മമ്മൂട്ടിയെ നായകനാക്കി, വൈശാഖ് ഒരുക്കിയ മധുരരാജ തീയേറ്ററില്‍ പ്രദര്‍ശനത്തിന് എത്തി. 2010ല്‍ പ്രദര്‍ശനത്തിന് എത്തിയ പോക്കിരിരാജയുടെ രണ്ടാം ഭാഗമായിട്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. തീയേറ്ററില്‍ ഓളം ഉണ്ടാക്കുന്ന ചിത്രമാണ് എന്നാണ് ആരാധകരുടെ പ്രതികരണം. ഒരു മാസ് എന്റര്‍ടെയനറായിട്ടാണ് വൈശാഖ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന് ആരാധകരില്‍ നിന്ന് പ്രതികരണം വരുന്നു.

മമ്മൂട്ടിയുടെ കഴിഞ്ഞ പത്ത് വര്‍ഷത്തെ ബോക്‌സ്ഓഫീസ് വിജയങ്ങളില്‍ പ്രധാനപ്പെട്ട ഒന്നായിരുന്നു 2010ല്‍ പുറത്തെത്തിയ ‘പോക്കിരിരാജ’. ജനപ്രിയ ചിത്രങ്ങളുടെ സംവിധായകനായി പിന്നീട് എണ്ണപ്പെട്ട വൈശാഖിന്റെ അരങ്ങേറ്റ ചിത്രം. തെലുങ്കിലും തമിഴിലും എത്തിക്കൊണ്ടിരുന്ന സൂപ്പര്‍താര ചിത്രങ്ങളില്‍ മലയാളികള്‍ കണ്ട് കൈയടിക്കുന്നതും എന്നാല്‍ മലയാളസിനിമയില്‍ സംവിധായകര്‍ പരീക്ഷിക്കാന്‍ ധൈര്യപ്പെടാത്തുമായ അതിഭാവുകത്വം കലര്‍ന്ന മാസ് ഫോര്‍മുലാ ഘടകങ്ങള്‍ പരീക്ഷിച്ചു എന്നതായിരുന്നു പോക്കിരിരാജയുടെ പുതുമ. ഒന്‍പത് വര്‍ഷത്തിനിടെ മലയാളസിനിമ ഭാവുകത്വപരമായി ചില മാറ്റങ്ങളൊക്കെ കൈവരിച്ച ഘട്ടത്തിലാണ് ‘രാജ’യുടെ രണ്ടാംവരവ്. ഒരു എന്റര്‍ടെയ്‌നര്‍ ചിത്രം എന്നതിനപ്പുറം അണിയറപ്രവര്‍ത്തകരുടേതായി ഒരു തരത്തിലുള്ള അവകാശവാദങ്ങളും ഇല്ലാതെയാണ് ‘മധുരരാജ’ തീയേറ്ററുകളിലെത്തിയിരിക്കുന്നത്. പ്രേക്ഷകാഭിരുചിയിലും ചില മാറ്റങ്ങളൊക്കെ വന്നിരിക്കുന്നുവെന്ന് വിലയിരുത്തപ്പെടുന്ന കാലത്ത് രാജയുടെ രണ്ടാംവരവ് പ്രേക്ഷകരെ രസിപ്പിക്കുമോ?

‘പോക്കിരിരാജ’യുടെ തുടര്‍ച്ചയാവില്ല ‘മധുരരാജ’യെന്ന് സംവിധായകന്‍ പറഞ്ഞിരുന്നു. മറിച്ച് രാജയും രാജയ്‌ക്കൊപ്പമുണ്ടായിരുന്ന ചില കഥാപാത്രങ്ങളും ആവര്‍ത്തിക്കുന്ന പുതിയ പ്ലോട്ട് ആണ് ചിത്രത്തിന്. രാജയുടെ അച്ഛന്‍ മാധവന്‍ നായരും (നെടുമുടി വേണു) അമ്മാവന്‍ കൃഷ്ണനും (വിജയരാഘവന്‍) പൊലീസ് കമ്മീഷണര്‍ രാജേന്ദ്ര ബാബുവും (സിദ്ദിഖ്) സലിം കുമാറിന്റെ നോവലിസ്റ്റ് മനോഹരന്‍ മംഗളോദയവുമൊക്കെ ആവര്‍ത്തിക്കുന്ന ചിത്രത്തില്‍ പ്രധാന അസാന്നിധ്യം അനിയന്‍ സൂര്യ നാരായണന്റേതാണ് (പൃഥ്വിരാജ്). എന്നാല്‍ സൂര്യയുടെ റെഫറന്‍സുകള്‍ ഒന്നിലധികം തവണ കടന്നുവരുന്നുണ്ട്. ‘അവന്‍ ഇപ്പോള്‍ സിനിമ സംവിധാനം ചെയ്തുകൊണ്ടിരിക്കുകയാണെ’ന്നാണ് രാജ ഒരിടത്ത് അനിയനെക്കുറിച്ച് പറയുന്നത്.

