വാഴൂര്‍: ഈ വര്‍ഷം വേനല്‍ക്കാലത്ത് ഇടമഴ പെയ്യാതിരുന്നതാണ് ബമ്പര്‍ വിളവിനു കാരണം. ആറു മുതല്‍ പന്ത്രണ്ടു കിലോ വരെ ഒരു കോളനിയില്‍ നിന്നു ഈ വര്‍ഷം ലഭിച്ചിട്ടുണ്ട്. ആറു പ്രാവശ്യം ഒരു പെട്ടിയില്‍നിന്നു തേന്‍ എടുക്കാനും കഴിഞ്ഞിട്ടുണ്ട്.വാഴൂരിലെ തേനീച്ച കര്‍ഷകരുടെ കൂട്ടായ്മയായ വാഴൂര്‍ ഹണി ക്ലബ്ബാണ് തേന്‍ വിളവെടുപ്പിന് ഉത്സവച്ഛായ പകര്‍ന്നത്. ക്ലബ്ബില്‍ അംഗങ്ങളായ വനിതകള്‍ ഉള്‍പ്പെടെയുള്ള 65 അംഗങ്ങളും കാനം പുത്തന്‍പുരയില്‍ പി.എം. കുര്യാക്കോസിന്റെ കൃഷിയിടത്തില്‍ ഒത്തുചേര്‍ന്നു പരസ്പരം കൃഷിയറിവുകള്‍ പകര്‍ന്ന് തേന്‍ വിളവെടുപ്പ് നടത്തി.

കര്‍ഷകരുടെ വിളവെടുപ്പ് കൂട്ടായ്മയില്‍ വാഴൂര്‍ ബ്ലോക്ക് പഞ്ചായത്തംഗം കെ.എസ്. വിജയകുമാര്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എം. ജോ, അസിസ്റ്റന്റ് കൃഷി ഓഫീസര്‍മാരായ എം.ജെ. തോമസ്, എ.ജെ. അലക്‌സ് റോയ്, ടി.എ.  ഷാനിദ എന്നിവരും പങ്കാളികളായി. നാലു വര്‍ഷങ്ങള്‍ക്കു മുമ്പാണ് പഞ്ചായത്ത്, കൃഷിഭവന്‍, ആത്മ കോട്ടയം, ഹോര്‍ട്ടികോര്‍പ്പ് എന്നിവയുടെ സഹകരണത്തോടെ ഹണി ക്ലബ്ബ് രൂപീകരിച്ചത്.

വന്‍തേന്‍, ചെറുതേന്‍ എന്നിവയ്ക്കു പുറമെ മൂല്യവര്‍ധിത ഉത്പങ്ങളായ ഹണി സോപ്പ്, മുഖകാന്തി, ഫെയ്‌സ് ക്രീം, പെയിന്‍ബാം, ബോഡി ക്രീം തുടങ്ങിയവയും വിപണനം നടത്തിവരുന്നു. വന്‍തേന്‍ കിലോയ്ക്ക് 300 രൂപയ്ക്കും ചെറുതേന്‍ 1900 രൂപയ്ക്കുമാണ് വില്പന. ഹരിതമൈത്രിയുടെ പ്രാദേശിക കാര്‍ഷിക വിപണികള്‍ വഴിയാണ് പ്രധാനമായും വിപണനം നടത്തുക.

ശുദ്ധമായ തേന്‍ എന്നുള്ള വിശ്വാസം ഉള്ളതിനാല്‍ വാഴൂരിലെ തേന്‍ വിദേശങ്ങളിലേക്കും കടന്നുചെല്ലുന്നു. ക്ലബ്ബിന്റെ പ്രവര്‍ത്തനവും വാഴൂര്‍ കടന്ന് തൊട്ടടുത്ത പള്ളിക്കത്തോട്, പാമ്പാടി, ചിറക്കടവ്, കങ്ങഴ, വെള്ളാവൂര്‍ മണിമല പ്രദേശങ്ങളിലേക്കും വ്യാപിച്ചുവരുന്നു. മോഹന്‍തോമസ്, അനില്‍ എബ്രഹാം ഇടക്കരം, വി.വി. ഇട്ടി, ജയരാമന്‍ പള്ളിക്കത്തോട്, ഇ.കെ. സുരേഷ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള കര്‍ഷകരുടെ കൂട്ടമാണ് ഹണി ക്ലബ്ബിന് നേതൃത്വം നല്‍കുന്നത്.

LEAVE A REPLY