സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തോടെ ജോസഫും മാണിയും തമ്മിൽ തെറ്റിയതോടെ കേരളാ കോൺഗ്രസിൽ പിളര്‍പ്പ് ഉറപ്പായി. വര്‍ക്കിംഗ് പ്രസിഡന്‍റെന്ന നിലയിൽ ലോക് സഭാ സീറ്റ് ആവശ്യപ്പെട്ടിട്ടും വഴങ്ങാത്ത കെഎം മാണിയുടെ നിലപാടുമായി ഇനി ഒത്ത് പോകാൻ കഴിയില്ലെന്ന ഉറച്ച തീരുമാനത്തിലാണ് പിജെ ജോസഫും സംഘവും. കോൺഗ്രസ് നേതൃത്വത്തെ കണ്ട് അനുനയ നീക്കങ്ങൾക്ക് പിജെ ജോസഫ് പരമാവധി ശ്രമിച്ചെങ്കിലും തോമസ് ചാഴിക്കാടനെ സ്ഥാനാര്‍ത്ഥിയാക്കി മുന്നോട്ട് പോകാൻ ഉറപ്പിച്ച മാണി വിഭാഗം കോട്ടയത്ത് തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിക്കഴിഞ്ഞു.

കോട്ടയവും ഇടുക്കിയും വച്ച് മാറുന്നതടക്കം കോൺഗ്രസ് നേതാക്കളുടെ അനുനയ നീക്കങ്ങളും ഇതോടെ പ്രതിസന്ധിയിലായി. ജോസഫിനോട് അനുഭാവമുണ്ടെങ്കിലും ഒന്നും ചെയ്യാനാകാത്ത സാഹചര്യത്തിലാണ് മുന്നണി നേതൃത്വം. സ്ഥാനാര്‍ത്ഥിയാകണമെന്ന ആവശ്യം ആദ്യമൊക്കെ എതിര്‍ക്കുമെങ്കിലും അവസാനം കെഎം മാണി വഴങ്ങുമെന്നായിരുന്നു പിജെ ജോസഫിന്‍റെ കണക്ക് കൂട്ടൽ . അത് ഉണ്ടായില്ലെന്ന് മാത്രമല്ല അപമാനിച്ചിറക്കിവിട്ടെന്ന വികാരവും ജോസഫ് വിഭാഗം നേതാക്കളുടെ മനസ്സിൽ വലിയ മുറിവേൽപ്പിച്ചിട്ടുണ്ട്. ഇനി ഒന്നിച്ച് പോകാനാകില്ലെന്ന ഉറച്ച തീരുമാനത്തിലാണ് പിജെ ജോസഫ് പക്ഷം.

കേരളാ കോൺഗ്രസിൽ നിന്ന് അടര്‍ന്ന് മാറി പിജെ ജോസഫ് പ്രത്യേക പാര്‍ട്ടിയായാൽ കൂറ് മാറ്റമടക്കമുള്ള ഭീഷണികളുണ്ട്. അതുണ്ടാകാതിരിക്കണമെങ്കിൽ ഒന്നുകിൽ ജോസഫിനെ പുറത്താക്കാൻ മാണി തയ്യാറാകണം. അതല്ലെങ്കിൽ ജോസഫ് വിഭാഗം പ്രത്യേക ബ്ലോക്കായി യുഡിഎഫിൽ തുടരുന്നതിനെ എതിര്‍ക്കാതിരിക്കണം. അതു കൊണ്ടു തന്നെ ഇരുവരെയും ഒരുമിച്ച് കൊണ്ടു പോകാനാകാത്ത സാഹചര്യത്തിൽ, നിയമ പ്രശ്നങ്ങളുണ്ടാക്കാത്ത വിധം ജോസഫിന് അനുകൂലമായി കെഎം മാണിയെ അനുനയിപ്പിക്കുക എന്ന വലിയ ഉത്തരവാദിത്തമാണ് യുഡിഎഫ് നേതാക്കൾക്ക് മുന്നിലുള്ളത്.

അതേസമയം ജോസഫ് പിളര്‍ന്ന് മാറിയാൽ നേതാക്കളും അണികളും അടക്കം വലിയൊരു വിഭാഗം വിട്ട് പോയേക്കുമെന്ന ആശങ്കയും കെ എംമാണിയെ അലട്ടുന്നുണ്ട്. ജോസഫിന് സീറ്റ് നൽകി പ്രശ്നം പരിഹരിക്കാത്തതിൽ ജോസ് കെ മാണിയടക്കം നേതാക്കൾക്കെതിരെ കടുത്ത വിമര്‍ശനവുമായി യൂത്ത് ഫ്രണ്ട് അടക്കം രംഗത്തെത്തി കഴിഞ്ഞു. എംഎൽഎമാരും മുതിര്‍ന്ന നേതാക്കളും വരെ ജോസഫിനോട് അനുഭാവം പ്രകടിപ്പിക്കുന്ന സാഹചര്യം കൂടി ഓര്‍മ്മിപ്പിച്ചാകും യുഡിഎഫ് നേതാക്കളുടെ അനുനയ ചര്‍ച്ച