കേരള കോണ്‍ഗ്രസുകള്‍ പിരിച്ചു വിടണമെന്നും തല്‍ക്കാലം ഒരു മുന്നണിയിലേക്കും ഇല്ലന്നും പി.സി.ജോര്‍ജ്.ഇലക്ഷന്‍ സമയത്ത് അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയം പറ്റുമെന്നും എം.എല്‍.എ

കേരള രാഷ്ട്രീയത്തില്‍ കേരള കോണ്‍ഗ്രസ് പാര്‍ട്ടികള്‍ വേണ്ടെന്നും അവയെ പിരിച്ചു വിടണമെന്നും പി.സി ജോര്‍ജ് എം.എല്‍.എ.കര്‍ഷകര്‍ക്ക് പട്ടയം ലഭ്യമാക്കാന്‍ സാധിക്കാത്ത കൃഷിക്കാര്‍ക്ക് പ്രയോജനമില്ലാത്ത, പരാജയപ്പെട്ട പാര്‍ട്ടിയെ പിരിച്ച് വിട്ട് എം.എല്‍.എമാരെ ഇഷ്ട്ടമുള്ള പാര്‍ട്ടിയില്‍ ചേരാന്‍ അനുവദിക്കണമെന്ന് പി.സി.

മൂന്ന് മുന്നണികളില്‍ ഒരു മുന്നണിയുടെയും വാലാട്ടിയാവാന്‍ താനില്ലന്നും ഔദാര്യം തനിക്ക് വേണ്ടന്നും പറഞ്ഞ പി.സി ജോര്‍ജ് തെരഞ്ഞെടുപ്പ് കാലത്ത് മാത്രം അഡ്ജസ്റ്റ്‌ മെന്റ് രാഷ്ട്രീയം പയറ്റുമെന്നും പറഞ്ഞു.വനിതാ മതില്‍ ശുദ്ധ മര്യാദകേടാണന്നും ഇടതു പക്ഷത്തിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ പേടി ച്ചിട്ട് ഒന്നും മിണ്ടുനില്ലന്നും കൂട്ടിച്ചേര്‍ത്തു. മുന്നണികളില്‍ ഇല്ലാതെ തല്‍ക്കാലം ജനപ ക്ഷം എന്ന നിലയില്‍ ഒറ്റക്ക് നില്‍ക്കുമെന്നും അദ്ദേഹം കാഞ്ഞിരപ്പള്ളി പാറത്തോട് മാധ്യമങ്ങളോട് പറഞ്ഞു.

കഴിഞ്ഞ നിയമ സഭ തിരഞ്ഞെടുപ്പിന് ശേഷം എൽഡിഎഫിൽ കയറിക്കൂടാൻ പണിപ്പെട്ട ജോർജിനെ ഏഴയലത്തു അടുപ്പിക്കാത്ത എൽഡിഎഫ് നേതാക്കളെ രൂക്ഷ ഭാഷയിൽ ജോർജ് വിമർശിച്ചിരുന്നു. എൽഡിഎഫ് പ്രവേശനം ബാലികേറാമലയാണെന്നു മനസിലാക്കിയ ജോർജ് ശബരിമല സമരത്തോടെ ബിജെപിയുടെ ഭാഗമായി നിശ്ചിത വോട്ട് ശതമാനം നിലനിർത്തുവാൻ ശ്രമിച്ചു. ഫ്രാങ്കോ വിഷയത്തിൽ കേരള ജനതയുടെ അപ്രീതിക്ക് പാത്രമായ ജോർജിനെ രണ്ടു കയ്യും നീട്ടിയാണ് ബിജെപി സ്വീകരിച്ചത്. അണികൾക്കുള്ളിൽ ഉണ്ടാക്കിയ അഭിപ്രായ ഭിന്നതപോലും കണക്കിലെടുക്കാതെ ബിജെപി നേതൃത്വം മറ്റൊരു സുവർണാവസരമായി ഇതിനെ കാണുകയായിരുന്നു. എന്നാൽ ബിജെപിയുടെ സ്വപ്നങ്ങളെ കാറ്റില്പറത്തിയാണ് ജോർജ് ഇപ്പോൾ ഇങ്ങനെ ഒരു പ്രസ്താവന ഇറക്കിയിരിക്കുന്നത്.

