കോട്ടയം: റബര്‍ മേഖലയ്ക്ക് നിയമപരിരക്ഷ നല്‍കിക്കൊണ്ടിരിക്കുന്ന റബര്‍ ആക്ട് റദ്ദ് ചെയ്യാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം നികുതിരഹിത കാര്‍ഷികോല്പന്ന ഇറക്കുമതിക്കായി ഇന്ത്യ ഒപ്പിടാനൊരുങ്ങുന്ന ആര്‍സിഇപി വ്യാപാരക്കരാറിന്റെ മുന്നൊരുക്കമാണെന്ന് ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയാര്‍ അഡ്വ. വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.

റബര്‍ ആക്ട് 1947 പ്രകാരമാണ് റബര്‍ ബോര്‍ഡ് രൂപീകൃതമായത്. റബര്‍ ആക്ട് റദ്ദ് ചെയ്യപ്പെടുമ്പോള്‍ റബര്‍ബോര്‍ഡും ഇല്ലാതാകും. ഇന്ത്യ ആസി യാന്‍ വ്യാപാര കരാറിന്റെ വ്യവസ്ഥകള്‍ റബര്‍ ആക്ടിനെ നിര്‍വീര്യ  മാക്കുന്നതാണ്. 2019 ഡിസംബര്‍ 31ന് മുമ്പായി ആസിയാന്‍ കരാറിന്റെ നടത്തിപ്പ് പൂര്‍ണ്ണമാകണം. ആസിയാന്‍ വ്യാപാര കരാറുപ്രകാരം നില വില്‍ റബര്‍ നെഗറ്റീവ് ലിസ്റ്റിലാണെങ്കിലും തുടര്‍ന്ന് നികുതിരഹിത ഇറ ക്കുമതിയുണ്ടാകും.

ലോകത്തില്‍ ഏറ്റവും കൂടുതല്‍ പ്രകൃതിദത്ത റബറുല്പാദിപ്പിക്കുന്ന രാജ്യങ്ങളുമായുള്ള വ്യാപാരക്കരാര്‍ വന്‍ തിരിച്ചടിനല്‍കുന്നത് റബര്‍ കര്‍ഷകര്‍ക്കാണ്. ഇക്കാരണത്താലാണ് ഇന്‍ഫാം ഉള്‍പ്പെടെയുള്ള കര്‍ഷക പ്രസ്ഥാനങ്ങള്‍ ആസിയാന്‍ കരാറിനെ എക്കാലവും എതിര്‍ത്തത്.

റബറിന് അടിസ്ഥാനവിലയും പരമാവധി വിലയും നിശ്ചയിക്കാനും ഇറ ക്കുമതി കയറ്റുമതി നിയന്ത്രിക്കാനും റബര്‍ നിയമത്തില്‍ വ്യവസ്ഥകളു ണ്ടെങ്കിലും ഇതൊന്നും നടപ്പിലാക്കുവാന്‍ കഴിഞ്ഞ സര്‍ക്കാരും ഈ സര്‍ക്കാരും ശ്രമിച്ചിട്ടില്ല. ഇതിന് പ്രധാനകാരണം ലോകവ്യാപാരസംഘട നയില്‍ ഇന്ത്യ ഒപ്പുവെച്ച വിവിധ വ്യവസ്ഥകളാണ്. ഈ വ്യവസ്ഥകള്‍ നിര്‍ദ്ദേശിച്ചത് കോണ്‍ഗ്രസ് നേതൃത്വ കേന്ദ്രസര്‍ക്കാരാണ്.

കഴിഞ്ഞ നാലുവര്‍ഷത്തിനുള്ളില്‍ കേന്ദ്രസര്‍ക്കാര്‍ 1400-ലേറെ വ്യാപാര സംബന്ധമായ നിയമങ്ങള്‍ റദ്ദുചെയ്തു. ചിലത് ഭേദഗതി വരുത്തി. ഇതെല്ലാം ഇന്ത്യ ഒപ്പിടാനൊരുങ്ങുന്ന റീജിയണല്‍ കോംപ്രിഹെന്‍സീവ് എക്കണോമിക് പാര്‍ട്ട്ണര്‍ഷിപ്പ് (ആര്‍സിഇപി) വ്യാപാരക്കരാറിന്റെ മുന്നൊരുക്കമാണ്.

