കേരള കോൺഗ്രസ‌് (എം) ചെയർമാനും മുൻമന്ത്രിയുമായ കെ എം മാണി അന്തരിച്ചു. 86 വയസായിരുന്നു. കൊച്ചി ലേക്ക‌്ഷോർ ആശുപത്രിയിൽ 4 മണിയോടെയായിരുന്നു മരണം. ശ്വാസകോശത്തിലെ അണുബാധ മൂലം ഏപ്രിൽ ആദ്യം മുതൽ എറണാകുളത്ത‌് ചികിത്സയിലായിരുന്നു.

തോൽവിയറിയാതെ ഒരേ മണ്ഡലത്തിൽ നിന്ന‌് നിയമസഭയിൽ അരുനൂറ്റാണ്ട‌് തികച്ച നേതാവാണ‌് മാണി. പാലാ മരങ്ങാട്ടുപള്ളി കരിങ്ങോഴയ‌്ക്കൽ തോമസ‌് മാണിയുടെയും ഏലിയാമ്മയുടെയും മകനായി 1933 ജനുവരി 30 നാണ‌്  ജനനം. സ‌്കൂൾ വിദ്യാഭ്യാസം മരങ്ങാട്ടുപള്ളി, കടപ്ലാമറ്റം, കുറവിലങ്ങാട‌്, പാലാ എന്നിവിടങ്ങളിൽ. തൃശ്ശിനാപ്പള്ളി സെന്റ‌് ജോസഫ‌്‌സ‌്, തേവര സേക്രഡ‌് ഹാർട്ട‌് എന്നീ കോളേജുകളിലായി സർവകലാശാ ലാ വിദ്യാഭ്യാസം പൂർത്തിയാക്കി. മദ്രാസ‌് ലോ കോളേജിൽ നിന്ന‌് 1955 -ൽ നിയമ ബിരു ദം നേടി. മദ്രാസ‌് ഹൈക്കോടതിയിൽ 1956 ൽ എൻറോൾ ചെയ‌്തു. പിൽക്കാലത്ത‌് ഹൈ ക്കോടതി ജഡ‌്ജിയായ അഡ്വ. പി ഗോവിന്ദ മേനോന്റെ ജൂനിയറായി കോഴിക്കോട‌് ജില്ലാ കോടതിയിൽ പ്രാക്ടീസ‌് ആരംഭിച്ചു.

പാലാ സബ‌്കോർട്ടിലും കോട്ടയം ജില്ലാ കോടതിയിലും പ്രാക്ടീസ‌് ചെയ‌്തിട്ടുണ്ട‌്. 1958 -ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിലൂടെ രാഷ‌്ട്രീയ രംഗത്തേക്ക‌്. കെപിസിസി അംഗവും കോട്ടയം ജില്ലാ ജനറൽ സെക്രട്ടറിയുമായി. 1964 -ൽ കോൺഗ്രസിൽ നിന്ന‌് തെറ്റിപ്പിരിഞ്ഞ‌് മുതിർന്ന നേതാക്കൾ രൂപീകരിച്ച കേരളാ കോൺഗ്രസ‌് പാർടിയിലെത്തി. പിന്നീട‌് കേരള കോൺഗ്രസിന്റെ അനിഷേധ്യ നേതൃനിരയിലേക്കും.1979ൽ പാർടിയിൽ ആദ്യ ചേരിതി രിവ‌്. പി ജെ ജോസഫുമായി തെറ്റി. കെ എം മാണിയുടെ നേതൃത്വത്തിൽ കേരള കോൺഗ്ര സ‌് എം രൂപീകൃതമായി. അന്നുമുതൽ ഇന്നുവരെ പാർടിയുടെ ചെയർമാൻ. ഇക്കാലത്തി നിടെ പല പിളർപ്പുകളും ലയനങ്ങളും പാർടി കണ്ടു. വ്യക്തി പാർടിയെന്ന വിമർശനം നേരിടാൻ ‘അധ്വാനവർഗ സിദ്ധാന്തം’ രചിച്ച‌് ആശയാവിഷ‌്ക്കാരം നൽകാനും അദ്ദേഹം ശ്രമിച്ചു.

