മുണ്ടക്കയം: പൂഞ്ഞാര്‍ നിയോജക മണ്ഡലത്തിലെ മികവിന്റെ കേന്ദ്രമായി അന്താരാഷ്ട്ര നിലവാരത്തിലേക്ക് മുരിക്കുംവയല്‍ ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മാറുന്നു. ഈ പദ്ധതിക്കായി സര്‍ക്കാര്‍ ഏജന്‍സിയായ കിറ്റ്കോ കണ്‍സള്‍ട്ട ന്റാ യി തയാറാക്കി നല്‍കിയ 5.20 കോടി രൂപയുടെ പ്രവൃത്തികള്‍ക്ക് കിഫ്ബി ഡയറക്ടര്‍ ബോര്‍ഡിന്റെ അംഗീകാരം ലഭിച്ചതായി പി.സി. ജോര്‍ജ് എംഎല്‍എ അറിയിച്ചു.

പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി നിയോജക മണ്ഡലത്തിലെ ഒരു ഗവണ്‍മെന്റ് സ്‌കൂളിനെ മികവിന്റെ കേന്ദ്രമായി ഉയര്‍ത്തുന്ന ഈ പദ്ധതിയില്‍ അതാത് നിയോജക മണ്ഡലത്തിലെ ഒരു ഗവണ്‍മെന്റ് സ്‌കൂളിനെ എംഎല്‍എമാര്‍ക്ക് നിര്‍ദേശി ക്കാം. 
ഏറ്റവും കൂടുതല്‍ പട്ടിക ജാതി – പട്ടിക വര്‍ഗ വിദ്യാര്‍ഥികള്‍ പഠനം നടത്തുന്ന സ്‌കൂള്‍ എന്ന നിലയിലാണ് പൂഞ്ഞാര്‍ നിയോജകമണ്ഡലത്തില്‍ നിന്ന് മുരിക്കുംവയല്‍ സ്‌കൂളിനെ ഉള്‍പ്പെടുത്തുവാന്‍ നിര്‍ദേശിച്ചതെന്ന് എംഎല്‍എ അറിയിച്ചു.

വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറിക്കും ഹൈസ്‌കൂളിനുമായി പുതിയ ബ്ലോക്കിന്റെ നിര്‍മാണം, നിലവിലുള്ള ബ്ലോക്കുകളുടെ നവീകരണം, ക്ലാസ് മുറികളുടെ നവീകരണം, സയന്‍സ്, കംപ്യൂട്ടര്‍ ലാബുകളില്‍ കൂടുതല്‍ സൗകര്യങ്ങള്‍, പാചകപ്പുരയുടെയും ഊണുമുറിയുടെയും നിര്‍മാണം, കൂടുതല്‍ ശൗചാല്യയങ്ങളുടെ നിര്‍മാണം, ജൈവ വൈവിധ്യ ഉദ്യാനം, കായിക മേഖലയില്‍ കൂടുതല്‍ അടിസ്ഥാന സൗകര്യവികസനം എന്നിവ പദ്ധതിയുടെ ഭാഗമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച ഉടന്‍ തന്നെ നിര്‍മാണ പ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിയുമെന്നും അദ്ദേഹം അറിയിച്ചു.