എരുമേലിയില്‍ 21നകം ഐ സി യൂണിറ്റ് പ്രവര്‍ത്തിപ്പിച്ചില്ലെങ്കില്‍ ആരോഗ്യവകുപ്പിനെതിരെ കോടതിയലക്ഷ്യത്തിന് കേസെടുക്കുമെന്ന് ലോകായുക്ത..
എരുമേലിയില്‍ ഐ സി യൂണിറ്റ് 21നകം പ്രവര്‍ത്തിപ്പിക്കണമെന്ന് ഉപ ലോകായുക്ത : ശപഥം നിറവേറിയെന്ന് ‘ എച്ച് ‘ ; ഡോക്ടര്‍മാരില്ലന്ന് വകുപ്പും
എരുമേലി : എരുമേലി സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഇന്റ്റന്‍സീവ് കെയര്‍ യൂണിറ്റ് 21 നകം പ്രവര്‍ത്തനം ആരംഭിക്കണമെന്ന് ഉപ ലോകായുക്ത ജസ്റ്റീസ് കെ പി ബാലചന്ദ്രന്‍ ഉത്തരവിട്ടു. അതേസമയംആവശ്യത്തിന് ഡോക്ടര്‍മാരില്ലാത്തതിനാല്‍ ഉത്തരവ് നടപ്പിലാക്കാന്‍ താമസം നേരിടുമെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്.
ഡോക്ടര്‍മാരെയും ജീവനക്കാരെയും നിയമിച്ച് യൂണിറ്റ് പ്രവര്‍ത്തിപ്പിക്കുന്നതിന് ഈ കുറഞ്ഞ സമയപരിധി മതിയാകില്ല. ഡോക്ടര്‍മാരുടെ സ്ഥിര നിയമനമാണ് പ്രശ്‌നം. ഐ സി യൂണിറ്റ് 24 മണിക്കൂറും പ്രവര്‍ത്തനമാരംഭിച്ചതിന്റ്റെ റിപ്പോര്‍ട്ട് 22 ന് ഉപ ലോകായുക്തയില്‍ സമര്‍പ്പിക്കണമെന്നാണ് ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്കും സെക്കട്ടറിക്കും നകിയ ഉത്തരവില്‍ നിര്‍ദേശിച്ചിരിക്കുന്നത്.
യൂണിറ്റ് പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാത്ത പക്ഷം കോടതിയലക്ഷ്യമായി കണക്കാക്കി കേസെടുക്കേണ്ടി വരുമെന്നും ഇത് സംബന്ധിച്ച് ഡിവിഷണല്‍ ബഞ്ചിന്റ്റെ മുന്‍കാല ഉത്തരവുകള്‍ നടപ്പിലാക്കാതിരുന്നതിനെ ഉപലോകായുക്തയുടെ ഉത്തരവില്‍ വിമര്‍ശിക്കുകയും ചെയ്തിട്ടുണ്ട്.മനുഷ്യാവകാശ ജനകീയ സംഘടനാ ഭാരവാഹി എച്ച് അബ്ദുല്‍ അസീസ് നല്‍കിയ ഹര്‍ജിയിലാണ് ഇന്നലെ ഉപ ലോകായുക്ത കോടതിയുടെ സുപ്രധാനമായ ഈ ഉത്തരവ്. ഐ സി യൂണിറ്റ് പ്രവര്‍ത്തിപ്പിക്കാതെ എരുമേലിയിലെ ആശുപത്രിയില്‍ താന്‍ കാല് കുത്തില്ലന്നായിരുന്നു മനുഷ്യാവകാശ പ്രവര്‍ത്തകനായ എച്ച് അബ്ദുല്‍ അസീസിന്റ്റെ ശപഥം.
ലോകായുക്തയുടെ വിധിയോടെ അസീസിന്റ്റെ ഉഗ്രശപഥം നിറവേറുകയാണ്. പി കെ ശ്രീമതി ആരോഗ്യ വകുപ്പ് മന്ത്രിയായിരിക്കെ ഏഴ് വര്‍ഷംമുമ്പാണ് കാഞ്ഞിരപ്പളളി, എരുമേലി ആശുപത്രികളില്‍ 25 ലക്ഷം വീതം ചെലവിട്ട് ഐ സി യൂണിറ്റുകള്‍ തുടങ്ങിയത്. ശബരിമല തീര്‍ത്ഥാടകരുടെ ചികിത്സാസൗകര്യം മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ട് ആരംഭിച്ച യൂണിറ്റ് തീര്‍ത്ഥാടനകാലം കഴിയുന്നതോടെ പൂട്ടിയിടും. തീര്‍ത്ഥാടനകാലത്ത് മാത്രമാണ് യൂണിറ്റിലേക്ക് ഫിസിഷ്യന്‍, കാര്‍ഡിയോളജി ഡോക്ടര്‍മാരെ നിയമിക്കാറുളളത്.
24 മണിക്കൂറും യൂണിറ്റ് പ്രവര്‍ത്തനസജ്ജമായിരിക്കണമെന്നാണ് ഉപ ലോകായുക്തയുടെ ഉത്തരവിലുളളത്. ഇതോടെ ആശുപത്രിയില്‍ 24 മണിക്കൂറും ആശുപത്രിയില്‍ ഡോക്ടറുടെ സേവനം ഉറപ്പാക്കേണ്ടി വരും. കിടത്തി ചികിത്സയും രാത്രികാല സേവനവും ഇതോടൊപ്പം പുനരാരംഭിക്കേണ്ടി വരും. ആശുപത്രിയില്‍ ചികിത്സ തേടിയ കാര്‍ഡിയോളജി രോഗികളുടെ എണ്ണം സംബന്ധിച്ച് ആരോഗ്യ വകുപ്പ് നല്‍കിയ കണക്ക് കോടതി അംഗീകരിച്ചില്ല. ഉത്തരവ് നടപ്പിലായാല്‍ തീര്‍ത്ഥാടകര്‍ക്കും നാട്ടുകാര്‍ക്കും ഏറെ പ്രയോജനകരമാകും.