കാഞ്ഞിരപ്പള്ളി :മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി വി.യു. കുര്യാക്കോസ്, എസ്‌ഐ ഷിന്റോ പി. കുര്യന്‍ എന്നിവരും കോട്ടയം എസ്പിയുടെ ഷാഡോ പോലീസ് അംഗങ്ങളായ പി.വി. വര്‍ഗീസ്, എ.എം. മാത്യു, സിബിച്ചന്‍ ജോസഫ്, അഭിലാഷ് കെ.എസ്. എന്നിവരും അര്‍ഹരായി.

2014ലെ ബെസ്റ്റ് ഇന്നവേഷന്‍ അവാര്‍ഡും മെഡിറ്റോറിയല്‍ സര്‍വീസ് പുരസ്‌കാരവും ഉള്‍പ്പെടെ നൂറിലേറെ പുരസ്‌കാരങ്ങള്‍ വി.യു. കുര്യാക്കോസിന് ലഭിച്ചിട്ടുണ്ട്. തൊടുപുഴ വാഴത്തോട്ടം കുടുംബാംഗമായ വി.യു. കുര്യാക്കോസിന്റെ ഭാര്യ അധ്യാപികയായ ഷീബയാണ്. റിയ, കെവിന്‍ എന്നിവര്‍ മക്കളാണ്.

ഷിന്റോ പി. കുര്യന് 60 ഗുഡ് സര്‍വീസ് എന്‍ട്രികളും 2009 ലെ മികച്ച ശാസ്ത്രീയ കുറ്റാന്വേഷകനുള്ള അവാര്‍ഡും ലഭിച്ചിട്ടുണ്ട്. കോട്ടയം ജില്ലയിലെ പെരുവ പഴയംപള്ളിയില്‍ പി.ജെ. കുര്യന്റെയും എം.ടി. ത്രേസ്യാമ്മയുടെയും മകനാണ്. ഡോ. സ്മിത സെബാസ്റ്റിയനാണ് ഭാര്യ. മകന്‍ സിറിയക് ജോസഫ്.

വാഴൂര്‍ നെടുമാവ് പള്ളിക്കളത്തില്‍ പി.വി. വര്‍ഗീസ് ജില്ലയിലെ പ്രമാദ കൊലക്കേസുകളും മോഷണക്കേസുകളും തെളിയിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. ലിന്നിയാണ് ഭാര്യ. ബിബിന്‍, എബിന്‍ എന്നിവര്‍ മക്കളാണ്. 130ാംളം ഗുഡ് സര്‍വീസ് എന്‍ട്രിയും കാഷ് അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്. ഷാഡോ പോലീസ് എസ്‌ഐയാണ് ഇപ്പോള്‍.

ആനിക്കാട് ഇളമ്പള്ളി സ്വദേശിയായ അറഞ്ഞനാല്‍ എ.എം. മാത്യു ഷാഡോ പോലീസിലെ എസ്‌ഐയാണ്. ഭാര്യ ജെസി റാന്നി ആര്‍ടി ഓഫീസിലെ ജീവനക്കാരിയാണ്. നിഥുന്‍, നവീന്‍ എന്നിവരാണ് മക്കള്‍. മുപ്പതോളം ഗുഡ് സര്‍വീസ് എന്‍ട്രിയും കാഷ് അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്. ചങ്ങനാശേരി കുരിശുംമൂട് സ്വദേശിയായ കറുകയില്‍ സിബിച്ചന്‍ ജോസഫിന് 40 ഗുഡ് സര്‍വീസ് എന്‍ട്രിയും കാഷ് അവാര്‍ഡും ലഭിച്ചിട്ടുണ്ട്. ഭാര്യ സിന്ധു. ഭാഗ്യ, ഭഗത്ത് എന്നിവര്‍ മക്കളാണ്.

കങ്ങഴ പത്തനാട് സ്വദേശിയായ കിഴക്കേമാവേലില്‍ അഭിലാഷ് കെ.എസിന് അമ്പതോളം ഗുഡ്‌സ് സര്‍വീസ് എന്‍ട്രി ലഭിച്ചിട്ടുണ്ട്. നിരവധി കേസുകള്‍ തെളിയിക്കുന്നതില്‍ മുഖ്യപങ്കുവഹിച്ചു. ഭാര്യ രജനി കെ. മേനോന്‍, മകന്‍ അശ്വന്ത്. അവാര്‍ഡിന് അര്‍ഹരായവര്‍ 2016 ഓഗസ്റ്റ് 15ന് ജില്ലാ ആസ്ഥാനത്തു നടക്കുന്ന പോലീസ് പരേഡില്‍ അവാര്‍ഡുകള്‍ ഏറ്റുവാങ്ങും.