കേരളത്തിലെ വിശ്വാസികള്‍ക്കൊപ്പമാണ് ഇത്തവണ ഒമാന്‍ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസികള്‍ക്കും റമദാന്‍..

ഗള്‍ഫിലെയും അയല്‍ അറബ് രാജ്യങ്ങളിലെ വിശ്വാസികള്‍ക്കും ഇന്ന് മുതല്‍ വ്രതാരംഭം. കേരളത്തിലെ വിശ്വാസികള്‍ക്കൊപ്പമാണ് ഇത്തവണ ഒമാന്‍ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസികള്‍ക്കും റമദാന്‍ ആരംഭിക്കുന്നത്. റമദാനിന്‍റെ പുണ്യം നേടി വിശുദ്ധ നഗരങ്ങളായ മക്കയിലും മദീനയിലും ലക്ഷക്കണക്കിന് വിശ്വാസികളാണ് എത്തുന്നത്.

രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ റദമാന്‍ മാസപ്പിറവി കണ്ടതിന്‍റെ അടിസ്ഥാനത്തിലാണ് സൌദി റോയല്‍ കോര്‍ട്ടും സുപ്രീം കോടതിയും നാളെ റമദാന്‍ ആരംഭമായി പ്രഖ്യാപിച്ചത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഇതര ഗള്‍ഫ് രാജ്യങ്ങളും ശനിയാഴ്ച വ്രതാരംഭമായി തീരുമാനിച്ചു. മാസപിറവി കണ്ടതിനാൽ ഒമാനിലും റമദാൻ ഒന്ന് ശനിയാഴ്ച ആയിരിക്കുമെന്ന് ഔഖാഫ് മതകാര്യ മന്ത്രാലയം അറിയിച്ചു. ആത്മ സംസ്കരണത്തിന്‍റെ മാസമാണ് ഇസ്ലാം മത വിശ്വാസികള്‍ക്ക് റമദാന്‍ മാസം. ഒരുമാസത്തെ വിശുദ്ധ ദിനരാത്രങ്ങളെ പ്രാര്‍ഥനാ നിര്‍ഭരമായ മനസ്സോടെ വിശ്വാസികള്‍ സ്വീകരിച്ചു കഴിഞ്ഞു. വിവിധ പള്ളികളില്‍ തറാവീഹ് നമസ്കാരം നടന്നുകൊണ്ടിരിക്കുകയാണ്.

മക്കയിലെ മസ്ജിദുല് ഹറാമിലും മദീനയിലെ മസ്ജിദുന്നബവിയിലും റമദാനിലെ ദിനരാത്രങ്ങള്‍ ചിലവഴിക്കാന്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ലക്ഷക്കണക്കിന് വിശ്വാസികളാണ് എത്തിയിട്ടുള്ളത്. ഇവര്‍ക്ക് പ്രാര്‍ഥന നിര്‍വഹിക്കുന്നതിനും നോന്പ് തുറക്കുന്നതിനും വിപുലമായ സൌകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഇതര പള്ളികളിലും വഴിയോരങ്ങളിലും നോന്പ് തുറക്കാന് പ്രത്യേക ഇഫ്താര് ടെന്റുകളും സജീവമാണ്.

കനത്ത വേനലിലാണ് ഇത്തവണയും അറബ് മേഖയില്‍ റമാദാന്‍ വിരുന്നെത്തിയത്. വിവിധ ഭരണാധികാരികളും പണ്ഡ‍ിതന്‍മാരും വിശ്വാസികള്‍ക്ക് റമദാന്‍ ആശംസകള്‍ കൈമാറി.

LEAVE A REPLY