എരുമേലി : കെഎസ്ആർടിസി, പ്രൈവറ്റ് ബസ് സ്റ്റാൻറ്റുകളും ടാക്സി സ്റ്റാൻറ്റും എരുമേലിയിൽ ഒന്നിച്ചാക്കുന്നതിനും മുക്കൂട്ടുതറയിൽ ബസ് സ്റ്റാൻറ്റിനുമായി സ്ഥലം വാങ്ങാൻ ബജറ്റിൽ പ്രത്യേക പദ്ധതി. ഒപ്പം മുക്കൂട്ടുതറയിൽ ഷോപ്പിംഗ് കോപ്ലക്സ് പൊളിച്ചു ബഹുനില കെട്ടിടം നിർമിക്കാനും പദ്ധതി. വൈസ് പ്രസിഡൻറ്റ് ഗിരിജ സഹദേവൻ അവതരിപ്പിച്ച ബജറ്റിലാണ് വികസനപ്രതീക്ഷ നിറഞ്ഞ വ്യത്യസ്തമായ നിരവധി പദ്ധതികൾ സ്ഥാനം പിടിച്ചിരിക്കുന്നത്. ബജറ്റവതരണം ഇന്നലെ രാവിലെ 11 ന് പഞ്ചായത്ത് ഹാളിൽ നടന്നു.

കെഎസ്ആർടിസി സ്റ്റാൻറ്റിന് സമീപമുളള പഴയതാവളം മൈതാനം വില നൽകി വാങ്ങിയ ശേഷം ബസ് സ്റ്റാൻറ്റുകളും ടാക്സി സ്റ്റാൻറ്റും ഇവിടെ ആരംഭിക്കാനാണ് ശ്രമിക്കുന്നതെന്ന് അദ്ധ്യക്ഷ പ്രസംഗത്തിൽ പ്രസിഡൻറ്റ് ടി എസ് കൃഷ്ണകുമാർ പറഞ്ഞു. ഈ സ്ഥലം വാങ്ങാൻ 15 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നു. ഒപ്പം മുക്കൂട്ടുതറയിൽ ബസ് സ്റ്റാൻറ്റിനായി 50 സെൻറ്റ് സ്ഥലം വാങ്ങും. മുക്കൂട്ടുതറയിലെ പഴക്കം ചെന്ന ഷോപ്പിംഗ് കോംപ്ലക്സ് പൊളിച്ചു മാറ്റി രണ്ട് കോടി രൂപ ചെലവിട്ട് പുതിയ ബഹുനില മന്ദിരവും ശൗചാലയങ്ങളും നിർമിക്കും.മുടങ്ങി കിടക്കുന്ന പദ്ധതികളെല്ലാം പൂർത്തിയാക്കും.

നിയമസഭാ പെറ്റീഷൻസ് കമ്മറ്റിയിൽ ലഭിച്ച പരാതിയെ തുടർന്നാണ് ഇത്. കമുകിൻ കുഴിയിലെ ആധുനിക അറവ് ശാല, പൊതു ശ്മശാനം, മാലിന്യ സംസ്കരണ പ്ലാൻറ്റ്, ചെമ്പകപ്പാറയിലെ വൃദ്ധസദനം, പഞ്ചായത്ത് ഓഫീസിനോട് ചേർന്ന് കാർഷിക വിജ്ഞാന കേന്ദ്രം എന്നിവയാണ് മുടങ്ങിയ പദ്ധതികൾ. അറവ് ശാലയിലെ യന്ത്രങ്ങൾ നവീകരിക്കുന്ന ജോലികൾ നിർമാണം നടത്തിയ സർക്കാർ ഏജൻസിയായ കെല്ലിന് കരാ ർ നൽകിയിട്ടുണ്ട്. പൊതുശ്മശാനത്തിൻറ്റെ നിർമാണം ചേർത്തല ആസ്ഥാനമായതും സർക്കാർ ഏജൻസിയുമായ സിൽക്കിന് കൈമാറി. സംസ്കരണ പ്ലാൻറ്റും ശ്മശാനവും 82 ലക്ഷം ചെലവിട്ട് മൂന്ന് മാസത്തിനുളളിൽ പൂർത്തിയാക്കും. വൃദ്ധസദനം നിർമിച്ച കരാറുകാരന് കോടതിയിൽ അദാലത്ത് മുഖേനെ തുക നൽകി.

