എയ്ഞ്ചൽവാലി,പമ്പാവാലി പ്രദേശങ്ങൾ  വനമേഖല എന്ന വാദം തെറ്റ് : സെ ബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ
പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ എരുമേലി ഗ്രാമപഞ്ചായത്തിലെ 11,12 വാർഡുകൾ ആയ എയ്ഞ്ചൽവാലി, പമ്പാവാലി പ്രദേശങ്ങൾ വനമേഖലയാണ് എന്നും,പെരിയാർ ടൈഗർ റിസർവിന്റെ ഭാഗമാണെന്നും ഉള്ള വാദം നിരർത്ഥകമാണെന്ന് അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ പറഞ്ഞു.1950 കളിൽ തിരു-കൊച്ചി സർക്കാർ ഗ്രോ മോർ ഫുഡ് പദ്ധതി പ്രകാരം കർഷകരെ കുടിയിരുത്തി  നൽകിയ ഭൂമിയാണ് പമ്പാവാലി, ഏഞ്ചൽവാലി പ്രദേശങ്ങളിൽ കർഷകർ കൈവശം  വച്ചിരിക്കുന്നത്. ഇത് വനഭൂമി അല്ല എന്നും റവന്യൂ ഭൂമിയാണെന്നും അക്കാലത്ത് തന്നെ വനം വകുപ്പ് അംഗീകരിച്ചിരുന്നതുമാണ്.പെരിയാർ ടൈഗർ റിസർവുമായി ബന്ധപ്പെട്ട അതിർത്തി നിർണയത്തിൽ ഈ മേഖലകൾ ഉൾപ്പെടുത്തപ്പെട്ടിട്ടുണ്ട് എങ്കിൽ അത് തിരുത്തിയേ മതിയാകൂ.  അതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ സംസ്ഥാന-കേന്ദ്ര ഗവൺമെന്റുകളിൽ സമ്മർദ്ദം ചെലുത്തുമെന്നും, വരുന്ന നിയമസഭാ സമ്മേളനത്തിൽ ഈ വിഷയം ഉന്നയിക്കുമെന്നും എം. എൽ.എ അറിയിച്ചു.ഇതിനു മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ച് ഇക്കാര്യങ്ങൾ ചർച്ചചെയ്യുകയും  നിവേദനം നൽകുകയും ചെയ്യും. അതിനായി ജനുവരി നാലാം തീയതി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നിശ്ചയിച്ചിട്ടുണ്ട് എന്നും  എംഎൽഎ അറിയിച്ചു. കൂടാതെ വനംമന്ത്രി എ.കെ ശശീന്ദ്രനുമായും ചർച്ച നടത്തും.കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി എംപി  ഈ വിഷയം കേന്ദ്ര ഗവൺമെന്റിന്റെയും,
പരിസ്ഥിതി മന്ത്രാലയത്തിന്റെയും എംപവേർഡ് കമ്മിറ്റിയുടെയും ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹം ജനുവരി ഒന്നിന് എയ്ഞ്ചൽ വാലി, പമ്പാവാലി പ്രദേശങ്ങളിൽ എത്തി ജനങ്ങളുമായി ആശയവിനിമയം നടത്തും. ഈ പ്രദേശങ്ങളിലെ കൈവശ കൃഷിക്കാർക്ക്  2023 മാർച്ച് മാസത്തിനകം ഒന്നാംഘട്ട പട്ടയ വിതരണം നടത്തും. ബഫർ സോൺ- വനമേഖല വിഷയങ്ങളിൽ ജനങ്ങൾക്കൊപ്പം നിൽക്കും. ഏതെങ്കിലും ഉദ്യോഗസ്ഥർ കർഷക ദ്രോഹ സമീപനങ്ങൾ വെച്ച് പുലർത്തുന്നത് അനുവദിക്കുകയില്ല.  വനം-പോലീസ് വകുപ്പ് ഉദ്യോഗസ്ഥർ  ജനദ്രോഹ നടപടികൾ സ്വീകരിച്ചാൽ അതിനെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും എംഎൽഎ കൂട്ടിച്ചേർത്തു.