പാറത്തോട്: പഞ്ചായത്ത് പ്രസിഡന്റ് ജോളി ഡൊമിനിക് രാജി സമര്‍പ്പിച്ചു. കേരള കോണ്‍ഗ്രസ് അംഗമായ ജോളി ഡൊമിനിക് രാജി വയക്കില്ലെന്നും അഞ്ച് വര്‍ഷം ഭരിക്കുമെന്നുമായിരുന്നു നിലപാട് അറിയിച്ചിരുന്നത്. എന്നാല്‍ പാര്‍ട്ടിക്കുള്ളില്‍ നിന്നും ഇതിനെ ശക്തമായി എതിര്‍ത്തിരുന്നു. 
പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന് ജോളി ഡൊമിനിക് തുടരുന്നതിനോട് താത്പര്യം ഇല്ലായിരുന്നു. ഇത് ജോളി ഡൊമിനിക് മാധ്യമങ്ങളെ അരിയിക്കുകയും ചെയ്തിരുന്നു. മണ്ഡലം കമ്മറ്റിയും മുന്നണിയിലെ വാര്‍ഡംഗങ്ങളും തനിക്ക് വേണ്ടത്ര പിന്തുണ നല്‍കിയിരുന്നില്ലാന്നാണ് പ്രസിഡന്റ് അറിയിച്ചത്.

മുന്‍ധാരണ പ്രകാരം മൂന്ന് വര്‍ഷം കേരള കോണ്‍ഗ്രസിനും രണ്ട് വര്‍ഷം കോണ്‍ഗ്രസിനുമാണ്. പ്രസിഡന്റ് സ്ഥാനം രണ്ട് വര്‍ഷം കേരള കോണ്‍ഗ്രസിലെ ജോളി ഡൊമിനികിനും തുടര്‍ന്നുള്ള ഒരു വര്‍ഷം ജയ ജേക്കബിനും ആണ്. രാജി സമര്‍പ്പിക്കാന്‍ ജോളി ഡൊമിനിക് തയ്യാറാകാത്തതിനെ തുടര്‍ന്ന് കേരള കോണ്‍ഗ്രസിനുള്ളില്‍ പ്രതിഷേധമുയര്‍ന്നിരുന്നു.

നിയോജക മണ്ഡലം പ്രസിഡന്റ് മജു പുളിക്കല്‍, ജില്ലാ സെക്രട്ടറി ജോണിക്കുട്ടി മഠത്തിനകം, സെബാസ്റ്റിയന്‍ കുളത്തുങ്കല്‍, ജോളി മടുക്കക്കുഴി, തോമസ് കട്ടയ്ക്കന്‍ എന്നിവരുമായി ബുധനാഴ്ച നടത്തിയ ചര്‍ച്ചയിലാണ് ജോളി ഡൊമിനിക് രാജി സന്നദ്ധത അറിയിച്ചത്. ജോളി ഡൊമിനികിന്റെ കാലാവധി കഴിഞ്ഞ 19ന് അവസാനിച്ചിരുന്നു.