മുണ്ടക്കയം: കളഞ്ഞ് കിട്ടിയ രൂപയും 68000 രൂപ നിക്ഷേപമുള്ള എഡിഎം കാര്‍ഡും തിരികെ നല്‍കി കുപ്പക്കയം എന്ന കൊച്ചുഗ്രാമത്തിന് മാതൃകയാവുകയാണ് മുന്നേത്ത് വീട്ടില്‍ മുരളീധരനും മകന്‍ ആദര്‍ശും. കഴിഞ്ഞ പന്ത്രണ്ടിന് വൈക്കം സ്വദേശി മാപ്പിളപടവുതറ വീട്ടില്‍ എം.എസ് നിബിന്‍കുമാര്‍ വള്ളിയാങ്കാവ് ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയത്. തിരിച്ച് മടങ്ങവെയാണ് പണവും എടിഎം കാര്‍ഡുമടങ്ങിയ പേഴ്‌സ് ക്ഷേത്രത്തിനും കുപ്പക്കയത്തിനുമിടയിലുള്ള പാലത്തിന് സമീപം നഷ്ട്ടപ്പെട്ടത്.

ഈ ദിവസം വൈകിട്ട് വള്ളിയാങ്കാവില്‍ നിന്നും വീട്ടിലേക്ക് മടങ്ങിയ മുരളീധരന് റോഡരികില്‍ കിടന്ന് പേഴ്‌സ് കിട്ടുകയായിരുന്നു. എസ്റ്റേറ്റില്‍ ജോലിയെടുത്ത് മൂന്ന് കുട്ടികളടങ്ങുന്ന മുരളീധരന്റെ കുടുംബത്തിന്റ കഷ്ട്ടപാടുകള്‍ക്കും അപ്പുറത്തായിരുന്നു താന്‍ എന്നും കാത്ത് സൂക്ഷിച്ച മനസിന്റെ നന്മ. ഇതാണ് പേഴ്‌സ് തിരികെ നല്‍കാന്‍ മുരളിയെ പ്രേരിപ്പിച്ച പ്രധാന ഘടകം. തനിക് കിട്ടിയ പേഴ്‌സുമായി വീട്ടിലെത്തിയ മുരളീധരന്‍ തന്റെ മൂത്ത മകനും എരുമേലി എംഇഎസ് കോളജിലെ മൂന്നാം വര്‍ഷ ബീകോം വിദ്യാര്‍ത്ഥിയുമായ ആദര്‍ശിനോട് വിവരം പറഞ്ഞു.

തൊട്ടടുത്ത ദിവസം എടിഎം കാര്‍ഡുകളുമായി എസ്ബിടി ബാങ്കിലെത്തിയ ആദര്‍ശ് കാര്‍ഡ് കളഞ്ഞ് കിട്ടിയ കാര്യം ബാങ്ക് അധികൃതരോട് പറഞ്ഞു. ഇവര്‍ നടത്തിയ തിരച്ചിലില്‍ നിബിന്റെ മെബൈല്‍ നമ്പര്‍ കണ്ടെടുത്തു. ഇതിന്റെ അടിസ്ഥാനത്തില്‍ നിബിനെ ഫോണില്‍ വിളിച്ച് പേഴ്‌സ് കിട്ടിയ കാര്യ പറയുകയും ചെയ്തു. തുടര്‍ന്ന് എത്തിയ നിബിന് പെരുവന്താനം പോലീസ് സ്റ്റേഷനില്‍ വെച്ച് പോലീസുകാരുടെ സാന്നദ്ധ്യത്തില്‍ പണവും എടിഎം കാര്‍ഡുമടങ്ങിയ പേഴ്‌സ് കൈമാറി.

LEAVE A REPLY