add-were metro-2ഇല്ലിക്കല്‍ കല്ലില്‍ വീണ്ടും മരണം. പാറക്കെട്ടിനു മുകളില്‍നിന്നു വീണ് വിനോദ സഞ്ചാരി മരിച്ചു.

ഈരാറ്റുപേട്ടയ്ക്കടുത്ത് വിനോദസഞ്ചാര കേന്ദ്രമായ ഇല്ലിക്കല്‍ക്കല്ല് മലയില്‍നിന്നു കാല്‍ വഴുതി വീണു യുവാവ് മരിച്ചു. ഇന്നലെ രാവിലെ പത്തോടെയാണ് അപകടം. തിരുവനന്തപുരം ശ്രീകാര്യം ശാന്തിനഗര്‍ നീരംമുകുളത്തില്‍ പരേതനായ ജോയി വര്‍ഗീസിന്റെ മകന്‍ എന്‍.ജെ. ജീവന്‍ ജയന്ത് (21) ആണു ദാരുണമായി മരിച്ചത്.body-copy
തിരുവനന്തപുരത്തുനിന്ന് അഞ്ചു പേരടങ്ങുന്ന സംഘം ശനിയാഴ്ച ഈരാറ്റുപേട്ടയില്‍ എത്തി ലോഡ്ജില്‍ മുറിയെടുത്തു താമസിച്ചശേഷം ഇന്നലെ രാവിലെ എട്ടോടെയാണ് എറണാകുളത്തുനിന്നെത്തിയ കൂട്ടുകാരനോടൊപ്പം ഇല്ലിക്കല്‍ക്കല്ല് മലയിലേക്കു പോയത്. നാലു പേര്‍ വാഹനം നിര്‍ത്തുന്നതിനു സമീപത്ത് ഇരിക്കുകയും മരിച്ച യുവാവും മറ്റൊരാളും ഇല്ലിക്കല്‍ മലയുടെ മുകളില്‍ കുടകല്ലിനു സമീപം നരക പാലമെന്നു വിളിക്കുന്ന ദുര്‍ഘടസ്ഥലം കടന്ന് മുകളില്‍ കയറാന്‍ ശ്രമിക്കുകയും ചെയ്തു. ഇതിനിടെയാണ് 600 അടിയോളം താഴ്ചയുള്ള പാറക്കെട്ടിലേക്കു ജീവന്‍ ജയന്ത് കാല്‍വഴുതി വീണത്.accident
ഈരാറ്റുപേട്ടയില്‍നിന്നു ഫയര്‍ഫോഴ്‌സെത്തി രണ്ടു മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് വടം കെട്ടിയിറക്കി യുവാവിന്റെ മൃതദേഹം പുറത്തെടുത്തത്. തലനാട് പഞ്ചായത്ത് അംഗം ഷാജിയാണ് ഫയര്‍ഫോഴ്‌സിനെ സഹായിച്ചത്. മൃതദേഹം ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രില്‍ പോലീസ് നടപടികള്‍ക്കുശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളജിലേക്കു മാറ്റി. ഓമനയാണ് ജീവന്‍ ജയന്തിന്റെ മാതാവ്. ഒരു സഹോദരിയുണ്ട്.