കാർഷിക വിജ്ഞാന കേന്ദ്രത്തിൻറ്റെ കെട്ടിടനിർമാണം പൂർത്തിയാക്കാൻ സിൽക്കിന് കരാർ നൽകി. ഓരുങ്കൽകടവിൽ വിട്ടുകിട്ടിയ ഒന്നര ഏക്കറോളമുളള പുറമ്പോക്ക് ഭൂമിയിൽ 27 സെൻറ്റ് സ്ഥലം ഫയർ സ്റ്റേഷൻ നിർമിക്കാൻ വിട്ടുകൊടുത്തിട്ടുണ്ട്. എട്ട് സെൻറ്റ് സ്ഥലം എക്സൈസ് ഓഫീസിന് നൽകി. രണ്ടിനും എംഎൽഎ ഫണ്ടിൽ കെട്ടിടം നിർമിക്കും. അവശേഷിച്ച സ്ഥലത്ത് ടൗൺഹാളും ശുചിത്വ സമുച്ചയവും നിർമിക്കും. ലൈഫ് പദ്ധതിയിലെ എല്ലാ ഗുണഭോക്താക്കൾക്കും സ്ഥലവും വീടും നൽകും. മുട്ടപ്പളളി സബ് സെൻറ്റർ പ്രാഥമിക ആരോഗ്യ കേന്ദ്രമായി ഉയർത്താൻ കെട്ടിടം നിർമിക്കും. സൗത്ത് വാട്ടർ സപ്ലൈ സ്കീമിൻറ്റെ പ്രയോജനം ലഭിക്കാത്ത സ്ഥലങ്ങളിൽ പ്രത്യേകമായി കുടിവെളളപദ്ധതി നടപ്പിലാക്കും.

36 കോടി 82 ലക്ഷത്തി മുപ്പത്തയ്യായിരത്തി എഴുന്നൂറ്റി പത്തൊമ്പത് രൂപ വരവും 36 കോടി 40 ലക്ഷത്തെ പതിമൂവായിരംരൂപ ചെലവും 42 ലക്ഷത്തി ഇരുപത്തി രണ്ടായി രത്തി എഴുന്നൂറ്റി പത്തൊമ്പത് രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പി ച്ചത്. ചർച്ചക്കും ഭേദഗതികൾക്കും ബജറ്റ് അംഗീകരിക്കുന്നതിനുമായി 19 ന് കമ്മറ്റി ചേരും. ബജറ്റവതരണ യോഗത്തിൽ ബ്ലോക്ക് പഞ്ചായത്തംഗം പി കെ അബ്ദുൽ കെരിം ആശംസാ പ്രസംഗം നടത്തി. സെക്കട്ടറി പി എ നൗഷാദ് നന്ദി പറഞ്ഞു.

ബജറ്റ് കടലാസ് പദ്ധതികളായി : പ്രകാശ് പുളിക്കൻ
പഞ്ചായത്തിൻറ്റെ ബജറ്റ് വെറും കടലാസ് പദ്ധതികൾ മാത്രമാണെന്ന് പ്രതിപക്ഷ അംഗ വും കോൺഗ്രസ് ജില്ലാ ജനറൽ സെക്കട്ടറിയുമായ പ്രകാശ് പുളിക്കൻ പ്രസ്താവനയിൽ പറഞ്ഞു. കഴിഞ്ഞ രണ്ട് വർഷത്തെ ബജറ്റുകളിൽ കൊട്ടിഘോഷിച്ചിട്ട് നടപ്പിലാക്കാൻ കഴിഞ്ഞിട്ടില്ലാത്ത പദ്ധതികളാണ് ഇപ്പോഴത്തെ ബജറ്റിലുമുളളത്. യുഡിഎഫിന് ഭരണം നഷ്ടപ്പെടുത്തിയ പ്രൈവറ്റ് ബസ് സ്റ്റാൻറ്റ് കംഫർട്ട് സ്റ്റേഷൻറ്റെ നിർമാണം ഇതു വരെ നടത്തിയിട്ടില്ല.
ഈ പദ്ധതി ഇപ്പോഴത്തെ ബജറ്റിലുമുണ്ടെന്നുളളത് ജനങ്ങളെ വിഡ്ഢികളാക്കലാണ്. ബസ് സ്റ്റാൻറ്റുകൾ ഒന്നിച്ചാക്കി ടാക്സി സ്റ്റാൻറ്റും ഒപ്പമാക്കാനുളള സ്ഥലം വാങ്ങൽ പദ്ധതിയുൾപ്പടെ മുടങ്ങിയ പദ്ധതികൾ പൂർത്തിയാക്കുമെന്ന പ്രഖ്യാപനവും കയ്യടിക്കു വേണ്ടിയുളളതാണെന്ന് പ്രകാശ് പുളിക്കൻ ആരോപിച്ചു.