എരുമേലി: വാഹനമോടിക്കവേ ഡ്രൈവറുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് താഴ്ന്നതിനെ തുടർന്ന് കോളജ് ബസ് മറിഞ്ഞു മൂന്ന് വിദ്യാർഥികൾക്ക് പരുക്ക്. ഡ്രൈവറുടെ മനോധൈര്യം വൻ അപകടം ഒഴിവാക്കി.

വിദ്യാർഥികളുടെ പരുക്ക് നിസ്സാരമാണ്. ബസിൽ എട്ട് കുട്ടികളുണ്ടായിരുന്നു. ഇന്നലെ നാലിനു മണിമല ആലപ്ര മേലേക്കവലയിൽ ഓലിക്കൽപ്പടിക്കലാണു സംഭവം.

എരുമേലി ഷേർമൗണ്ട് കോളജിന്റെ ബസാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവറുടെ നിയ ന്ത്രണം തെറ്റിയതോടെ ബസ് വൈദ്യുതപോസ്റ്റിൽ ഇടിച്ചു. നാട്ടുകാരാണു വിദ്യാർഥികളെ പുറത്തെടുത്തത്. പൊതുപ്രവർത്തകനായ സുരേഷ് കരിമ്പനാക്കുഴി വൈദ്യുതി ഓഫിസി ൽ വിളിച്ചറിയിച്ച് വൈദ്യുതിബന്ധം വിച്ഛേദിപ്പിച്ചു.

പിന്നീട് പൊലീസിൽ അറിയിച്ചു. യാത്രയ്ക്കിടെ പെട്ടെന്ന് വണ്ടിയുടെ നിയന്ത്രണം നഷ്ടപ്പെട്ടെന്നു ഡ്രൈവർ അജയകുമാർ (60) പറഞ്ഞു. അപകടം മനസ്സിലായതോടെ റോഡരികിലേക്കു ചേർത്തുനിർത്താൻ ശ്രമിക്കുന്നതിനിടെയാണു പോസ്റ്റിൽ ഇടിച്ചത്.