസ്റ്റിമേറ്റ് പ്രകാരം ഒൻപത് ലക്ഷം രൂപ  അടച്ചു. ഇനി എരുമേലി സെക്ഷൻറ്റെ എസ്റ്റിമേറ്റ് ലഭിക്കാനുണ്ട്. ഇതും പൂർത്തിയാകുന്നതോടെ പഞ്ചായത്തിലെ മൊത്തം വിളക്കുകൾക്കും മീറ്ററുകളാകും. പ്രകാശിക്കാത്തവയുണ്ടെങ്കിൽ മീറ്റർ റീഡിംഗിൽ അറിയാം.
അവ പ്രകാശിപ്പിക്കാൻ എന്താണ് ചെയ്യേണ്ടതെന്ന് വാർഡ് മെംബർമാരാണ് തീരുമാനിക്കുക. മുമ്പ് കരാറുകാർ പറയുന്ന തുകയാണ് പണികൾക്ക് നൽകേണ്ടി വന്നിരുന്നത്. ഇതിൽ പലതും വ്യാജമാണെന്ന് പരാതികളുയർന്നിരുന്നു. ഇത് മുൻനിർത്തി അഴിമതി രഹിതവും സുതാര്യവുമായ പദ്ധതിയാണ് ഇത്തവണ നടപ്പിലാക്കുന്നതെന്ന് സെക്കട്ടറി പറഞ്ഞു. ഈ പദ്ധതി ബോധ്യമായ പഞ്ചായത്ത് വകുപ്പിൻറ്റെ ഓഡിറ്റിങ് വിഭാഗം എരുമേലി പഞ്ചായത്തിനെ അഭിനന്ദിക്കുകയും മറ്റ് പഞ്ചായത്തുകളോട് എരുമേലിയെ മാതൃകയാക്കാൻ നിർദേശിക്കുകയും ചെയ്തു. കൂട്ടിക്കൽ, മുണ്ടക്കയം, പാറത്തോട് പഞ്ചായത്തുകൾ എരുമേലിയുടെ മാതൃക പിൻതുടർന്നിരിക്കുകയാണ്. മറ്റ് നിരവധി പഞ്ചായത്തുകൾ എരുമേലിയിലെ പദ്ധതിയുടെ പകർപ്പ് വാങ്ങി നടപ്പിലാക്കാൻ ശ്രമം തുടങ്ങിയിട്ടുണ്ട്.
ഇതുവരെ പഞ്ചായത്തിൽ എത്ര വഴിവിളക്കുകളുണ്ടെന്ന് കണക്കുകൾ ഉണ്ടായിരുന്നില്ല. മാസം ഒന്നര ലക്ഷത്തോളം രൂപ വൈദ്യുതി ചാർജ് നൽകിയിരുന്നു. ഇനി സ്ഥിതി മാറുകയാണ്. വിളക്കുകൾ എത്ര എണ്ണമുണ്ടെന്നും അവ ഏതൊക്കെ ഇനമാണെന്നും കൃത്യമായ കണക്കെടുത്തു. പ്രകാശിക്കാത്തവയുടെ തകരാറുകൾ പഞ്ചായത്ത് നേരിട്ട് പരിശോധിച്ചാണ് പരിഹരിക്കുക. സ്ഥാപിക്കുന്ന വിളക്കുകളും എണ്ണവും ഇനങ്ങളും ചുവടെ.
ശബരിമല പാതകളിൽ നാല് വാട്സിൻറ്റെ ഓർഡിനറി ബൾബുകൾ- 316, 80 വാട്സിൻറ്റെ ബൾബുകൾ -285, സിംഗിൾ ട്യൂബ് -916, 22 വാട്സ് സിഎഫ് ലാംബുകൾ-15, 18 വാട്സ് സി എഫ് ലാംബുകൾ-678, സോഡിയം വേപ്പർ ലാംബ്-ഒന്ന്, എന്നിവയും മണിമല സെക്ഷൻ പരിധിയിലെ വാർഡുകളിൽ 40 വാട്സിൻറ്റെ ഓർഡിനറി ബൾബുകൾ-ആറ്, 11 വാട്സ് സി എഫ് ലാംബുകൾ-46, 40 വാട്സ് സി എഫ് ലാംബുകൾ-14, 80 വാട്സ് ട്യൂബ് സെറ്റുകൾ-പത്ത് എന്നിവയുമാണ് സ്ഥാപിച്ചുകൊണ്ടിരിക്കുന്നത്.