അതിരാവിലെ ബസിന് മുമ്പിൽ റോഡിൽ ഹെഡ് ലൈറ്റിന്‍റെ വെളിച്ചത്തിൽ കണ്ട മൃഗം പുലി ആണെന്ന സംശയത്തിലാണ് എരുമേലി കെഎസ്ആർടിസി സെന്‍ററിലെ ബസ് ഡ്രൈ വർ ബെന്നി ജോസഫും കണ്ടക്ടർ മനോജും. ബസ് നിർത്തി നാട്ടുകാരിൽ ചിലരെ ഈ സംശയം അറിയിച്ച ശേഷം ഭീതി വേണ്ടെന്നും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നൽകി ഇവർ യാത്ര തുടരുകയായിരുന്നു. കോട്ടയം മെഡിക്കൽ കോളജിലേക്കുള്ള ബസ് എരുമേലി – കണമല -തുലാപ്പള്ളി -നാറാണംതോട് റൂട്ടിലേക്ക് എരുമേലിയിൽ നിന്നു പു ലർച്ചെ നാലിന് ആദ്യ സർവീസ് ആരംഭിച്ച് കണമല ഇറക്കത്തിലെ രണ്ടാമത്തെ വളവി ലെത്തുമ്പോളാണ് മൃഗത്തെ കണ്ടതെന്ന് ഇവർ പറയുന്നു.
ബസിൽ യാത്രക്കാർ ഇല്ലായി രുന്നു. ഹെഡ് ലൈറ്റിന്‍റെ വെളിച്ചത്തിലാണ് റോഡിന് കുറു കെ മൃഗത്തെ ഡ്രൈവർ ബെന്നി കണ്ടത്. പുലി ആണെന്ന് ബെന്നി ഉറക്കെ വിളിച്ച് പറയു ന്നത് കേട്ടാണ് താനും മൃഗത്തെ കണ്ടതെന്ന് കണ്ടക്ടർ മനോജ്‌ പറഞ്ഞു. ബസ് നിർത്തു മ്പോഴേക്കും റോഡിന്‍റെ മറുവശത്തെ ക്രാഷ് ബാരിയർ ഉയരത്തിൽ ചാടി മറികടന്ന് മൃഗം ഓടി മറഞ്ഞിരുന്നു. ഉയരത്തിൽ ചാടിയതും പുലിയുടെ തരം വാൽ വ്യക്തമായി കണ്ടതും ഒപ്പം നീളമുള്ള കാലുകളും മൃഗം പുലി തന്നെയാണെന്ന സംശയം ഇവരിൽ നിറഞ്ഞു. സമീപത്തെ വീട്ടുകാരെ വിളിച്ചുണർത്തി ശ്രദ്ധ വേണമെന്ന മുന്നറിയിപ്പ് നൽകിയെന്ന് ഇവർ പറഞ്ഞു. കഴിഞ്ഞയിടെ സമീപപ്രദേശമായ ഇടകടത്തി പാറക്കടവ് ഭാഗത്ത് പുലിയുടേതിന് സമാനമായ കാൽപ്പാടുകൾ മണ്ണിൽ കണ്ടതിനെ തുടർന്ന് വനപാലകർ പരിശോധന നടത്തിയിരുന്നു.
എന്നാൽ, പുലി ആണെന്ന് സ്ഥിരീകരിക്കാനായില്ല. ശബരിമല വനമേഖലയോട് ചേർന്നുകിടക്കുന്ന പ്രദേശമാണ് കണമലയും പാറക്കടവും പരിസരങ്ങളും. ആന, കാട്ടുപോത്ത്, പന്നി, കുരങ്ങൻ, രാജവെമ്പാല എന്നിവയല്ലാതെ പുലി, കടുവ തുടങ്ങിയ വന്യമൃഗങ്ങളുടെ സാന്നിധ്യം അടുത്തകാലത്തൊന്നും ഉണ്ടായിട്ടില്ലെന്ന് വനപാലകർ പറയുന്നു. ഭീതി വേണ്ടെന്നും ജാഗ്രതയും ശ്രദ്ധയും വേണമെന്നും ഇവർ പറയുന്നു. <br> വന്യമൃഗങ്ങളുടെ സാന്നിധ്യം പെട്ടെന്ന് തിരിച്ചറിയാവുന്നത് വളർത്തു നായകൾക്കാണെന്നും നായകൾ കുരച്ച് ശബ്ദമുണ്ടാക്കുമ്പോൾ പ്രത്യേകത തോന്നിയാൽ ജാഗ്രതയോടെ ശ്രദ്ധിക്കണമെന്നും ചിലർ പറയുന്നു. അതേസമയം സംശയവും ഭീതിയും പരിഹരിക്കാൻ വനം വകുപ്പ് പരിശോധന നടത്തണമെന്ന് ആവശ്യം ഉയർന്നിട്ടുണ്ട്.