പാലാ നിയമസഭാ നിയോജക മണ്ഡലം നിലവിൽ വന്ന 1965 -നു  ശേഷം നടന്ന എല്ലാ തെ രഞ്ഞെടുപ്പുകളിലും പാലായുടെ എംഎൽഎ ആയി. തുടർച്ചയായി 54 വർഷം പാലായെ പ്രതിനിധീകരിച്ചു. രാജ്യത്തെ നിയമസഭകളുടെ ചരിത്രത്തിലെ തന്നെ റെക്കോഡാണിത‌്. അടിയന്തരാവസ്ഥക്കാലത്ത‌് 1975 -ൽ സപ‌്തകക്ഷി മുന്നണിയുടെ ഭാഗമായി ആദ്യമായി മന്ത്രിയായി. 1980 -ൽ ഇ കെ നായനാർ മന്ത്രിസഭയിൽ ധനകാര്യമന്ത്രിയായി. പിന്നീട‌് ആ സ്ഥാനത്തും റെക്കോർഡ‌്. ഏറ്റവും കൂടുതൽ ബജറ്റുകൾ അവതരിപ്പിച്ച ധന മന്ത്രിയെന്ന റെക്കോർഡ് പേരുനേടി. 13 എണ്ണം. കൈവയ‌്ക്കാത്ത വകുപ്പുകൾ അപൂർവ്വം.

ആഭ്യന്തരം, നിയമം, റവന്യു, ജലസേചനം, വൈദ്യുതി, നഗര വികസനം, ഇൻഫർമേഷ ൻ, ഹൗസിങ‌് തുടങ്ങിയ വകുപ്പുകൾ കൈകാര്യം ചെയ‌്തു. കേരളത്തിൽ ഏറ്റവുമധിക കാലം മന്ത്രിയായിരുന്നതും കെ എം മാണിയാണ‌്.നാലുതവണ ലോകപര്യടനം നടത്തി. പൊതുപ്രവർത്തകനുള്ള വി പി മേനോൻ അവാർഡ‌് രാഷ‌്ട്രപതി കെ ആർ നാരായണനി ൽനിന്ന‌് ഏറ്റുവാങ്ങിയിട്ടുണ്ട‌്. ഇന്ത്യൻ നാഷണൽ ഫ്രണ്ട‌്ഷിപ്പ‌് അവാർഡ‌്, ജർമൻ മലയാ ളി അസോസിയേഷൻ അവാർഡ‌് തുടങ്ങി എണ്ണമറ്റ പുരസ‌്കാരങ്ങൾ നേടി. “ജനക്ഷേമം ജനങ്ങളുടെ അവകാശം’, “കാർഷിക സമ്പദ‌്ഘടനയും കേരളവും’, “വികസനവും വിഭവ ശേഷിയും’ ‌എന്നീ പുസ‌്തകങ്ങൾ എഴുതി.

1967 മുതൽ നിയമസഭയിൽ നടത്തിയ പ്രസംഗങ്ങൾ “കെ എം മാണിയുടെ നിയമസഭാ പ്ര സംഗങ്ങൾ’ എന്ന പേരിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട‌്. ഭാര്യ: കുട്ടിയമ്മ, മക്കൾ: ജോസ‌് കെ മാണി എംപി, എൽസമ്മ, സാലി, ആനി, ടെസ്സി, സ‌്മിത മരുമക്കൾ: നിഷ ജോസ‌് കെ മാണി, ഡോ. തോമസ‌് കവലയ‌്ക്കൽ (ചങ്ങനാശ്ശേരി), എം പി ജോസഫ‌് (തൃപ്പൂണിത്തറ- മുൻ തൊഴിൽവകുപ്പ‌് സെക്രട്ടറി), ഡോ. സേവ്യർ ഇടയ‌്ക്കാട്ടുകുടി (എറണാകുളം), ഡോ. സുനിൽ ഇലവനാൽ (കോഴിക്കോട‌്), രാജേഷ‌് കുരുവിത്തടം.