കാഞ്ഞിരപ്പള്ളി: റബര്‍ കര്‍ഷകരുടെ നടുവൊടിക്കുന്ന ചിരട്ടപ്പാല്‍ ഇറക്കുമതി വേണ്ടെ ന്നു വയ്ക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടു എന്ന വ്യാജവാര്‍ത്ത നല്‍കി കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ച കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം മാപ്പ് പറയണമെന്ന് കോണ്‍ഗ്രസ് കാഞ്ഞിരപ്പള്ളി ബ്ലോക്ക് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദേശ പ്രകാരം  മുന്‍കൂട്ടി നിശ്ചയിച്ചതിന്റെ അടിസ്ഥാനത്തില്‍ റബര്‍ പ്രൊഡക്ട്‌സ് സെക്ഷണല്‍ കമ്മിറ്റി യോഗം ഡല്‍ഹിയില്‍ ചേര്‍ന്നിരുന്നു.

യോഗത്തിന്റെ അജണ്ടയില്‍ കേന്ദ്ര മന്ത്രിയുടെ അവകാശവാദത്തിന് വിരുദ്ധമായി ഇറക്കുമതി ചെയ്യേണ്ട ചിരട്ടപ്പാലിന് (കപ്പ് ലംപ്) ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ ഡ്‌സ് (ബിഐഎസ്) മാനദണ്ഡം നിശ്ചയിക്കണമെന്ന നിര്‍ദേശം ഉള്‍പ്പെടുത്തിയിരുന്നു. യോഗത്തില്‍ പ്രസ്തുത വിഷയത്തെക്കുറിച്ച് വിശദമായ ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. കര്‍ഷക വിരുദ്ധമായ ഇത്തരം നടപടികളില്‍ കേന്ദമന്ത്രി തെറ്റിദ്ധാരണ പരത്തുന്ന പ്രസ്താവനകള്‍ നടത്തുന്നത് തീര്‍ത്തും അപലപനീയമാണ്. വിഷയത്തില്‍ സ്വന്തം വീഴ്ച്ച മൂടി വെയ്ക്കുന്നതിനാണ് കേന്ദ്ര മന്ത്രി ശ്രമിക്കുന്നതെന്നും ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റി ആരോപിച്ചു.  പ്രസിഡന്റ് ബാബു ജോസഫിന്റെ അധ്യക്ഷതയില്‍ ഡിസിസി ജനറല്‍ സെക്രട്ടറിമാരായ റോണി കെ. ബേബി, പി.എ. ഷെമീര്‍, ടി.കെ. സുരേഷ് കുമാര്‍, ഷിന്‍സ് പീറ്റര്‍, മണ്ഡലം പ്രസിഡന്റുമാരായ ബേബി വട്ടയ്ക്കാട്ട്, സുനില്‍ മാത്യു, ജോസ് കെ. ചെറിയാന്‍, തോമസ് പുളിക്കന്‍ എന്നിവര്‍ പ്രസംഗിച്ചു.