എരുമേലി : കനകപ്പലം 110കെവി സബ്‌സ്റ്റേഷന്‍ പ്രവര്‍ത്തനമാരംഭിച്ചു. ഇന്നലെ ഉച്ചയക്ക് 2.25 നാണ് സബ് സ്റ്റേഷനില്‍ വൈദ്യുതി വിതരണം ആരംഭിച്ചത്. ഔദ്യോഗിക ഉദ്ഘാടനവും കമ്മീഷനിംഗും പിന്നീട് നടത്തുമെന്ന് കെഎസ്ഇബി അധികൃതര്‍ അറിയിച്ചു. ഇതിന്‍റെ മുന്നോടിയായി വൈദ്യുതി വിതരണം ഇന്നലെ മുതല്‍ ആരംഭിച്ചിരിക്കുകയാണെന്ന് പാലാ എക്‌സിക്യൂട്ടീവ് എൻജിനിയർ കുര്യന്‍ മാത്യു പറഞ്ഞു.

സബ് സ്റ്റേഷന്‍ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ ഇനി മൂന്ന് മാസം കൂടി സമയം അവശേഷിക്കെ ധൃതഗതിയില്‍ പണികള്‍ പൂര്‍ത്തിയാക്കി നേരത്തെതന്നെ പ്രവര്‍ത്തനമാരംഭിക്കാന്‍ കഴിഞ്ഞത് നേട്ടമായി മാറിയിരിക്കുകയാണ്. ‌
പള്ളംപീരുമേട് ലൈനില്‍ നിന്നു കാഞ്ഞിരപ്പള്ളിയില്‍ എത്തിച്ചാണ് കനകപ്പലം സബ് സ്റ്റേഷനിലേയ്ക്ക് വൈദ്യുതി എത്തുന്നത്. സബ്‌സ്റ്റേഷനില്‍ നിന്ന് എരുമേലി സെക്ഷന്‍ പരിധിയിലാണ് ഇന്നലെ മുതല്‍ വൈദ്യുതി വിതരണം ആരംഭിച്ചത്.

എരുമേലി സെക്ഷനില്‍ കാല്‍ ലക്ഷത്തോളം ഉപയോക്താക്കളാണുള്ളത്. കാഞ്ഞിരപ്പള്ളിയിലും മുണ്ടക്കയത്തും എരുമേലിയിലും വൈദ്യുതി തടസം ഉണ്ടായാല്‍ ഉടനടി പരിഹരിക്കാന്‍ ഇനി കഴിയും. മുണ്ടക്കയത്ത് 110കെവി സബ്‌സ്റ്റേഷന്‍റെ നിർമാണം പുരോഗമിക്കുകയാണ്. ഇത് പൂര്‍ത്തിയാകുന്നതോടെ മേഖലയിലെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമാകും. ‌

എരുമേലികാഞ്ഞിരപ്പള്ളിമുണ്ടക്കയം എന്നീ പ്രദേശങ്ങളിലെ വൈദ്യുതി വിതരണം സുഗമമാക്കാന്‍ മൂന്ന് സബ്‌സ്റ്റേഷനുകളാണ് നിലവിലുള്ളത്. ഒരു സബ് സ്റ്റേഷന്‍റെ പ്രവര്‍ത്തനം തടസപ്പെട്ടാല്‍ മറ്റ് രണ്ട് സബ് സ്റ്റേഷനുകള്‍ വഴി പ്രവര്‍ത്തനം തുടരാന്‍ കഴിയുന്ന സംവിധാനമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. 2012 ല്‍ 18 കോടി രൂപയ്ക്ക് ഭരണാനുമതി ലഭിച്ച കനകപ്പലം സബ് സ്റ്റേഷന്‍ പൂര്‍ത്തിയാക്കിയപ്പോള്‍ ഇതിന്‍റെ ഇരട്ടി തുകയാണ് ചെലവായിരിക്കുന്നത്.

ഏകദേശം 35 കോടിയോളം രൂപ ചെലവിട്ടാണ് സബ് സ്റ്റേഷന്‍ നിര്‍മാണവും ലൈന്‍ വലിക്കലും പൂര്‍ത്തിയാക്കിയിരിക്കുന്നതെന്ന് കെഎസ്ഇബി പ്രസരണവിഭാഗം അധികൃതര്‍ പറഞ്ഞു. സബ് സ്റ്റേഷനില്‍ നിന്ന് എരുമേലി സെക്ഷന്‍ പരിധിയിലേക്ക് വൈദ്യുതി വിതരണം ചെയ്യുന്നതിന് ജില്ലാ ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ സുരക്ഷാ പരിശോധനകള്‍ കഴിഞ്ഞ ദിവസമാണ് പൂര്‍ത്തിയാക്കിയത്. ‌