തുലാമഴ …………….
ഒരു തുലാ വര്‍ഷക്കാലം കൂടി വീണ്ടും
വിരുന്നെത്തിയിരിക്കുന്നു…….ഇടിയുടെയും മിന്നലിന്റെയും അകമ്പടിയോടെ , തുള്ളിക്കൊരു കുടം കണക്കെ ആര്‍ത്തലച്ചു പെയ്‌തൊഴിയുന്ന തുലാ മഴ ….
പകല്‍ മാഞ്ഞു പോകുന്ന സന്ധ്യകളില്‍ ഇറയത്തിരുന്നു കണ്ടു കൊതി തീരാത്ത തുലാ മഴ ….അയലത്തെ ലയങ്ങളില്‍ കപ്പലണ്ടി ചുടുന്ന മണം പരത്തി നേര്‍ത്തു വീശുന്ന കാറ്റും …ഓര്‍മ്മയില്ലേ നിങ്ങള്‍ക്കും?

രാത്രിയുടെ വൈകിയ യാമങ്ങളില്‍ ഈ പ്രവാസ ഭൂമിയില്‍ ഉറക്കത്തിന്റെ തീരങ്ങള്‍ അന്വേഷിക്കുമ്പോള്‍ പഴയ കാലങ്ങളുടെ ഒരു ഓര്‍മ്മ പുതുക്കല്‍ പോലെ തുലാമഴയുടെ നേര്‍ത്ത താളം എന്റെ ഓര്‍മ്മകളുടെ ബോധ മണ്ഡലത്തില്‍ പതിയെ പെയ്തിറങ്ങാന്‍ തുടങ്ങി . ഒരു മഴ ത്തുള്ളി ക്കിലുക്കത്തില്‍ നിന്ന് ഒരു കടലിരംബമായി എന്നിലേക്ക് അത് പടര്‍ന്നു കയറി .

പാതി തുറന്ന ജനാല പാളികള്‍ക്കിടയിലൂടെ മഴയുടെ സൌന്ദര്യം കണ്ടു കിടക്കുമ്പോള്‍ ഓര്‍മ്മകളും പിന്നിലേക്ക് ഓടുക ആയിരുന്നു ബാല്യത്തിന്റെ നാട്ടിടവഴികളില്‍ എവിടെയൊക്കെയോ ചെളിവെള്ളം തെറിപ്പിച്ചു കൊണ്ട് , കളിവഞ്ചികള്‍ ഒഴുക്കി കൊണ്ട് തുലാമഴയിലൂടെ യാത്ര ചെയ്തിരുന്നത് …. മയില്പീലിതുണ്ടുകളും, വളപ്പൊട്ടുകളും ആ വഴികളിലാകെ ചിതറി കിടന്നിരുന്നു. എന്നും ഈ തുലാ മഴയില്‍ ഇങ്ങനെ നടക്കാന്‍ ആഗ്രഹിച്ചു പോയ കാലം .രാത്രിയുടെ നെറുകയില്‍ വലിയൊരു വെള്ളിടി വെട്ടി ,മിന്നല്‍ മാലകളുടെ പ്രഭാ പൂരം പരക്കുമ്പോള്‍ അതില്‍നിന്നും ഇത്തിരി താഴേക്ക് ഇറ്റു വീഴുന്ന പോലെ തോന്നിയിട്ടില്ലെ ?

മഴ പെയ്‌തൊഴിഞ്ഞു കഴിയുമ്പോള്‍ ആകാശത്ത് വിരിഞ്ഞിരുന്ന മഴവില്ല് കാണാന്‍ എന്തൊരു ചന്തമായിരുന്നു …
ആര്‍ത്തലച്ചു പെയ്യുന്ന തുലാമഴ സന്ധ്യകളില്‍ പള്ളിക്കൂടത്തില്‍ നിന്നും വീട്ടിലേക്കു കൂട്ടി കൊണ്ടുപോകാന്‍ കുടയും ചൂടി മൈതാനത്തെ വാകമര ചുവട്ടില്‍ കാത്തു നിന്നിരുന്ന സ്‌നേഹ നിധിയായ അപ്പന്‍ …

വലിയ ഒരു ഇടിമിന്നല്‍ കണ്ടു ഭയന്ന് കുഞ്ഞു മിഴിഗോളങ്ങള്‍ അപ്പന്റെ നേരെ നോക്കുമ്പോള്‍ പേടിക്കേണ്ട ഞാന്‍ അല്ലേ കൂടെ ഉള്ളത് എന്നോതി ചേര്‍ത്ത് അണച്ച് നിര്‍ത്തുന്ന അപ്പന്‍ .അപ്പനും മക്കളും സുരക്ഷിതമായി വീട്ടിലെത്തുവോളും വഴി കണ്ണുമായി കാത്തിരിക്കുന്ന അമ്മ ….. അങ്ങനെ എത്ര നനുത്ത ഓര്‍മ്മകള്‍ …. ? തുലാമാസ മഴ ആദ്യമായി പെയ്തിറങ്ങിയപ്പോള്‍ പച്ചമണ്ണില്‍ മണമുയര്‍ന്നത്, കുഴിച്ചിട്ട വിത്തുകള്‍ പുതു നാമ്പ് ഉയര്‍ത്തി പൊട്ടിമുളച്ചത് …ഞാനറിയാതെ ഓര്‍ക്കുന്നു …ഓരോ തുള്ളികളും കുളിര്‍മഴയായ്……മനസിലൂടെ പെയ്തിറങ്ങുന്നു ….

ഞാന്‍ മഴയുടെ സൌന്ദര്യം വര്‍ണ്ണിക്കുമ്പോള്‍, അതിന്റെ സര്‍വ്വവശ്യതയും വിവരിക്കുമ്പോള്‍ ഒരു നൊമ്പരമായി ഹൃദയത്തില്‍ ഒരു നീറ്റലായി തോന്നിയിരുന്ന ഒന്നുണ്ട് ചെറിയ മഴയില്‍ പോലും ചോര്‍ന്നൊലിക്കുന്ന കൂരകളില്‍ തണുത്ത് വിറങ്ങലിക്കുന്ന എന്നെ പ്പോലെ കുട്ടിക്കാലം ജീവിച്ചിരുന്നവരുടെയും അവരെ ചേര്‍ത്ത് മഴത്തുള്ളികളെ സ്വന്തം നെറുകയില്‍ ഏറ്റുവാങ്ങിയിരുന്ന അച്ഛനമ്മ മാരെയും കുറിച്ചുള്ള ഓര്‍മ്മകള്‍…. …

മഴയുടെ സന്തോഷം അനുഭവിക്കുംബോളും കവിളില്‍ കണ്ണീര്‍ ചാലിച്ചിരുന്ന ഓര്‍മ്മകളുടെ ചീന്തുകള്‍ … ഒരു ചെറിയ മഴ പോലും പട്ടിണിയും, വറുതിയുംസമ്മാനിക്കുന്ന അവരുടെ ജീവിതങ്ങളെ പറ്റി ഇന്നും ഓര്‍ക്കുമ്പോള്‍ ഈ പ്രവാസ കാലത്തും എന്തോ ഒരു നൊമ്പരപ്പാടു പോലെ …. അവര്‍ക്കൊക്കെ മഴത്തുള്ളിയെ മറക്കുന്ന ഒരു ചേമ്പില ത്താള്‍ എങ്കിലും ആവാന്‍ എനിക്ക് എളിയ മനസ് നല്കണേ എന്നതാണ് എന്റെ പ്രാര്ത്ഥന …