ഓരോ വർഷവും ചരിത്ര പ്രസിദ്ധമായ പേട്ടതുള്ളലിന് എരുമേലിയിൽ നേതൃത്വം നൽ കുന്ന അമ്പലപ്പുഴ – ആലങ്ങാട്ട് സംഘങ്ങളുടെ സമൂഹ പെരിയോൻമാർ ഇതാദ്യമായി എരുമേലിയിൽ ഒരുമിച്ച് ശരണനാമജപയാത്രയിൽ നേതൃത്വം നൽകിയപ്പോൾ അതൊ രു ചരിത്രമായി.

ശബരിമലയിലെ ആചാര അനുഷ്‌ഠാനങ്ങൾ നിലനിർത്തണമെന്നാവശ്യപ്പെട്ട് എരുമേ ലിയിൽ പെരിയോൻ അമ്പാടത്ത് എ കെ വിജയകുമാറിന്റെ നേതൃത്വത്തിൽ ആല ങ്ങാട്ട് പേട്ടതുള്ളൽ സംഘം ശരണനാമജപയാത്ര നടത്തിയപ്പോൾ അതിൽ അമ്പലപ്പുഴ പെരിയോൻ കളത്തിൽ ചന്ദ്രശേഖരൻ നായർ ഒത്തുചേരുകയായിരുന്നു.

പേട്ടതുള്ളലിൽ അയ്യപ്പന്റെ മാതൃ സ്ഥാനീയരായ അമ്പലപ്പുഴ സംഘം പേട്ടതുള്ളൽ നടത്തി സമാപിക്കുമ്പോഴാണ് ആലങ്ങാട്ട് സംഘത്തിന്റെ തുള്ളൽ ആരംഭിക്കുന്നത്. ഒരിക്കലും ഒരുമിച്ച് പങ്കെടുക്കാൻ കഴിയാത്ത അനുഷ്‌ഠാന പ്രത്യേകത പിന്തുടരുന്ന ഇവർ ഇന്നലെ ശരണാരവങ്ങൾ മുഴക്കി ഘോഷയാത്ര നടത്തിയത് ശബരിമലയിലെ ആചാരങ്ങൾ അതേപടി നിലനിർത്തണമെന്ന ആവശ്യം ഉന്നയിച്ചായിരുന്നു. ഒപ്പം ഐക്യദാർഢ്യവുമായി പി സി ജോർജ് എംഎൽഎ യുമെത്തി.

ആയിരങ്ങൾ ഘോഷയാത്രയിൽ പങ്കെടുത്തു. ആലങ്ങാട്ട് പെരിയോൻ അമ്പടത്ത് വിജയകുമാർ നേതൃത്വം നൽകി. ആലങ്ങാടിന്റെ സ്വർണഗോളക കൊടികളുമായി വെളിച്ചപ്പാടുമാരും അണിനിരന്നു. അമ്പലപ്പുഴ സമൂഹപെരിയോൻ കളത്തിൽ ചന്ദ്രശേഖരൻ നായർ അനുഗ്രഹ പ്രഭാഷണം നടത്തി. പി സി ജോർജ് എംഎൽഎ സമ്മേളന വേദിയിലെത്തി അഭിവാദ്യമറിയിച്ചു. സ്വാമി ഗരുഡ ധ്വജാനന്ദ ഉത്ഘാടനം നിർവഹിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ്‌ എൻ ഹരി, ആലങ്ങാട് സംഘം പ്രസിഡന്റ്‌ എം എൻ രാജപ്പൻ, സെക്രട്ടറി രാജേഷ് പുറയാറ്റുകളരി, ശബരിമല മണിജപം കർമി രതീഷ് കുറുപ്പ് വാവരുടെ പ്രതിനിധി എം എം യൂസഫ് ലബ്ബ, തിരുവാഭരണ ഗുരുസ്വാമി ഗോപാലകൃഷ്ണൻ, വി സി അജികുമാർ, അനിയൻ എരുമേലി തുടങ്ങിയവർ പ്രസംഗിച്ചു