ബിജെപിയെക്കാളും വലിയ വർഗീയവാദിയാണ് പിണറായി എന്ന് പറഞ്ഞ പിസി ജോർജ് ഇപ്പോൾ ബിജെപി മതേതര പാർട്ടി അല്ലെന്നു പറഞ്ഞു പിൻവാങ്ങുമ്പോൾ മുന്നിൽ കാണുന്നത് യുഡിഎഫ് പ്രവേശനം ആണെന്ന് ഉറപ്പാണ്. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിൽ നിർണായക ശക്തിയായ പിസി ജോർജിനെ കൂടെ നിർത്തി എൻഎസ്എസിന്റേയും ജനപക്ഷത്തിന്റെയും വോട്ട് കൊണ്ട് കേരളം കോൺഗ്രസ് ബിയോടൊപ്പം ചേർന്ന് മത്സരിക്കുന്ന എൽഡിഎഫിനെ തറപറ്റിക്കുക എന്ന ഉദേശമാണ് കോൺഗ്രെസ്സിനുള്ളത്. എന്നാൽ പത്തനംതിട്ട സീറ്റ് തന്റെ മകന് വാങ്ങി നൽകാനുള്ള നീക്കമാണ് പിസി ജോർജിന്റേത്.

കഴിഞ്ഞ നാല് വര്ഷങ്ങളായി കോൺഗ്രസ് നേതാക്കളായ ഉമ്മൻ ചാണ്ടിയെയും തിരുവഞ്ചൂരിനെയും കേരളാ കോൺഗ്രസ് നേതാക്കളായ കെഎം മാണിയെയും ജോസ് കെ മാണിയെയും പുലഭ്യം പറഞ്ഞും വ്യാജ പ്രചരണങ്ങൾ നടത്തിയും വിലസിയിരുന്ന ജോർജിനെ വരുന്ന ഇലെക്ഷൻ മുന്നിൽക്കണ്ട് മുന്നണിയിലെടുക്കാനുള്ള മൗന സമ്മതം നൽകിയിരിക്കുകയാണ്. കോൺഗ്രസ് നേതാവായ രമേശ് ചെന്നിത്തല എകെ ആന്റണിയുടെ മൗനാനുവാദത്തോടെയാണ് ഇതിനുള്ള കരുക്കൾ നീക്കുന്നത് എന്ന വാർത്ത നേരത്തെ തന്നെ എത്തിയിരുന്നതാണ്. എന്നാൽ ജോർജിനെ ജോക്കബ് വിഭാഗവുമായി ലയിപ്പിച്ച് യുഡിഎഫിൽ എത്തിക്കാനുള്ള നീക്കവും അണിയറയിൽ നടക്കുന്നതായാണ് വിവരം.

പൂഞ്ഞാർ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഭരണം പിടിക്കാൻ ബിജെപിയുടെ പ്രീതി പിടിച്ചു പറ്റി അവിശ്വാസ പ്രമേയത്തിൽ വോട്ട് ചെയ്യിപ്പിച്ച് സിപിഎം ഭരണം താഴെയിറക്കാനുള്ള പിസിയുടെ ശ്രമം വിജയിച്ചിരുന്നു. തുടർന്ന് നടന്ന ബാങ്ക് തിരഞ്ഞെടുപ്പുകളിലും ഈ കൂട്ട്കെട്ട് പ്രകടമായിരുന്നു. .നിലയില്ലാക്കയത്തിലേക്കാണ് താൻ മുങ്ങുന്നതെന്നറിഞ്ഞ ജോർജ് മുസ്‌ലിം സാമുദായിക വോട്ട് സംരക്ഷിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഇപ്പോൾ ബിജെപിയെയും തള്ളിപ്പറഞ്ഞിരിക്കുന്നത്. എന്നാൽ വഹിക്കുന്ന മുന്നണിക്ക് തന്നെ എടുക്കാഭാരമായ ജോർജിന്റെ മുന്നണി പ്രവേശനം കോൺഗ്രസിനെ ഏതൊക്കെ രീതിയിൽ ബാധിക്കുമെന്ന് കാണുവാൻ കാത്തിരിക്കുകയാണ് രാഷ്ട്രീയ കേരളം.