മുക്കൂട്ടുതറ: ആറ്റുനോറ്റ് ആദ്യമായി വോട്ടവകാശം ലഭിച്ചപ്പോള്‍ അത് സ്വന്തം വാര്‍ഡിലാണെന്ന് കരുതി പോളിംഗ് ബൂത്തില്‍ ചെന്ന വിദ്യാര്‍ഥിനികള്‍ നിരാശരായി. ഒടുവില്‍ 20 കിലോമീറ്റര്‍ അകലെയുള്ള മറ്റൊരു വാര്‍ഡിലെ ബൂത്തിലാണ് വോട്ടെന്നറിഞ്ഞ് ഇവര്‍ രണ്ടും കല്പിച്ച് അവിടെയെത്തി സമ്മതിദാനാവകാശം വിനിയോഗിച്ചപ്പോള്‍ എതിര്‍പ്പുമായി ബൂത്തിലെ ഏജന്റുമാര്‍.

എരുമേലി തുമരംപാറ മുന്‍ വാര്‍ഡ് അംഗം പി.ജെ. തങ്കച്ചന്റെ മകള്‍ ലീന, സിപിഎം ലോക്കല്‍ കമ്മിറ്റിയംഗം പി.എ. അഷറഫിന്റെ മകള്‍ അന്‍സിയ എന്നിവര്‍ക്കാണ് 20 കിലോമീറ്റര്‍ അകലെ മൂക്കന്‍പെട്ടിയിലെ കാളകെട്ടി ഗവണ്‍മെന്റ് ട്രൈബല്‍ എല്‍പി സ്‌കൂളില്‍ വോട്ട് ചെയ്യേണ്ടിവന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തിറക്കിയ വോട്ടര്‍പട്ടികയില്‍ സംഭവിച്ച സാങ്കേതിക തകരാറാണ് രണ്ടുപേരുടേയും വോട്ടുകള്‍ കിലോമീറ്റര്‍ അകലെയാക്കിയത്.

തുമരംപാറയിലുള്ളവര്‍ക്ക് കാളകെട്ടിയില്‍ വോട്ട് വന്നത് അംഗീകരിക്കാനാവില്ലെന്ന് ബൂത്തിലെ ചില ഏജന്റുമാര്‍ എതിര്‍പ്പ് അറിയിച്ചെങ്കിലും പ്രിസൈഡിംഗ് ഓഫീസര്‍ ഇരുവരേയും വോട്ട് ചെയ്യാന്‍ അനുവദിക്കുകയായിരുന്നു. ആദ്യമായി കിട്ടിയ സമ്മതിദാനാവകാശം ദൂരങ്ങള്‍ താണ്ടി എതിര്‍പ്പുകള്‍ മറികടന്ന് വിനിയോഗിച്ചതിന്റെ സംതൃപ്തിയിലാണ് ഇരുവരും.

LEAVE A REPLY