എരുമേലി : ഡോക്ടറും കൂലിപ്പണികാരനും കർഷകനും ഉൾപ്പടെ 13 പേർ ശബരിമല തീർത്ഥാടനത്തിന് തെരഞ്ഞെടുത്ത മാർഗം സൈക്കിൾ യാത്ര. ദിവസവും സൈക്കിളിൽ കിലോമീറ്ററുകൾ പിന്നിടുന്ന ഇവർക്ക് യാത്ര ഒട്ടും വെല്ലുവിളിയായില്ല, മറിച്ച് നേടിയതത്രയും ക്ലേശപൂർണമായ തീർത്ഥാടനം അനുഭവിച്ചറിഞ്ഞ സംതൃപ്തി. വടക്കൻ പറവൂർ ബൈക്കേഴ്സ് ക്ലബ്ബിലെ അംഗങ്ങളായ 13 പേരാണ് സൈക്കിളിൽ ശബരിമലയിലേക്ക് സഞ്ചരിച്ചത്. കഴിഞ്ഞ 17 നാണ് യാത്ര ആരംഭിച്ചത്. പിറ്റേന്ന് ഉച്ചയായപ്പോൾ പമ്പയിൽ നിന്നും നടന്ന് ശബരിമലയെത്തി. വൈകിട്ട് മടങ്ങിയ സംഘം ഇന്നലെ വൈകിട്ടോടെ നാട്ടിലെത്തി. മൊത്തം 340 കിലോമീറ്റർ ദൂരമാണ് ഇവർ സൈക്കിളിൽ പിന്നിട്ടത്. മൂന്ന് വർഷം മുമ്പ് രൂപീകരിച്ചതാണ് ക്ലബ്ബ്. അന്ന് മുതൽ ഇത് മൂന്നാമത്തെ തവണയാണ് സൈക്കിളിൽ ശബരിമല യാത്ര നടത്തുന്നതെന്ന് സംഘം പറഞ്ഞു. കൊടൈക്കനാൽ, ഊട്ടി തുടങ്ങി നിരവധി സ്ഥലങ്ങളിലേക്ക് ഇവർ സൈക്കിൾ യാത്ര നടത്തിയിട്ടുണ്ട്. ആരോഗ്യസംരക്ഷണത്തിന് അനുയോജ്യവും പരിസ്ഥിതി മലിനീകരണം ഇല്ലെന്ന പ്രത്യേകതയും ആണ് സൈക്കിൾ സവാരിയിലൂടെ ഇവർ സന്ദേശമായി പകരുന്നത്. 18 മുതൽ 54 വയസ് പ്രായമുളളവരുൾപ്പെടുന്ന ഈ സംഘത്തിൽ വിവിധ തുറകളിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരും കർഷകരും വിദ്യാർത്ഥികളുമൊക്കെയുണ്ട്.ഹരിദാസ്, ഉല്ലാസ്, അശോക്, ശ്രീജിത്ത്, രാഹുൽ, രതീഷ്, അനന്ദു, അഖിൽ, രഘുറാം, ജയപ്രകാശ്, ലെനിൻ, അർജുൻ, അഭിനാൻ എന്നിവരുൾപ്പെട്ട 13 അംഗ സംഘമാണ് സൈക്കിളിൽ ശബരിമല യാത്ര നടത്തി എരുമേലി വഴി നാട്ടിലേക്ക് മടങ്ങിയത്.