പൊന്‍കുന്നം ടൗണില്‍ മരങ്ങളില്‍ 50 അടിയിലേറെ ഉയരത്തില്‍ കെട്ടിയിരുന്ന ചിഹ്നം പതിച്ച കൊടികള്‍ ഡീഫേസ്‌മെന്റ് സ്‌ക്വാഡ് ഫയര്‍ ഫോഴ്‌സിന്റെ സഹായത്തോടെ അഴിച്ചു നീക്കി. സ്ഥാനാര്‍ഥികളുടെ ചിഹ്നം പതിച്ച കൊടികള്‍ സ്ഥാപിക്കുന്നത് ചട്ടലംഘനമാണെന്നിരിക്കേ ടൗണില്‍ രാജേന്ദ്ര മൈതാനത്തെ വാക, ബദാം മരങ്ങളില്‍ സ്ഥാപിച്ചിരുന്ന എല്‍ഡിഎഫിന്റെ കൊടികളാണ് സ്‌ക്വാഡ് നീക്കം ചെയ്തത്.

മരങ്ങളില്‍ നീളമുള്ള മുളം കമ്പുകള്‍ വച്ചുകെട്ടി അതിനു മുകളില്‍ സ്ഥാപിച്ചിരുന്ന കൊടികളാണ് ഇന്നലെ നീക്കം ചെയ്തത്. ചിഹ്നം പതിച്ച കൊടികള്‍ ബന്ധപ്പെട്ട കക്ഷികളോട് അഴിച്ചു നീക്കാന്‍ ആവശ്യപ്പെട്ടിട്ടും നീക്കം ചെയ്യാതെ വന്നതോടെയാണ് പാലാ ഡെപ്യൂട്ടി തഹസില്‍ദാര്‍ ബി.മഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള ഡീഫേസ്‌മെന്റ് സ്‌ക്വാഡ് ഉദ്യോഗസ്ഥര്‍ ഫയര്‍ ഫോഴ്‌സിന്റെ സഹായം തേടിയത്.ഫയര്‍ ഫോഴ്‌സ് ജീവനക്കാര്‍ ഏണി വച്ച് മരത്തില്‍ കയറി മുളം കമ്പ് അഴിച്ചാണ് കൊടികള്‍ നീക്കം ചെയ്തത്.