കാഞ്ഞിരപ്പള്ളി തമ്പലക്കാട് മേഖലകളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്ക് അയവ് വരുത്തുവാനായാണ് കോട്ടയം എ.ഡി.എം കെ. രാജന്റെ അധ്യക്ഷതയില്‍ കാഞ്ഞിരപ്പള്ളി ഡി.വൈ.എസ്.പി ഓഫീസില്‍ നടന്ന യോഗം ചേര്‍ന്നത്. സി.പി.എം,ബി.ജെ.പി ആര്‍ എസ് എസ് പ്രാദേശിക നേതാക്കള്‍ പങ്കെടുത്ത യോഗത്തില്‍ സമാധാനം പുന:സ്ഥാപിക്കാന്‍ ധാരണയായി.ഇരു പാര്‍ട്ടികളുടെയും ഭാഗത്ത് നിന്ന് ഇനി സംഘര്‍ഷം ഉണ്ടാകാതിരിക്കാനുള്ള എല്ലാ നടപടികള്‍ക്കും യോഗം പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചു.

നിലവില്‍ ഉള്ള കേസുകളില്‍ പോലീസ് അന്വേഷണത്തോട് ഇരു പാര്‍ട്ടികളും സഹകരി ക്കും. സി.പി.എം പാര്‍ട്ടി ഓഫീസിന് തീയിടാന്‍ ശ്രമിച്ച സംഭവത്തിലടക്കം ഊര്‍ജിതമാ യി അന്വേഷണം നടത്തി പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരും. പ്രദേശത്ത് സമാധാന അന്തരീക്ഷം നിലനിര്‍ത്തുന്നതിന്റെ ഭാഗമായി വരുന്ന രണ്ടാഴ്ച്ചക്കാലം ഇരു പാര്‍ട്ടികളും പ്രകോപന പരമായ പ്രസംഗങ്ങളോ പൊതുസമ്മേളനങ്ങളോ പ്രതിഷേധ പ്രകടനങ്ങളോ നടത്തെരുതെന്നും യോഗത്തില്‍ തീരുമാനമായി. 
കെടി മരങ്ങളും ഫ്ളെക്സ് ബോര്‍ഡുകളും നശിപ്പക്കുന്ന പ്രവണത ഒഴിവാക്കുവാനും ഈ തീരുമാനം താഴെത്തട്ടിലുള്ള അണികളിലേക്ക് എത്തിക്കുവാനും യോഗം തീരുമാനിച്ചു. യോഗത്തില്‍ സി.പി.എം നേതാക്കളായ ഏരിയ സെക്രട്ടറി കെ. രാജേഷ്, ജില്ലാ കമ്മറ്റിയംഗങ്ങളായ പി.എന്‍ പ്രഭാകരന്‍, വി.പി ഇബ്രാഹിം, വി.പി ഇസ്മായില്‍, പി. ഷാനവാസ്, ലോക്കല്‍ സെക്രട്ടറി ഷെമിം അഹമ്മദ് എന്നിവരും ബി.ജെ.പിയെ പ്രതിനിധീകരിച്ച് മണ്ഡലം പ്രസിഡന്റ് വി.എന്‍ മനോജ്, ജനറല്‍ സെക്രട്ടറി എസ്. മിഥുല്‍, ആര്‍.എസ്.എസ് താലൂക്ക് കാര്യവാഹക് എ.ബി ഹരിലാല്‍,എന്നിവരും പങ്കെടത്തു.

തഹസില്‍ദാര്‍ ജോസ് ജോര്‍ജ്, ഡി.വൈ.എസ്.പി ഇമ്മാനുവേല്‍ പോള്‍, ഇന്‍സപെക്ടര്‍മാരായ ഷാജു ജോസ്, സി. ആര്‍ പ്രമോദ്, എസ്.ഐ എ.എസ് അന്‍സില്‍ എന്നിവര്‍ യോഗത്തിന് നേതൃത്വം നല്‍കി.