കൂവപ്പള്ളിയിൽ മധ്യവയസ്കനെ കഞ്ചാവ് സംഘം നടുറോഡിൽ ആക്രമിച്ചു. കൂവപ്പള്ളി പേഴുംത്താനം പി.എം. ജോബി (46) യെയാണ് ഇരുപതോളം യുവാക്കൾ ചേർന്ന് മര്‍ദിച്ചത്. 24ന് രാത്രി 9.30 ഓടെയായിരുന്നു സംഭവം. കൂവപ്പള്ളിയിൽ ജംഗ്ഷനിൽ നിന്ന ആക്രമസംഘങ്ങൾക്കിടയിലേക്ക് ആരോ പടക്കം പൊട്ടിച്ചിടുകയും അത് താനാണെന്ന് പറഞ്ഞ് യുവാക്കൾ ആക്രമിക്കുകയുമായിരുന്നുവെന്ന് ജോബി പറഞ്ഞു. മർദന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയ യുവാക്കൾ ഇത് നവമാധ്യമങ്ങളിലും റീൽസായും പ്രചരിപ്പിച്ചതോടെയാണ് നാട്ടുകാർ അറിയുന്നത്. പരിക്കേറ്റ ജോബി കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. പരാതിയുടെ അടിസ്ഥാനത്തിൽ കാഞ്ഞിരപ്പള്ളി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സമീപ പ്രദേശത്തെ യുവാക്കളാണ് മര്‍ദിച്ചതെന്നാണ് ജോബി പോലീസിന് മൊഴി നൽകിയിരിക്കുന്നത്. വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷം പ്രതികളെ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് പറഞ്ഞു.