എരുമേലി : സ്വര്‍ണ പണയ ശാലയില്‍ 1. 30 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ സംഭവത്തിലെ മുഖ്യ പ്രതി എരുമേലി അലങ്കാരത്ത് ജെഷ്‌ന സലിം (34), മറ്റൊരു പ്രതി വേങ്ങശ്ശേരില്‍ അബൂതാഹിര്‍ (24) എന്നിവരെ കോടതി വീണ്ടും പോലീസ് കസ്റ്റഡിയില്‍ നല്‍കി. ഇരുവരെയും ഇന്നലെ കാഞ്ഞിരപ്പള്ളി ജുഡീഷ്യല്‍ മജിസ്ത്രേട്ട് കോടതി മൂന്ന് ദിവസത്തേയ്ക്കാണ് കസ്റ്റഡിയില്‍ നല്‍കിയത്. തട്ടിപ്പ് നടത്തിയ രീതിയും പണവും സ്വര്‍ണവും മറ്റുള്ളവര്‍ക്ക് കൊടുത്തത് സംബന്ധിച്ചും കൂടുതല്‍ അന്വേഷണം നടത്തുന്നതിനായാണ് മുഖ്യ പ്രതിയെ ഉള്‍പ്പടെ കസ്റ്റഡിയില്‍ വാങ്ങിയതെന്ന് അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന സി ഐ സുനില്‍ കുമാര്‍ പറഞ്ഞു.

പണയം വെച്ച സ്ഥാപനങ്ങളില്‍ തെളിവെടുപ്പ് നടത്തി സ്വര്‍ണം വീണ്ടെടുക്കുന്നതിനും കൂടിയാണ് കോടതി മൂന്ന് ദിവസം സമയം അനുവദിച്ചിരിക്കുന്നത്. നേരത്തെ തെളിവെടുപ്പില്‍ എരുമേലിയിലെ ജോസ്‌ന ഫിനാന്‍സ്, റ്റി പി ബാങ്കേഴ്‌സ് എന്നിവടങ്ങളില്‍ നിന്നുമായി 20 പവന്‍ സ്വര്‍ണം തൊണ്ടി മുതലായി കണ്ടെടുത്തിരുന്നു. എരുമേലിയിലെ മുളമൂട്ടില്‍ ഫിനാന്‍സ് ശാഖയിലാണ് ജീവനക്കാരിയായ ജെഷ്‌ന തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയിരുന്നത്. മൊത്തം 246 പായ്ക്കറ്റുകളിലായി സൂക്ഷിച്ചിരുന്ന 46 പേരുടെ 4493 ഗ്രാം സ്വര്‍ണാഭരണങ്ങളിലാണ് പലപ്പോഴായി തിരിമറി നടത്തി മൊത്തം ഒരു കോടി 30 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയിരുന്നത്. ഇനി അവശേഷിച്ച സ്വര്‍ണം കണ്ടെടുക്കുന്നതിന് ഒളിവിലായ പ്രതികളെ കൂടി പിടികൂടിയാലാണ് സാധ്യമാവുക.
അഞ്ച് പ്രതികളാണ് ഒളിവിലുള്ളത്. ഇവരില്‍ 50 ലക്ഷം കൈക്കലാക്കിയ യുവാവാണ് പിടിയിലാകാനുള്ളവരില്‍ പ്രധാനിയെന്ന് പോലീസ് പറയുന്നു. ഇയാള്‍ ബാംഗ്ലൂരിലേക്ക് കടന്നെന്ന് പോലീസ് സംശയിക്കുന്നു. ഇതിനിടെ കേസിലെ മറ്റ് പ്രതികളില്‍ ചിലര്‍ മുന്‍കൂര്‍ ജാമ്യത്തിന് കോടതിയെ സമീപിക്കുന്നതായി സൂചനകള്‍ കിട്ടിയിട്ടുണ്ട്. എന്നാല്‍ അറസ്റ്റിലായ ശേഷം ഇപ്പോള്‍ വീണ്ടും കസ്റ്റഡിയിലായ പ്രതികള്‍ക്ക് ജാമ്യം കിട്ടിയിട്ടില്ലാത്തതിനാല്‍ മറ്റ് പ്രതികള്‍ക്ക് ജാമ്യം ലഭിച്ചേക്കില്ല.

മുഖ്യ പ്രതി തട്ടിപ്പ് നടത്തിയത് സുഹൃത്തുക്കള്‍ക്ക് വേണ്ടിയായിരുന്നെന്നാണ് മൊഴി. സുഹൃത്തുക്കളെല്ലാം പുരുഷന്മാരാണ്. ഭര്‍ത്താവിന് തട്ടിപ്പുമായി ബന്ധമില്ലെന്നാണ് മൊഴി. തട്ടിപ്പ് നടത്തിയ മൊത്തം തുകയുടെ കണക്കുകള്‍ കൃത്യമാക്കുന്നതിനായി ജെഷ്‌നയെ വീണ്ടും ചോദ്യം ചെയ്യും.