എരുമേലി : കണ്ണിമലയില്‍ ദേശീയപാതയോരത്ത് പാര്‍ക്ക് ചെയ്തിരുന്ന ബൈക്ക് കത്തി നശിച്ച നിലയില്‍. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് പോലീസ്. കഴിഞ്ഞ ദിവസം പുലര്‍ ച്ചെയാണ് സംഭവം. കണ്ണിമല പളളിപ്പടി വളവില്‍ പാതയോരത്ത് ബൈക്ക് തീപിടിച്ച് കത്തുന്നത് കണ്ട് നാട്ടുകാര്‍ എത്തുമ്പോഴേക്കും പൂര്‍ണമായി കത്തിനശിച്ചിരുന്നു.

മുണ്ടക്കയം പോലിസ് സ്ഥലത്തെത്തി കേസെടുത്ത് അന്വേഷണമാരംഭിച്ചു. മുണ്ടക്കയം മുപ്പത്തി ഒന്നാം മൈല്‍ സ്വദേശിയുടേതാണ് കത്തിനശിച്ച യമഹാ ബൈക്ക്. തലേദിവസം വീടിനടുത്ത് വഴിയില്‍ വെച്ചിരുന്ന ബൈക്ക് ആരോ അപഹരിച്ചെന്ന് ഉടമ പറയുന്നു.

എന്നാല്‍ അസമയത്ത് ബൈക്കിലെത്തി കണ്ണിമലയില്‍ പാര്‍ക്ക് ചെയ്തതയാളോടുളള വിരോധമാകാം ബൈക്ക് കത്തിച്ചതിന് പിന്നിലെന്ന് സംശയിക്കുന്നു. ബൈക്കില്‍ കണ്ണിമ ലയിലെത്തി പാതയോരത്ത് പാര്‍ക്ക് ചെയ്തയാളെയും ബൈക്ക് കത്തിച്ചവരെയും വൈകാതെ പിടികൂടാന്‍ കഴിയുമെന്ന് പോലിസ് പറയുന്നു.