തീരദേശ കൊച്ചിയിലെ ‘പാമ്പിന്‍ തുരുത്ത്’ എന്ന സാങ്കല്‍പിക ഗ്രാമമാണ് ‘മധുരരാജ’യുടെ കഥാ പശ്ചാത്തലം. പ്രദേശത്തെ രാഷ്ട്രീയ സ്വാധീനമുള്ള മദ്യ മാഫിയയില്‍ നിന്ന് സ്വന്തം കുടുംബാംഗങ്ങള്‍ ചില ഭീഷണികള്‍ നേരിടുമ്പോള്‍ രക്ഷകനായി എത്തുകയാണ് രാജ. സ്വന്തം വ്യാകരണമനുസരിച്ചുള്ള ഇംഗ്ലീഷ് അടക്കം സംഭാഷണ ശൈലിയിലും സ്‌റ്റൈല്‍ സ്‌റ്റേറ്റ്‌മെന്റിലുമൊക്കെ പ്രത്യേകതകളുള്ള ‘പോക്കിരിരാജ’യിലെ അതേ നായകനെ തന്നെയാണ് വൈശാഖ് പുതിയ ചിത്രത്തിലും അവതരിപ്പിച്ചിരിക്കുന്നത്. ഒന്‍പത് വര്‍ഷത്തിന് ശേഷമുള്ള രണ്ടാംവരവിലും രാജയ്ക്ക് മമ്മൂട്ടി നല്‍കുന്ന സ്‌ക്രീന്‍ പ്രസന്‍സ് ഉണ്ട്.

കഥയുടെ പ്രവചനീയ സ്വഭാവമാണ് ‘മധുരരാജ’യുടെ ആസ്വാദനത്തില്‍ പേക്ഷകര്‍ നേരിടുന്ന ഒരു വെല്ലുവിളി. പ്ലോട്ടും കഥാപാത്രങ്ങളും കഥാസന്ദര്‍ഭങ്ങളുമൊക്കെ ഒട്ടേറെ മുന്‍ മാതൃകകളെ ഓര്‍മ്മിപ്പിക്കുന്നതായതിനാല്‍ അപ്രതീക്ഷിതത്വങ്ങള്‍ കുറവാണ്. എഡിറ്റിംഗിലെ വേഗം കൊണ്ടും ഒരു മാസ് ചിത്രത്തിന് അനുയോജ്യമായ പശ്ചാത്തലസംഗീതം (ഗോപി സുന്ദര്‍) കൊണ്ടുമാണ് വൈശാഖ് ഈ പ്രതിസന്ധിയെ മറികടക്കാന്‍ ശ്രമിച്ചിരിക്കുന്നത്. ആ ശ്രമത്തില്‍ അദ്ദേഹം ഒരു പരിധിവരെ വിജയിക്കുന്നുമുണ്ട്. ആദ്യ പകുതിയേക്കാള്‍ എന്‍ഗേജിംഗ് ആണ് ‘പാമ്പിന്‍തുരുത്തി’ലെ തെരഞ്ഞെടുപ്പ് പശ്ചാത്തലമാവുന്ന രണ്ടാംപകുതി. നരേഷന്റെ വേഗതയും ക്ലൈമാക്‌സിലേക്ക് വഴി തുറക്കുന്ന ചില അപ്രതീക്ഷിതത്വങ്ങളുമൊക്കെ രണ്ടാം പകുതിയെ ചലനാത്മകമാക്കുന്നുണ്ട്. പീറ്റര്‍ ഹെയ്ന്‍ ആക്ഷന്‍ കൊറിയോഗ്രഫി നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിലെ ആക്ഷന്‍ സീക്വന്‍സുകള്‍ നായകന്റെ പഞ്ചുകളില്‍ അവസാനിക്കുന്ന ഒന്നല്ല. ജഗപതി ബാബു അവതരിപ്പിക്കുന്ന പ്രതിനായക കഥാപാത്രം പ്രതികാരം നിര്‍വ്വഹിക്കുന്ന വിചിത്ര രീതി ക്ലൈമാക്‌സിനോടടുക്കുമ്പോള്‍ ഒരു നാടകീയത സൃഷ്ടിക്കുന്നുണ്ട്. പബ്ലിസിറ്റിയില്‍ പ്രധാനപ്പെട്ട ഒന്നായിരുന്ന സണ്ണി ലിയോണിന്റെ സാന്നിധ്യം സിനിമയ്ക്ക് പ്രത്യേകിച്ച് ഗുണമൊന്നും ഉണ്ടാക്കുന്നില്ല.

പുലിമുരുകനിലെ തന്റെ ടീമിനെ (തിരക്കഥ-ഉദയ്കൃഷ്ണ, ഛായാഗ്രഹണം-ഷാജികുമാര്‍, സംഗീതം-ഗോപി സുന്ദര്‍, ആക്ഷന്‍ കൊറിയോഗ്രഫി-പീറ്റര്‍ ഹെയ്ന്‍) അതേപടി നിലനിര്‍ത്തിയാണ് വൈശാഖ് മധുരരാജ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണവും സംഗീതവും ആക്ഷനുമൊക്കെ ഒരു മാസ് ചിത്രത്തിന് ചേരുംവിധം ചേര്‍ന്നപ്പോള്‍ ചില പോരായ്മകള്‍ തോന്നിയത് രചനയിലാണ്. അപ്രധാന കഥാപാത്രങ്ങള്‍ പോലും ശ്രദ്ധേയ താരങ്ങള്‍ അവതരിപ്പിച്ചിരിക്കുന്ന ചിത്രത്തിലെ താരബാഹുല്യത്തെ ഫലപ്രദമായി ഉപയോഗിക്കാനായിട്ടില്ല ഉദയ്കൃഷ്ണയ്ക്ക്. എങ്കിലും പ്രീ-റിലീസ് പരസ്യങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് എന്താണോ വാഗ്ദാനം ചെയ്തത് അത് വൃത്തിയായി തീയേറ്ററില്‍ എത്തിച്ചിട്ടുണ്ട് വൈശാഖ്. ‘പോക്കിരിരാജ’യിലെ നായകന്റെ മറ്റൊരു മിഷന്‍ കാണാന്‍ തീയേറ്ററിലെത്തുന്നവരെ അമ്പേ നിരാശരാക്കില്ല ചിത്രം.