കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി- എരുമേലി സംസ്ഥാന പാതയിലെ ഇരുപത്താറാം മൈൽ പാലത്തിനോടു ചേർന്ന് വൻ ഗർത്തം രൂപപ്പെട്ടു. വ്യാഴാഴ്ച്ച വൈകുന്നേരം 5.30ാടെയാണ്  പലത്തിന്‍റെ  സമീപം വലിയ കുഴി രൂപപ്പെട്ടത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന്  പോലീസും തുടർന്ന് പൊതുമരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി.  ഉദ്യോഗസ്ഥരെത്തി കുഴിയുടെ ഉൾഭാഗം പൊള്ളയാണോയെന്നു പരിശോധിച്ചു.  പിന്നീട്, രാത്രിയോടെ പാറമടയിലെ മക്ക് നിരത്തി കുഴി അടയ്ക്കുകയും ഗതാഗതം പുനഃസ്ഥപിക്കുകയും ചെയ്തു.
മുന്പും പലതവണ  പാലം അപകടാവസ്ഥയിലായിരുന്നു. 2017  സെംപ്റ്റംബറിൽ പാലത്തിന്‍റെ കരിങ്കൽ തൂണുകളുടെ കല്ലുകൾ ഇടിഞ്ഞു തുടങ്ങിയതാണ് അപകടഭീഷണിക്ക് കാരണമായത്. വർഷങ്ങൾ പഴക്കമുള്ള പാലത്തിന്‍റെ തൂണുകൾ കരിങ്കല്ലുകൊണ്ട് നിർമിച്ചവയാണ്. ഇവയിൽ ഒരു തൂണിന്‍റെ ഒരു വശത്തെ കല്ലുകൾ കനത്ത മഴയിൽ ഇടിഞ്ഞുവീണിരുന്നു. അടുത്ത തൂണിന്‍റെ കല്ലുകൾ ഇടിയാറായ നിലയിലുമായിലാരുന്നു. രണ്ടു വർഷം മുന്പ് പാലത്തിന് മുകളിൽ ടാറിംഗ് പൊളിഞ്ഞ് വൻഗർത്തം രൂപപ്പെട്ടിരുന്നു. നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ അധികൃതർ കുഴി താത്ക്കാലികമായി അടയ്ക്കുകയായിരുന്നു.
പോലീസിന്‍റെ റോഡ് സുരക്ഷാ പദ്ധതിയിൽ മാതൃകാ റോഡായി പ്രഖ്യാപിച്ച റോഡിന്‍റെ തുടക്കത്തിലുള്ള പാലമാണ് അപകടസ്ഥിതിയിലായിരിക്കുന്നത്. ദിവസേന ആയിരക്കണക്കിന് വാഹനങ്ങൾ കടന്നു പോകുന്ന പാലം പുതുക്കി പണിയണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. എന്നാൽ,  യാതൊരു നടപടിയുണ്ടായിട്ടില്ല.
കഴിഞ്ഞ വർഷം ശബരിമല സീസൺ ആയതിനാൽ പാലത്തിന്‍റെ തൂണുകൾക്ക് അറ്റകുറ്റ പണികൾ നടത്തി പാലം ബലപ്പെടുത്തുകയാരിരുന്നു. സീസണിനു ശേഷം പാലം പുതുക്കി  പണിയാൻ എസ്റ്റിമേറ്റ് തയാറാക്കി സർക്കാരിന് സമർപ്പിച്ചെങ്കിലും അനുമതി ലഭിച്ചിരുന്നില്ല. പീന്നീട്  2017 ഒക്ടോബറിൽ  സർക്കാരിന്‍റെ പാലം പുനരുദ്ധാരണ പദ്ധതികളിൽപ്പെടുത്തി അറ്റകുറ്റപ്പണികൾക്ക് വേണ്ടിവരുന്ന തുക അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എസ്റ്റിമേറ്റു സമർപ്പിച്ചിട്ടും നടപടിയൊന്നും ഉണ്ടായില്ല. എന്നാൽ, പാലം ഒരു വർഷത്തിനുള്ളിൽ പുതുക്കി പണിയുമെന്ന് എംഎൽഎയും പൊതുമരാമത്തും ഉറപ്പു നൽകിരുന്നു.
പാലം പുനർനിർമിക്കുന്നതിലേക്കുള്ള പ്രാരംഭ പ്രവർത്തനങ്ങൾ തുടങ്ങാൻ പൊതുമരാമത്ത് ചീഫ് എൻജിനിയർ എ.എൻ. ജീവരാജിനോട്  മന്ത്രി ജി.സുധാകരൻ  നിർദേശിച്ചിരുന്നു. തുടർന്ന് പൊതുമരാമത്ത് ചീഫ് എൻജിനീയർ പാലം സന്ദർശിക്കുകയുംചെയ്തു. വാഹനങ്ങൾ കടന്നു പോകുന്ന പാലം തകർന്നാൽ ഉണ്ടാകുന്ന പ്രയാസങ്ങൾ കണക്കിലെടുത്ത്  പാലത്തിന്‍റെ തൂണുകൾ താത്കാലികമായി ബലപ്പെടുത്തുന്നതിനാശ്യമായ ക്രമീകരണങ്ങളാണ് 2017ൽ നടത്തിയത്. കരിങ്കൽ നിർമിതമായ പാലത്തിന്‍റെ മൂന്ന് തൂണുകളും തകരാറിലായ സാഹചര്യത്തിൽ പുതിയ പാലം അടിയന്തരമായി നിർമിക്കേണ്ടതുണ്ട്.