ആറു മാസം മുമ്പ് ഇതേ സ്ഥലത്തു റാന്നി സ്വദേശിയായ യുവാവ് മരണപ്പെട്ടിരുന്നു. ഈരാറ്റുപേട്ടയില്‍നിന്നു 12 കിലോമീറ്റര്‍ അകലെ തലനാട്, മൂന്നിലവ് പഞ്ചായത്തുകളുടെ അതിര്‍ത്തിയില്‍ സമുദ്ര നിരപ്പില്‍ നിന്നു മൂവാ യിരം അടി ഉയരത്തിലാണ് ഇല്ലിക്കല്‍ക്കല്ല് മല.
croud deathസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ ഇല്ലിക്കക്കല്ലില്‍ വേണ്ടത്ര സുരക്ഷയില്ലാത്തതിനാല്‍ അപകടങ്ങള്‍ പെരുകുന്നു. ഇന്നലെ ഇവിടെയെത്തിയ തിരുവനന്തപുരം സ്വദേശിയായ യുവാവ് ഇല്ലിക്കക്കല്ലിന്റെ ഉയരത്തില്‍ കയറാന്‍ ശ്രമിക്കുന്നതിനിടയിലാണ് അപകടം ഉണ്ടായത്. നാലു മാസം മുമ്പാണ് എരുമേലി സ്വദേശി മരണമടഞ്ഞത്. ഇത്രയധികം ആളുകള്‍ വരുന്ന ഈ സഞ്ചാരകേന്ദ്രത്തില്‍ അപകടസമയത്ത് ഒരു പോലീസ് പോലും ഇല്ലായിരുന്നു.

തലനാട് പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ഇല്ലിക്കക്കല്ല് അടുത്തനാളിലാണ് ടൂറിസ്റ്റ് കേന്ദ്രം എന്ന നിലയില്‍ ശ്രദ്ധ നേടിയത്. കേരളത്തിലെ എല്ലാ ജില്ലകളില്‍നിന്നും നൂറുകണക്കിനു പേരാണ് ദിവസവും ഇവിടംസന്ദര്‍ശിക്കാനെത്തുന്നത്. ഓണാവധിക്കാലത്ത് ദിവസവും ആയിരക്കണക്കിനാളുകളാണ് എത്തിയത്. സമുദ്രനിരപ്പില്‍നിന്നും 6000 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഇവിടം പ്രകൃതിരമണീയമാണ്. രണ്ടു വര്‍ഷം മുമ്പാണു മലമുകളിലേക്ക് റോഡ് നിര്‍മിച്ചത്. ഇതോടെയാണ് സഞ്ചാരികളുടെ തിരക്ക് അനുഭവപ്പെടാന്‍ തുടങ്ങിയത്. താഴ്‌വാരത്തുനിന്നും ഏഴു കിലോമീറ്റര്‍ ദൂരം 23 ഹെയര്‍പിന്‍ വളവുകള്‍ പിന്നിട്ടാണു മുകളിലെത്തുന്നത്. ഇതില്‍ ആറു കിലോമീറ്ററും എപ്പോഴും വാഹനങ്ങള്‍ നിറഞ്ഞു കിടക്കുകയാണ്. വാഹനങ്ങള്‍ക്ക് യാതൊരു നിയന്ത്രണവും ഇവിടെയില്ല. പാര്‍ക്കിംഗ് സൗകര്യവും ഇല്ല.

യാതൊരു സുരക്ഷാസംവിധാനവും ഇവിടെ അധികൃതര്‍ ഒരുക്കിയിട്ടില്ല. മലമുകളിലേക്ക് ഒറ്റയാള്‍ക്ക് മാത്രം നടന്നുപോകാവുന്ന വഴിയാണ്. ഇതിലൂടെ നടന്നുപോകുമ്പോള്‍ കാല്‍വഴുതിയാണു മിക്കപ്പോഴും അപകടമുണ്ടാകുന്നത്. കല്ലിന്റെ ഏറ്റവും മുകളിലെത്താനായി പലരും സാഹസികമായി ശ്രമം നടത്തുന്നതിനിടയിലാണ് അപകടമുണ്ടാകുന്നത്. ഇതിനിടയില്‍ മൊബൈല്‍ ഫോണില്‍ ഫോട്ടോയെടുക്കാനും സെല്‍ഫിയെടുക്കാനും മിക്കവരും ശ്രമിക്കും. ഇതും അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ട്.

അപകട മുന്നറിയിപ്പ് സഞ്ചാരികള്‍ക്ക് നല്‍കുന്നതിനായി ഒരു ബോര്‍ഡ് പോലും സ്ഥാപിച്ചിട്ടില്ല. എരുമേലി സ്വദേശിയുടെ മരണത്തിനുശേഷം രണ്ടു സെക്യൂരിറ്റിയെ ഇവിടെ നിയമിച്ചെങ്കിലും ഒരു മാസം മുമ്പ് ഇവരെ പിന്‍വലിച്ചു.

ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും ഗ്രീന്‍ ടൂറിസം പ്രോജക്ട് അധികൃതരും തമ്മിലുള്ള തര്‍ക്കമാണ് സെക്യൂരിറ്റിയെ പിന്‍വലിക്കാന്‍ കാരണം.

ഇല്ലിക്കക്കല്ലിന്റെ വികസനത്തിനായി ഗ്രീന്‍ ടൂറിസം പ്രോജക്ടിന്റെ ഭാഗമായി 10 കോടി രൂപ അനുവദിച്ചിരുന്നു. സുരക്ഷാ സംവിധാനങ്ങള്‍, കോണ്‍ഫറന്‍സ് ഹാള്‍, ഗസ്റ്റ് ഹൗസ്, പാര്‍ക്കിംഗ് കേന്ദ്രം തുടങ്ങിയവയായിരുന്നു പ്രോജക്ടിലുണ്ടായിരുന്നത്. എന്നാല്‍ ഇതിന്റെ തുടര്‍ പ്രവര്‍ത്തനങ്ങളൊന്നും അധികൃതര്‍ നടത്തിയിട്ടില്ല.

ഇല്ലിക്കക്കല്ലിന്റെ ഉടമസ്ഥതയെ ചൊല്ലി തീക്കോയി, തലനാട് പഞ്ചായത്തുകള്‍ തമ്മില്‍ തര്‍ക്കമുണ്ട്. ഇതുമൂലം പഞ്ചായത്തുകളുടെ ഭാഗത്തുനിന്നും അടിസ്ഥാന സൗകര്യങ്ങളൊന്നും ഒരുക്കുന്നില്ല.

അപകടങ്ങള്‍ വര്‍ധിക്കുന്നതിനാല്‍ ഇല്ലിക്കക്കല്ലില്‍ അടിസ്ഥാനസൗകര്യങ്ങളും വേണ്ടത്ര സുരക്ഷാസംവിധാനങ്ങളും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. പ്രകൃതിഭംഗിക്കു കോട്ടം സംഭവിക്കാതെ അപകടകരമായ സ്ഥലങ്ങളില്‍ സുരക്ഷാ വേലികള്‍ സ്ഥാപിക്കുക, കുടിവെള്ളം, ടോയ്‌ലറ്റ്, ഫസ്റ്റ് എയ്ഡ് സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുക, ആവശ്യത്തിനു പാര്‍ക്കിംഗ് സൗകര്യം ഏര്‍പ്പെടുത്തുക, അടിവാരത്ത് ചെക്ക് പോസ്റ്റ് സ്ഥാപിച്ച് പാര്‍ക്കിംഗ് സൗകര്യത്തിനനുസരിച്ചു മാത്രം മലമുകളിലേക്ക് വാഹനങ്ങള്‍ കടത്തിവിടുക തുടങ്ങിയ നിര്‍ദേശങ്ങളാണ് നാട്ടുകാര്‍ പറയുന്നത്.

സന്ദര്‍ശകരില്‍നിന്നും ചെറിയ തോതില്‍ ഫീസ് ഏര്‍പ്പെടുത്തുന്നതിനോടും ആര്‍ക്കും എതിര്‍പ്പില്ല. യാതൊരു സുരക്ഷാ ക്രമീകരണങ്ങളോ നിയന്ത്രണങ്ങളോ ഇല്ലാതെ ഇത്രയധികം വിനോദ സഞ്ചാരികളെ ഇല്ലിക്കക്കല്ലിലേക്ക് കടത്തിവിടുന്ന അധികൃതരുടെ കണ്ണു തുറക്കാന്‍ ഇനി എത്ര മരണം കൂടി വേണമെന്നാണ് നാട്ടുകാരുടെ ചോദ്യം.
add-were-2 siva-2