ജനവാസ മേഖലയിൽ പുലികളുടേതെന്ന് സംശയിക്കുന്ന കാൽപ്പാടുകൾ വീണ്ടും കണ്ടെത്തി. ശബരിമല വനാതിർത്തിയോട് ചേർന്നാണ് തീർത്ഥാടകർ ഉപയോഗിക്കുന്ന സമാന്തരപാതയ്ക്ക് സമീപം കാല്പ്പാടുകൾ കണ്ടെത്തിയിരിക്കുന്നത്.

കണമലയ്ക്ക് സമീപം പാറക്കടവിലാണ് നിർമാണത്തിലിരിക്കുന്ന വീടിന്‍റെ മുറ്റത്ത് പുലിയുടേതെന്ന് സംശയിക്കുന്ന കാല്പ്പാടുകൾ ആദ്യം കണ്ടെത്തിയത്.മങ്കൊമ്പിൽ അച്ചൻകുഞ്ഞിന്‍റെ വീട്ടുമുറ്റത്ത് കാൽപ്പാടുകൾ കണ്ടതോടെ വനപാലകരെത്തി പരിശോധന നടത്തുകയും ചെയ്തിരുന്നു.പുലിയുടെ തെന്ന് സംശയിക്കത്തക്കവിധമുളളതാണ് കണ്ടെത്തിയ കാല്പ്പാടുകൾ എന്ന് ഇവർ അറിയിച്ചതായി നാട്ടുകാർ പറയുന്നു..ഇതിനിടയിലാണ് ഈ പ്രദേശത്ത് തന്നെ അംഗൻവാടിയുടെ സമീപത്തായി ചൊവ്വാഴ്ച വീണ്ടും കല്പ്പാടുകൾ കണ്ടെത്തിയിരിക്കുന്നത്.ഇതോടെ പ്രദേശത്തെ ജനങ്ങളും ഭീതിയിലായി. ശബരിമല വനാതിർത്തിയോട് ചേർന്ന് കിടക്കുന്ന ഇവിടെക്കൂടിയാണ് തീർത്ഥാടകർ സമാന്തരപാതയായി ഉപയോഗിക്കുന്ന കണമല മുക്കൂട്ടുതറ റോഡ് കടന്ന് പോകുന്നത്.
പ്രദേശത്ത് ആദ്യമായാണ് ഇങ്ങനെയൊരു സംഭവമെന്നാണ് നാട്ടുകാർ പറയുന്നത്. പാക്കാൻ എന്ന വന്യജീവിയുടേതാകും കാൽപ്പാടുകളെന്ന സംശയത്തിലായിരുന്നു നാട്ടുകാർ. എന്നാൽ പുലിയുടേത് ആണെന്ന് സംശയിക്കുന്നതായി വനപാലകർ അറിയിച്ചതോടെ പ്രദേശത്ത് കടുത്ത ഭീതി നിറഞ്ഞിരിക്കുകയാണ്. വനത്തിൽനിന്നു നദി കടന്നാകാം അജ്ഞാത ജീവി ജനവാസ മേഖലയിലേയ്ക്ക് എത്തിയതെന്ന് കരുതപ്പെടുന്നു.ഇതിനെ പിടികൂടുവാൻ കൂട് സ്ഥാപിക്കാമെന്ന് വനപാലകർ അറിയിച്ചിരുന്നുവെങ്കിലും തുടർ നടപടികൾ ഉണ്ടായിട്ടില്ല.