എരുമേലി : ശബരിമലയിലെ ആചാരങ്ങൾ നിലനിർത്തണമെന്ന ബാനറുമായി ഭക്തി യോടെ ആന്ധ്രാ പ്രദേശിൽ നിന്നും 36 പേർ നഗ്നപാദരായി 1270 കിലോമീറ്റർ താണ്ടി ഇന്നലെ എരുമേലിയിലെത്തി. 38 ദിവസം നീണ്ട ഈ യാത്രയിലുടനീളം അവർ ഉയർ ത്തിപ്പിടിച്ചത് സേവ് ശബരിമല എന്ന ബാനർ.ഇനി 40 കിലോമീറ്റർ കൂടി നടന്ന് ശബരി മലയെത്തുന്നതോടെ യാത്ര അവസാനിക്കും. പക്ഷെ, മഹത്തായ ലക്ഷ്യവും മനസ്സിൽ നിറച്ച് നടന്നു പ്രയാസപ്പെടുന്ന ഈ കഠിന യാത്രയുടെ പിന്നിലെ അയ്യപ്പഭക്തി ഒരിക്ക ലും മനസ്സിൽനിന്ന് മായില്ലെന്ന് സംഘത്തിന്റെ ഗുരുസ്വാമി ദ്രോണ രാജ് വെങ്കിട അപ്പാറാവു പറഞ്ഞു.എരുമേലിയിലൂടെ നടന്നു വന്ന ഈ സംഘം നാട്ടുകാരിൽ കൗതുകവും ഒപ്പം ഭക്തിയും നിറച്ചു. നിരവധി പേർ സംഘത്തിനടുത്തെത്തി ഐക്യദാർഢ്യം പകർന്നു. വാവരുടെ പ്രതിനിധി എം എം യൂസഫ് ലബ്ബ, ബിജെപി ന്യൂനപക്ഷ മോർച്ച മണ്ഡലം പ്രസിഡന്റ്‌ ലൂയിസ് ഡേവിഡ് തുടങ്ങിയവർ ഹസ്തദാനത്തോടെ സ്വീകരിച്ചു. എരുമേലിയിൽ ശരണ നാമ ജപ ഘോഷയാത്ര നടത്താനെത്തിയ ആലങ്ങാട്ട് പേട്ടതുള്ളൽ അംഗങ്ങളും സംഘത്തെ സ്വീകരിച്ചു.

അങ്കമാലിയിൽ ജോലി ചെയ്യുന്ന വിജയവാഡ സ്വദേശിയായ അച്ചാറാവു ആണ് സംഘത്തിൽ മലയാളം സംസാരിക്കുന്നയാൾ. തങ്ങളുടെ യാത്ര കോടതിയുടെ കണ്ണ് തുറപ്പിക്കുമെന്നും ശബരിമലയിൽ അനുഷ്‌ഠാനങ്ങൾ ഹനിക്കപ്പെടില്ലെന്നുമുള്ള ഉറച്ച വിശ്വാസത്തിലാണ് ഇവർ.