2017 ലെ സംസ്ഥാന അക്ഷയ ഊര്‍ജ അവാര്‍ഡ് വിദ്യാഭ്യാസസ്ഥാപന വിഭാഗത്തില്‍ കാഞ്ഞിരപ്പളളി അമല്‍ജ്യോതി എഞ്ചിനീയറിംഗ് കോളേജ് കരസ്ഥമാക്കി. കേരളത്തിലെ അക്ഷയ ഊര്‍ജ ഉപകരണങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി കേരള സര്‍ക്കാര്‍ സ്ഥാപനമായ അനര്‍ട്ടാണ് അവാര്‍ഡുകള്‍ നല്‍കുന്നത്.

200 കിലോവാട്ട് സോളാര്‍ പവര്‍പ്ലാന്റ് സ്ഥാപിച്ച ആദ്യത്തെ വിദ്യാഭ്യാസ സ്ഥാപനമാ ണ് അമല്‍ജ്യോതി. കൂടാതെ എം.ടെക്ക്. തലത്തില്‍ അക്ഷയ ഊര്‍ജ മേഖലയിലെ ഗവേഷ ണത്തിനു നല്‍കുന്ന പ്രാമുഖ്യം കൂടി കണക്കിലെടുത്താണ് അമല്‍ജ്യോതിക്ക് പുരസ്‌കാരം നല്‍കുന്നതെന്ന് അവാര്‍ഡ് വിവരം പ്രഖ്യാപിച്ച വൈദ്യുതി വകുപ്പ് മന്ത്രി എം.എം.മണി പറഞ്ഞു. സര്‍ക്കാര്‍ നിയോഗിച്ച സംസ്ഥാനതല ജഡ്ജിംഗ് കമ്മറ്റിയാണ് അവാര്‍ഡുകള്‍ നിര്‍ണ്ണയിച്ചത്.

വ്യവസായികസ്ഥാപനം, വാണിജ്യ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പൊതു സ്ഥാപനങ്ങള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, സമഗ്ര സംഭാവന നല്‍കിയിട്ടുള്ള വ്യക്തികള്‍, എന്നീ വിഭാഗങ്ങളിലാണ് അവാര്‍ഡുകള്‍ നല്‍കുന്നത്. 50000/ (അന്‍പതിനായിരം) രൂപയും പ്രശസ്തി പത്രവുമടങ്ങുന്ന പുരസ്‌കാരം ദേശീയ ശാസ്ത്ര ദിനമായ ഫെബ്രു:28ന് തിരുവനന്തപുരത്ത് കനകക്കുന്നില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ വെച്ച് സമ്മാനിക്കും.