എരുമേലി :ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടതിന്റ്റെ വാര്‍ഷിക ദിനം മുന്‍നിര്‍ത്തി ശബരിമല തീര്‍ത്ഥാടന കേന്ദ്രമായ എരുമേലിയില്‍ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി പരിശോധനകള്‍ നടന്നു. അതേസമയം തീര്‍ത്ഥാടക തിരക്ക് കാര്യമായി അനുഭവപ്പെട്ടില്ല. ബോംബ് ഡിറ്റക്ടിംഗ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും ടൗണ്‍ പരിസരങ്ങളില്‍ തിരച്ചിലും പരിശോധനകളും നടത്തി. വരും ദിവസങ്ങളിലും സ്‌ക്വാഡുകളുടെ സാന്നിധ്യമുണ്ടാകും. 
രഹസ്യ നിരീക്ഷണത്തിനായി അന്‍പതോളം മഫ്തി, ഷാഡോ പോലിസുകാരെ നിയോഗിച്ചിരുന്നു. പ്രൊഫഷണല്‍ കുറ്റവാളികളുടെ ചിത്രങ്ങളുമായി ഇവര്‍ തിരിച്ചറിയല്‍ പരിശോധനകളും നടത്തി. നൈനാര്‍ മസ്ജിദ്, പേട്ട ശാസ്താ ക്ഷേത്രം, വലിയമ്പലം എന്നിവിടങ്ങളില്‍ പ്രവേശനം മെറ്റല്‍ ഡിറ്റക്ടര്‍ വാതില്‍ വഴിയാണ് ക്രമീകരിച്ചിരുന്നത്. സംശയകരമായി കണ്ട ഇതര സംസ്ഥാന തൊഴിലാളികളെ കരുതല്‍ കസ്റ്റഡിയിലാക്കി ചോദ്യം ചെയ്യുകയും ചെയ്തു. 
സീസണ്‍ കടകളില്‍ തിരിച്ചറിയല്‍ രേഖയില്ലാതെ ജോലി ചെയ്യുന്നവരെ കണ്ടെത്തി പിടി കൂടാനായി കടകളില്‍ പരിശോധനകള്‍ നടന്നു. ഇതര സംസ്ഥാനക്കാരായ നാടോടി കച്ചവ ടക്കാര്‍ താമസിക്കുന്ന ക്യാമ്പുകള്‍ പരിശോധിച്ചിരുന്നു. ഇവരില്‍ വ്യക്തമായ തിരിച്ചറി യല്‍ രേഖയില്ലാത്തവരെയും വൃത്തിഹീനമായ ക്യാമ്പുകളില്‍ താമസിക്കുന്നവരെയും നാടുകളിലേക്ക് പറഞ്ഞയച്ചു. ലോഡ്ജുകളിലെ രജിസ്റ്ററുകളില്‍ തിരിച്ചറിയാന്‍ കഴിയുന്ന ഫോട്ടോ പതിച്ച രേഖകള്‍ ഉള്‍പ്പെടുത്താതെ ആര്‍ക്കും മുറികള്‍ നല്‍കരുതെന്ന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ബസ് സ്റ്റാന്റ്റുകള്‍, പാര്‍ക്കിംഗ് ഗ്രൗണ്ടുകള്‍ എന്നിവിടങ്ങളില്‍ പ്രത്യേകമായി പരിശോധ നകള്‍ നടത്തി. രാത്രി കാല പട്രോളിങും വാഹന പരിശോധനയും ഊര്‍ജിതമാണെന്ന് സുരക്ഷാ ക്രമീകരണങ്ങളുടെ ചുമതല വഹിക്കുന്ന മണിമല സിഐ റ്റി ഡി സുനില്‍ കുമാര്‍ പറഞ്ഞു.