കാഞ്ഞിരപ്പള്ളി : പ്രായാധിക്യവും രോഗവും വേട്ടയാടുന്ന നിര്‍ധന കുടുംബത്തിന് റോഡ് നവീകരണം ബാധ്യതയായി. റോഡിന്റെ വളവ് നിവര്‍ത്തുന്നതിന്റെ ഭാഗമായി ഇവരുടെ വീടിന്റെ രണ്ടു മുറികള്‍ ഇടിച്ചു നിരത്തിയതോടെ മുതിര്‍ന്ന രണ്ട് പെണ്‍മക്കളും മരുമകനും കൊച്ചുമക്കളും അടങ്ങുന്ന ഏഴംഗ കുടുംബത്തിന് തലചായ്ക്കാന്‍ മാര്‍ഗ്ഗമില്ലാതായി.
കാഞ്ഞിരപ്പള്ളി -ഈരാറ്റുപേട്ട റോഡില്‍ വളവുകയത്തിനു സമീപം തീപ്പൊരിപറമ്പില്‍ തങ്കപ്പന്‍ (77) രാജമ്മ (73) ദമ്പതികളും മക്കളും മരുമകനും കൊച്ചുമക്കളുമാണ് വീട് ഭാഗികമായി പൊളിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ടു മാസമായി ദുരിതം അനുഭവിക്കുന്നത്. 


ഏഴംഗ കുടുംബത്തിന് കിടന്നുറങ്ങാന്‍ സ്ഥലമില്ലാതായതോടെ കഴിഞ്ഞ രണ്ടു മാസമായി ഭിത്തിയില്‍ ചാരിയിരുന്ന നേരം വെളുപ്പിക്കയാണെന്ന് രാജമ്മ പറയുന്നു. കെ.ഇ റോഡില്‍ തൊമ്മന്‍വളവിനോടു ചേര്‍ന്ന് റോഡിനും ചിറ്റാര്‍ പുഴക്കും ഇടയിലായി ഇവര്‍ക്കുള്ള ഒന്നര സെന്റ് സ്ഥലത്തെ കൊച്ചു വീട്ടില്‍ തങ്കപ്പന്‍- രാജമ്മ ദമ്പതികള്‍ താമസം ആരംഭിച്ചിട്ട് 50 വര്‍ഷത്തിലേറെയായി . ഈ ദമ്പതികള്‍ കൂലിവേല ചെയ്തും പശുവളര്‍ത്തി അതില്‍ നിന്നുള്ള ആദായമെടുത്തുമാണ് കഴിഞ്ഞിരുന്നത്. 

നാലു പെണ്‍മക്കളില്‍ മൂന്നു പേരുടെ വിവാഹവും നടത്തി അല്ലലില്ലാതെ കഴിഞ്ഞ കുടുംബത്തിന്റെ ഗ്രഹനാഥന്‍ തങ്കപ്പന് അഞ്ചുവര്‍ഷം മുമ്പ് ഉണ്ടായ ആരോഗ്യ പ്രശ്നങ്ങളോടെയാണ് ഇവരുടെ അധോഗതി ആരംഭിക്കുന്നത്. കിട്ടിയിരുന്ന വരുമാനം മുടങ്ങിതോടൊപ്പം ദമ്പതികളെ രോഗവും വേട്ടയാടിയതോടെ ചികത്സക്കായി പശുവിനെയും വില്‍ക്കേണ്ടി വന്നത് കടുത്ത ദാരിദ്ര്യത്തിലേക്ക് നയിച്ചു. 

ഇക്കാര്യങ്ങള്‍ ആരെയും അറിയിക്കാതെ പട്ടിണിയും പരിവട്ടവുമായി കഴിഞ്ഞിരുന്ന കുടുംബത്തിന്റെ മേല്‍ ഇടിത്തീ പോലാണ് റോഡ് നിര്‍മ്മാണത്തിന് തടസമായി നല്‍ക്കുന്ന വീടിന്റെ ഭാഗങ്ങള്‍ പൊളിച്ചു മാറ്റണമെന്ന അറിയിപ്പ് ലഭിച്ചത്. തങ്ങളുടെ നിസ്സഹായവസ്ഥ ജനപ്രതിനിധികളെയും റോഡ് നിര്‍മ്മാണത്തിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥരെയും ബോധ്യപ്പെടുത്തിയെങ്കിലും യാതൊരു പ്രയോജനവുമുണ്ടായിട്ടില്ല. ചോര്‍ന്നൊലിച്ച് ഇടിഞ്ഞു വീഴാറായ വീട്ടില്‍ ഭീതിയോടെയാണ് ഏഴംഗ കുടുംബം കഴിഞ്ഞു കൂടുന്നത്. 
