പൊന്‍കുന്നം: ധനുമാസരാവിന് ആതിരച്ചന്തമൊരുക്കി നാടെങ്ങും തിരുവാതിര ആഘോഷങ്ങളുടെ വായ്ക്കുരവ ഉയരും. പൗര്‍ണമിയും തിരുവാതിരയും ഒരുമിച്ചുവരുന്ന ധനുമാസ രാത്രിയിലെ കൈകൊട്ടിക്കളി സ്ത്രീകളുടെ ആത്മീയ പൂര്‍ണതയുടെ ഉത്സവം കൂടിയാണ്.വിശ്വാസത്തിനും ഭക്തിക്കുമൊപ്പം വികാരവിചാരങ്ങളുടെ ആഘോഷസമൃദ്ധി കൂടിയാണിത്. നെടുമാംഗല്യത്തിനും ഇഷ്ടഭര്ത്തൃലബ്ദിക്കും ഉമാമഹേശ്വര പ്രീതിക്കും വേണ്ടിയാണ് സ്ത്രീകള്‍ തിരുവാതിരവ്രതമെടുക്കുന്നത്. അശ്വതിനാള്‍ മുതല്‍ ആരംഭിച്ചതാണ് തിരുവാതിരച്ചടങ്ങുകള്‍.
‘മകയിരം മക്കള്‍ക്കും’ എന്ന ചൊല്ലിനെ അന്വര്‍ഥമാക്കി ഇന്നലെ മക്കളുടെ നന്മയ്ക്കായി വിശ്വാസികളായ സ്ത്രീകള്‍ മകയിരം നോമ്പെടുത്തു. അരിയാഹാരം നിഷിദ്ധമായ ഇന്നലത്തെ വൃതം നാളില്‍ ‘എട്ടങ്ങാടിയും’ നേദിച്ചു. ധാന്യങ്ങളും വിവിധ കിഴങ്ങുകളും ചേര്‍ത്തു തയാറാക്കുന്ന എട്ടങ്ങാടിക്ക് കാര്‍ഷിക കേരളത്തിന്റെ വിശുദ്ധിയും സംസ്കാരവുമുണ്ട്. വ്രതമെടുക്കുന്നവര്‍ ഇതു പ്രസാദമായി സ്വീകരിച്ചു.ധനുമാസത്തിരുവാതിരയെക്കുറിച്ച് പല ഐതീഹ്യങ്ങളാണുള്ളത്. ശ്രീപരമേശ്വരന്റെ ജന്മനക്ഷത്രമാണെന്നും അതിനാല്‍ പത്നിയായ പാര്‍വതിദേവി ഈ നാളില്‍ തിരുനാള്‍ ആഘോഷി ച്ചിരുന്നു എന്നാണ് ഒരു പക്ഷം.തീവ്ര തപസ് അനുഷ്ടിച്ച പാര്‍വതിയുടെ മുന്നില്‍ ആര്‍ദ്രമായി ശ്രീപരമേശ്വരന് പ്രത്യക്ഷപ്പെട്ട് തന്റെ പത്നിയാക്കി ക്കൊള്ളാമെന്ന വരദാനം നല്‍കിയത് ധനുമാസ തിരുവാതിര നാളിലാണെന്നു വിശ്വസിക്കുന്നവരുമുണ്ട്.
രതീദേവിയുടെ വിലാപം കേട്ട് കനിവു തോന്നിയ പാര്‍വതി, പരമശിവനോട് അപേക്ഷിച്ച പ്രകാരം ജീവന് തിരിച്ചുനല്‍കിയ ദിവസമാണ് തിരുവാതിരയെന്നും പറയുന്നു.തിരുവാതിര ആഘോഷങ്ങളുടെ പ്രധാന ചടങ്ങ് ഗംഗയുണര്‍ത്തലും കുളംതുടിയുമാണ്. അഷ്ടമംഗല്യവുമായി നാരിമാര്‍ ഏഴരവെളുപ്പിന് തുടിച്ചുകുളിക്കാനിറങ്ങുന്നതോടെ ചടങ്ങുകള്‍ ആരംഭിക്കും. രാത്രി ധനുമാസനിലാവ് പരക്കുന്നതോടെ തറവാട്ടുമുറ്റത്ത് തിരുവാതിരകളി തുടങ്ങും. മംഗലവേഷമണിഞ്ഞാണ് കൈകൊട്ടിക്കളി. അഞ്ചുതിരിയിട്ട നിലവിളക്കിനു മുന്നില്‍ നിറപറയും ഗണപതിക്കൂട്ടുമൊരുക്കി വായ്ക്കുരവയോടെയാണ് കളിയാരംഭിക്കുന്നത്. ആദ്യം ഗണപതിച്ചുവട്, പിന്നെ സരസ്വതി വന്ദനം, ശിവസ്തുതി എന്നിങ്ങനെ പാട്ടുകള്‍. ഇതിന്റെ താളത്തിനൊത്ത് പദവിന്യാസത്തോടും കൈകൊട്ടോടു കൂടി മുറ്റത്ത് വട്ടമിട്ടാണ് തിരുവാതിരകളി. ഉറക്കമിളച്ചുള്ള കളി കാണാന്‍ പുരുഷന്മാരും കുട്ടികളുമുണ്ടാകും. അര്‍ധരാത്രി തിരുവാതിര ആഘോഷത്തിന്റെ ഭാഗമായി പാതിരാപ്പൂചൂടല്‍ നടക്കും. അഷ്ടമംഗല്യവും നിലവിളക്കും വച്ച് വഞ്ചിപ്പാട്ടിന്റെ അകമ്പടിയോടെയാണ് ചില സ്ഥലങ്ങളില്‍ പാതിരാപ്പൂവ് (ദശപുഷ്പം) ഭര്‍ത്താവിനെ ചൂടിക്കുന്നത്.
തുടര്‍ന്നും സ്ത്രീകള്‍ കൈകൊട്ടിക്കളികള് തുടരും. ഊഞ്ഞാലാട്ടം, താലപ്പൊലി, മാണിക്യച്ചെമ്പഴുക്ക തുടങ്ങിയ വിനോദങ്ങളും വെറ്റിലമുറുക്കും ഉണ്ടാകും. വെളുപ്പിന് ധനുമാസക്കുളിരില്‍ നീന്തിത്തുടിക്കുമ്പോഴും പ്രത്യേകതരം പാട്ടുകള്‍ പാടുന്നതും പതിവാണ്.ഗ്രാമങ്ങളിലെ ചില ഹൈന്ദവ തറവാടുകളില്‍ മാത്രമാണ് ഇന്ന് ആതിര ആഘോഷമുള്ളത്. ധനുമാസത്തിന്റെയും മാര്ഗഴിയുടെയും അവസാന ദിവസമായ 13ന് മലബാറിലും തമിഴ്നാട്ടിലുമൊക്കെ തൈപ്പൊങ്കല്‍ ഉത്സവത്തിനു തുടക്കം കുറിക്കും. തിരുവിതാംകൂറില്‍ ഹരിപ്പാട്ടെയും ശുചീന്ദ്രത്തെയും ക്ഷേത്രങ്ങളില്‍ വിപുലമായ ഉത്സവാഘോഷങ്ങളാണുള്ളത്.
report:മോഹന്‍ പുതുപ്പള്ളാട്ട്