കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച പ്ലാസ്റ്റിക് ഷ്രഡ്ഡിംഗ് യൂണിറ്റിന്റെ പ്രവർത്തനം പ്രതിസന്ധിയിൽ.പ്ലാസ്റ്റിക് ശേഖരിച്ചെത്തിക്കുന്നതിൽപഞ്ചായത്തുകളുടെ വേണ്ടത്ര സഹകരണമില്ലാത്തതാണ് പ്രശ്നങ്ങൾക്ക് കാരണം.

പ്ലാസ്റ്റിക് മൂലമുണ്ടാകുന്ന മലിനീകരണം തടയുക എന്ന ലക്ഷ്യം മുൻനിർത്തി കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്ത് ആരംഭിച്ച പ്ലാസ്റ്റിക് ഷ്രഡ്ഡിംഗ് യൂണിറ്റിന്റെ പ്രവർത്തനം പ്രതിസന്ധിയിൽ. പഞ്ചായത്തുകൾ പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ച് എത്തിക്കാത്തതാണ് ഷ്രഡ്ഡിംഗ് യൂണിറ്റിന്റെപ്രവർത്തനംപ്രതിസന്ധിയിലാകാൻ കാരണം. ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിൽ ഏഴ് പഞ്ചായത്തുകൾ ഉണ്ടെന്നിരിക്കെ നിലവിൽ ഷ്രഡ്ഡിംഗ് യൂണിറ്റിലേയ്ക്ക്പ്ലാസ്റ്റിക്ശേഖരിച്ചെത്തിച്ചത് കാഞ്ഞിരപ്പളളിയും പാറത്തോടും ഉൾപ്പെടെ രണ്ട് പഞ്ചായത്തുകൾ മാത്രമാണ്. ഈ പഞ്ചായത്തുകളിലും പക്ഷേ എല്ലാ വാർഡുകളിലും പ്ലാസ്റ്റിക് ശേഖരണം കൃത്യമായി നടന്നിട്ടില്ല.മറ്റ് പഞ്ചായത്തുകൾ ഒന്നും പദ്ധതിയുമായി സഹകരിക്കാൻ ഇതുവരെ തയ്യാറായിട്ടില്ല. എരുമേലി പഞ്ചായത്താവട്ടെ സ്വന്തമായി ഷ്രഡ്ഡിംഗ് യൂണിറ്റ് സ്ഥാപിക്കുകയും ചെയ്തു. മണിക്കൂറിൽ നൂറു കിലോ വരെ പ്ലാസ്റ്റിക് തരികളാക്കാൻ കഴിയുന്ന ഷ്രഡ്ഡിംഗ് യൂണിറ്റാണ് ബ്ലോക്ക് പഞ്ചായത്തിലേത്.ഒക്ടോബർ രണ്ടിന് ആരംഭിച്ച ഷ്രഡ്ഡിംഗ് യൂണിറ്റിൽ നിലവിൽ നാനൂറ് കിലോ പ്ലാസ്റ്റിക് മാത്രമാണ് പൊടിച്ച് തരികളാക്കാൻ ഇതുവരെകഴിഞ്ഞത്.അതായത് ഷ്രഡ്ഡിംഗ് യൂണിറ്റ് പ്രവർത്തനമാരംഭിച്ച് ആഴ്ചകൾ കഴിഞ്ഞിട്ടും നാലു മണിക്കൂർ മാത്രമാണ് ഇത്
പ്രവർത്തിച്ചതെന്ന് ചുരുക്കം. ഷ്രഡ്ഡിംഗ് യൂണിറ്റിന്റെ പ്രവർത്തനത്തിനായി കുടുംബശ്രീയിൽ നിന്നും നിയമിച്ച നാലു ജീവനക്കാരും പൊടിക്കാനായി പ്ലാസ്റ്റിക്ക് എത്താത്തതുമൂലം പണിയില്ലാത്ത അവസ്ഥയിലാണ്.

 

കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് 2017 – 18 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പതിനൊന്ന് ലക്ഷത്തിലധികം രൂപ മുതൽ മുടക്കിയാണ് ഷ്രഡ്ഢിംഗ് യൂണിറ്റും, ബെയിലിംഗ് യൂണിറ്റും സ്ഥാപിച്ചത്. എല്ലാ പഞ്ചായത്തുകളിലും പദ്ധതിയുടെ ഭാഗമായി ഓരോ വാർഡും കേന്ദ്രീകരിച്ച് ഹരിതകർമസേന എന്ന പേരിൽ രണ്ട് പേരെ നിയോഗിച്ച് പ്ലാസ്റ്റിക് കൂടുകളും കുപ്പികളും ശേഖരിക്കുവാനായിരുന്നു പദ്ധതി. ബ്ലോക്ക് പഞ്ചായത്തിലെ ഷ്രഡ്ഢിംഗ് യൂണിറ്റിലെത്തിക്കുന്ന കൂടുകൾ തരികളാക്കി മാറ്റുകയും പ്ലാസ്റ്റിക് കുപ്പികൾ പ്രസ് ചെയ്ത് റീസൈക്കിളിംഗിനായി ക്ലീൻ കേരളയ്ക്ക് കൈമാറാനുമാണ് ലക്ഷ്യമിട്ടിരുന്നത്. എന്നാൽ പഞ്ചായത്തുകളുടെ നിസഹകരണം മൂലം പദ്ധതിയുടെ പ്രവർത്തനം മുന്നോട്ട് കൊണ്ടു പോകുവാൻ കഴിയാത്ത പ്രതിസന്ധിയിലാണ് ഇപ്പോൾ ബ്ലോക്ക് പഞ്ചായത്ത്.