യമനില്‍ ഹൂത്തി വിമതരുടെ ആക്രമണത്തില്‍ 45 യുഎഇ സൈനികര്‍ കൊല്ലപ്പെട്ടതിനെതുടര്‍ന്ന് രാജ്യത്ത് മൂന്ന് ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. സൈനികരുടെ മൃതദേഹങ്ങള്‍ അബുദാബിയില്‍ എത്തിച്ചു. യമനില്‍ ഏറ്റെടുത്ത ദൗത്യത്തില്‍ നിന്ന് പുറകോട്ടില്ലെന്ന് യുഎഇ വ്യക്തമാക്കി. യുഎഇ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ന ഹ്യാനാണ് ധീരയോദ്ധാക്കളോടുള്ള ആദരസൂചകമായി ദു:ഖാചരണം പ്രഖ്യാപിച്ചത്. ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടി. രാജ്യത്തെ എല്ലാ ആഘോഷപരിപാടികളും മൂന്ന് ദിവസത്തേക്ക് നിര്‍ത്തിവച്ചതായും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഇന്നലെ സൗദി അറേബ്യയുടെ നേതൃത്വത്തില്‍ യമനില്‍ സൈനിക നടപടിയില്‍ പങ്കെടുക്കവെ ആയുധപ്പുരക്കുനേരെ നടന്ന മിസൈല്‍ ആക്രമണത്തിലാണ് 45 യുഎഇ സൈനികര്‍ മരിച്ചത്. 33 യമന്‍ സൈനികരും ഇവര്‍ക്കൊപ്പം മരിച്ചിട്ടുണ്ട്. ഇതോടെ യമനില്‍ മരിച്ച യുഎഇ സൈനികരുടെ എണ്ണം 51 ആയി. പ്രത്യേക സൈനിക വിമാനത്തില്‍ അബുദാബി ബതീന്‍ വിമാനതാവളത്തിലെത്തിച്ച സൈനികരുടെ മൃതദേഹങ്ങളില്‍ രാജകുടുംബങ്ങളടക്കം പ്രമുഖര്‍ അന്ത്യാഭിവാദ്യം അര്‍പ്പിച്ചു. 45 സൈനികര്‍ കൊല്ലപ്പെട്ടെങ്കിലും യമനില്‍ ഏറ്റെടുത്ത ദൗത്യത്തില്‍ നിന്ന് പുറകോട്ടില്ലെന്ന് യുഎഇ അറിയിച്ചു. യമനിലെ ഹൂത്തി ശക്തികേന്ദ്രങ്ങളില്‍ യുഎഇ പോര്‍വിമാനങ്ങള്‍ അതിശക്തമായി തിരിച്ചടിച്ചു. അറബ് വിശാല താല്‍പര്യങ്ങള്‍ മുന്നില്‍കണ്ട് ആക്രമണം തുടരുമെന്നും യമനില്‍ അധികം വൈകാതെ ജനകീയ സര്‍ക്കാര്‍ പുനസ്ഥാപിക്കപ്പെടുമെന്നും യുഎഇ വ്യക്തമാക്കി. report:thaj salam thyparamban(dubai).

LEAVE A REPLY