എരുമേലി : ഗ്രാമ പഞ്ചായത്ത്‌ ഓഫീസിന് ഐ എസ് ഒ അംഗീകാരം അനുവദിച്ചെന്ന് അധികൃതർ അറിയിച്ചു. കഴിഞ്ഞയിടെ കൺസൽട്ടന്റ് എക്സിക്യൂട്ടീവ് ജയറാമിന്റെ നേതൃത്വത്തിൽ മൂന്നംഗ ഉദ്യോഗസ്ഥ സംഘം പഞ്ചായത്ത്‌ ഓഫീസ് പരിശോധിച്ച് റിപ്പോർട്ട്‌ നൽകിയിരുന്നു. ഇതേ തുടർന്നാണ് ഐ എസ് ഒ അംഗീകാരം ലഭിച്ചത്. ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും സേവനങ്ങളും ഉള്ള പഞ്ചായത്ത്‌ ഓഫീസുക ൾക്കാണ് ഈ അംഗീകാരം ലഭിക്കുക.

എരുമേലി പഞ്ചായത്ത്‌ ഓഫീസിൽ ഓരോ സെക്ഷൻറെയും പ്രവർത്തനങ്ങളും സേവനങ്ങളും വിശദമാക്കി ബോർഡുകൾ പ്രദർശിപ്പിച്ചിട്ടുണ്ട്. ജീവനക്കാരുടെ തസ്തിക, ഫോൺ നമ്പർ തുടങ്ങിയവയും ബോർഡിലുണ്ട്. ഇക്കഴിഞ്ഞ പരിസ്ഥിതി ദിനം മുതൽ ഓഫീസ് പരിസ്ഥിതി സൗഹ്രദമാക്കി മാറ്റിയിരുന്നു. പ്ലാസ്റ്റിക് ഉപയോഗം പൂർണമായി ഒഴിവാക്കിയിട്ടുണ്ട്. ശുചിത്വം, ശുദ്ധജലം, ജനങ്ങൾക്ക്‌ ഇരിപ്പിടങ്ങൾ എന്നിവ ക്രമീകരിച്ചിരുന്നു. ഓഫീസിൽ നിന്നും ലഭിക്കുന്ന സേവനങ്ങളുടെ പട്ടികയും നടപടിക്രമങ്ങളും വിശദമാക്കി ബോർഡ്‌ സ്ഥാപിച്ചിട്ടുണ്ട്.

പരാതി പരിഹാര സെൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നു. വാർത്ത കൾ അറിയുന്നതിന് ടെലിവിഷൻ സൗകര്യവുമുണ്ട്. കൂടാതെ ഇന്റർനെറ്റ്‌ സൗകര്യ വുമുണ്ട്. ഉടൻ തന്നെ സൗജന്യ വൈഫൈ സൗകര്യം നിലവിൽ വരുമെന്ന് പ്രസിഡന്റ്‌ റ്റി എസ് കൃഷ്ണകുമാർ, സെക്രട്ടറി പി എ നൗഷാദ് എന്നിവർ അറിയിച്ചു. കമ്മറ്റി തീരുമാനങ്ങൾ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കും. കൂടാതെ വെബ്സൈറ്റ് മുഖേന പരസ്യപ്പെടുത്തും.