കാഞ്ഞിരപ്പള്ളി: കേരളത്തിന്റെ കര്‍ഷക ചരിത്രത്തില്‍ പുത്തന്‍ ഏട് എഴുതിച്ചേര്‍ത്ത് ഇന്‍ഫാം കര്‍ഷകറാലി. പതിറ്റാണ്ടുമുമ്പ് കൊടുങ്കാറ്റായി കേരളസമൂഹത്തില്‍ ആഞ്ഞടി ച്ച ഇന്‍ഫാം അതേമണ്ണില്‍ നിന്ന് വീണ്ടും ശക്തിസംഭരിച്ച് ഫീനക്‌സ് പക്ഷിയെപ്പോലെ ഉയര്‍ന്നുപൊങ്ങുന്നു. കാര്‍ഷിക പ്രതിസന്ധികള്‍ അതിരൂക്ഷമായി തുടരുമ്പോഴും മുഖം തിരിഞ്ഞുനില്‍ക്കുന്ന കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് മുന്നറിയിപ്പായി കര്‍ഷകറാലി മാറി.

ഇന്‍ഫാം ദേശീയ സമ്മേളനത്തിന്റെ ഭാഗമായിട്ടാണ് ആയിരക്കണക്കിന് കര്‍ഷകര്‍ പങ്കെ ടുത്ത റാലി ഇന്‍ഫാം കാഞ്ഞിരപ്പള്ളിയില്‍ സംഘടിപ്പിച്ചത്. കേന്ദ്ര സംസ്ഥാന സര്‍ക്കാരു കളുടെ കര്‍ഷകവിരുദ്ധ നിലപാടുകള്‍ തിരുത്തണമെന്നും വിലത്തകര്‍ച്ചയും കടക്കെണി യും അതിജീവിക്കാനും കര്‍ഷകരെ സംരക്ഷിക്കാനും ഭരണനേതൃത്വങ്ങള്‍ തയ്യാറാകണമെ ന്നും റാലിയിലുടനീളം കര്‍ഷകര്‍ ആവശ്യപ്പെട്ടു. 
കൂവപ്പള്ളി സെന്റ് ജോസഫ് ചര്‍ച്ചില്‍ അന്ത്യവിശ്രമം കൊള്ളുന്ന ഇന്‍ഫാം സ്ഥാപക ചെയര്‍മാന്‍ ഫാ.മാത്യു വടക്കേമുറിയുടെ കബറിടത്തിങ്കല്‍ നിന്ന് ഉച്ചകഴിഞ്ഞ് 1.45 ന് കാഞ്ഞിരപ്പള്ളി രൂപതാ സഹായമെത്രാന്‍ മാര്‍ ജോസ് പുളിക്കല്‍ പ്രാര്‍ത്ഥനാശുശ്രൂഷ നടത്തി ദേശീയ സമ്മേളന ദീപശിഖാപ്രയാണത്തിന് തുടക്കം കുറിച്ചു. കാഞ്ഞിരപ്പള്ളി അക്കരപ്പള്ളി മൈതാനിയില്‍ നിന്നും 2 മണിക്ക് ആരംഭിച്ച 1000കണക്കിന് കര്‍ഷകര്‍ നിരന്ന കര്‍ഷകറാലി പേട്ടക്കവലയില്‍ ദീപശിഖാപ്രയാണത്തോട് സംഗമിച്ചു. കര്‍ഷക റാലി മഹാജൂബിലി ഹാളില്‍ (ഫാ.മാത്യു വടക്കേമുറി നഗര്‍) എത്തിച്ചേര്‍ന്നപ്പോള്‍ സമ്മേളനം ആരംഭിച്ചു.