2017 നവംബറില്‍ മനിലയില്‍ നടന്ന ആസിയാന്‍ ഉച്ചകോടിയിലും 2018 ജനുവരി 26ന് ഡല്‍ഹിയില്‍ നടന്ന ആസിയാന്‍ രാഷ്ട്രത്തലവന്മാരുടെ സമ്മേളനത്തിലും ഒറ്റ വ്യാപാരവിപണിക്ക് ഇന്ത്യ സമ്മതംമൂളി. പത്ത് ആസിയാന്‍ രാജ്യങ്ങളും ചൈന, ആസ്‌ത്രേലിയ, ന്യൂസിലാന്റ്, സൗത്ത് കൊറിയ, ജപ്പാന്‍, ഇന്ത്യ എന്നീ രാജ്യങ്ങളുള്‍ക്കൊള്ളുന്ന ലോകത്തിലെ ഏറ്റവും വലിയ വ്യാപാരക്കൂട്ടായ്മ 2018 ഡിസംബറിനോടുകൂടി ഒപ്പി ടുമ്പോള്‍ നികുതിരഹിത കാര്‍ഷികോല്പന്ന ഇറക്കുമതി നിലവില്‍വ രും. റബര്‍ മാത്രമല്ല ക്ഷീരോല്പന്നങ്ങള്‍ ഉള്‍പ്പെടെ ഇന്ത്യയുടെ പ്രത്യേ കിച്ച് കേരളത്തിന്റെ കാര്‍ഷികമേഖല ഇന്നത്തേതിലും വലിയ പ്രതിസ ന്ധിയിലേയ്ക്കു നീങ്ങും.

കേന്ദ്രസര്‍ക്കാര്‍ എഴുതിത്തള്ളിയ റബര്‍നയം വീണ്ടും നടപ്പിലാക്കുവാന്‍ രൂപം നല്‍കിയിരിക്കുന്ന ടാസ്‌ക് ഫോഴ്‌സ് പ്രഹസനമാണെന്ന് ഇന്‍ഫാം ആവര്‍ത്തിച്ചുപറഞ്ഞത് ശരിയാണെന്ന് വ്യക്തമാക്കുന്നതാണ് റബര്‍ ആക്ട് തന്നെ റദ്ദ് ചെയ്യാനുള്ള കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്റെ നീക്ക ത്തില്‍വരെ എത്തിച്ചിരിക്കുന്നത്. വരാന്‍പോകുന്ന പൊതുതെരഞ്ഞെടു പ്പ് ലക്ഷ്യമാക്കി കര്‍ഷകരെ വിഢികളാക്കുന്ന സര്‍ക്കാര്‍ പ്രഖ്യാപനങ്ങള്‍ ഇനിയുണ്ടാകും. പക്ഷേ ഇവയൊന്നും പ്രായോഗികമായി നടപ്പിലാകില്ല ന്നുറപ്പാണ്. കര്‍ഷകവിരുദ്ധ രാജ്യാന്തര വ്യാപാരക്കരാറില്‍നിന്ന് ഇന്ത്യ പിന്മാറാതെ കാര്‍ഷികമേഖലയ്ക്കിനി രക്ഷപെടാനാകില്ലെന്നും കര്‍ഷക പ്രസ്ഥാനങ്ങളും കര്‍ഷകാഭിമുഖ്യമുള്ള രാഷ്ട്രീയ പാര്‍ട്ടികളും സംഘടിച്ച് ഇതിനെതിരെ ഒന്നിച്ച് നീങ്ങണമെന്നും ഇന്‍ഫാം സംയുക്ത കര്‍ഷകസമ്മേ ളനം വിളിച്ചുചേര്‍ക്കുമെന്നും വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.