എരുമേലി : സപ്ലൈ ഓഫീസര്‍ വാറ്റുചാരായം കടത്തിയോന്നറിയാന്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പരിശോധന നടത്തിയത് വിവാദമാവുകയും ജമാ അത്ത് പ്രസിഡന്റ്റി നെ കയ്യേറ്റം ചെയ്‌തെന്ന പരാതിയിലേക്കെത്തുകയും ചെയ്ത സംഭവത്തില്‍ നിജസ്ഥിതി യറിയാന്‍ വകുപ്പ് മന്ത്രി നിര്‍ദേശിച്ചതിനെ തുടര്‍ന്ന് സംസ്ഥാന എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് എരുമേലിയിലെത്തി തെളിവെടുപ്പ് നടത്തി. രണ്ട് ദിവസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി മന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് കമ്മീഷണര്‍ പറഞ്ഞു.

എരുമേലി പൊതുമരാമത്ത് റസ്റ്റ് ഹൗസില്‍ ഇന്നലെ രാവിലെ ആരംഭിച്ച തെളിവെടുപ്പ് ഉച്ചയോടെയാണ് അവസാനിച്ചത്. ജില്ലാ അസി. കമ്മീഷണര്‍ സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കിയതില്‍ ആക്ഷേപം ഉയര്‍ന്ന സാഹചര്യത്തിലാണ് കമ്മീഷണര്‍ നേരിട്ടെത്തി അന്വേഷിക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചത്. ഡെപ്യൂട്ടി കമ്മീഷണര്‍, അസി.കമ്മീഷണര്‍ ഉള്‍പ്പടെ പ്രധാന ഉദ്യോഗസ്ഥരും തെളിവെടുപ്പില്‍ പങ്കെടുത്തു. മുന്‍ പഞ്ചായത്ത് പ്രസിഡന്റ്റായ എരുമേലി മഹല്ലാ മുസ്ലിം ജമാഅത്ത് പ്രസിഡന്റ്റും എലിവാലിക്കര വാര്‍ഡംഗവുമായ പി എ ഇര്‍ഷാദ്, എക്‌സൈസ് എരുമേലി റെയിഞ്ച് ഇന്‍സ്‌പെക്ടര്‍ ജെ എസ് ബിനു, കാഞ്ഞിരപ്പളളി താലൂക്ക് സപ്ലൈ ഓഫിസര്‍ സാബു വര്‍ഗീസ് തുടങ്ങിയവര്‍ ഹാജരായി മൊഴി നല്‍കി.

കഴിഞ്ഞ ഒന്നിന് മദ്യ നിരോധന ദിവസമായിരുന്നു വിവാദത്തിലേക്കും ഉന്നത തല അന്വേഷണത്തിലേക്കുമെത്തിയ സംഭവത്തിന്റ്റെ തുടക്കം. പാണപിലാവില്‍ റേഷന്‍ കടയുടമയുടെ വിവാഹത്തില്‍ പങ്കെടുത്ത് സപ്ലൈ ഓഫീസര്‍ റേഷന്‍ കടകളുടെ അസോസിയേഷന്‍ ഭാരവാഹികള്‍ക്കൊപ്പം മടങ്ങുമ്പോള്‍ എക്‌സൈസ് സംഘം രഹസ്യ ഫോണ്‍ സന്ദേശത്തെ തുടര്‍ന്ന് പരിശോധന നടത്തിയിരുന്നു. എന്നാല്‍ അനധികൃത മദ്യം പിടികൂടാനായില്ല. സപ്ലൈ ഓഫിസര്‍ എരുമേലിയിലെത്തി പി എ ഇര്‍ഷാദിന്റ്റെ വീട്ടില്‍ സന്ദര്‍ശനം നടത്തുമ്പോഴായിരുന്നു പരിശോധന. സപ്ലൈ ഓഫിസറെ പിന്തുടര്‍ന്നെത്തിയ എക്‌സൈസ് സംഘം വീട് പരിശോധിച്ചെന്നും കുടുംബാംഗങ്ങളോട് അപമര്യാദയായി പെരുമാറിയെന്നും ആരോപിച്ച് പി എ ഇര്‍ഷാദ് എക്‌സൈസ് ഓഫിസിലെത്തിയപ്പോള്‍ ഇന്‍സ്‌പെക്ടര്‍ കയ്യേറ്റം ചെയ്‌തെന്നാണ് പരാതി.

ഇക്കാര്യം തെളിവെടുപ്പില്‍ അറിയിച്ചെന്ന് പി എ ഇര്‍ഷാദ് പറഞ്ഞു. എന്നാല്‍ ഇതിന് വിരുദ്ധമായാണ് ഇന്‍സ്‌പെക്ടറുടെ വിശദീകരണം. വീട് പരിശോധിക്കുകയോ കയ്യേറ്റം ചെയ്യുകയോ മര്യാദ വിട്ട് പെരുമാറുകയോ ചെയ്തില്ലെന്ന് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. സംഭവത്തില്‍ ഇന്‍സ്‌പെക്ടര്‍ക്കൊപ്പം ഡ്യൂട്ടിയിലുണ്ടായിരുന്നവരുടെയും സാക്ഷികളുടെയും മൊഴി ശേഖരിച്ചിട്ടുണ്ട്. സംഭവത്തിന്റ്റെ ഏതാനും വീഡിയോ ദൃശ്യങ്ങളും പരിശോധനക്കായി ശേഖരിച്ചിട്ടാണ് കമ്മീഷണര്‍ മടങ്ങിയത്. ഇന്‍സ്‌പെക്ടര്‍ക്കെതിരെ സിപിഎം കഴിഞ്ഞ ദിവസം പ്രതിഷേധ പ്രകടനവും യോഗവും നടത്തിയിരുന്നു. തുടര്‍ന്നാണ് ഉന്നത തല അന്വേഷണമുണ്ടായത്.