ചോറ്റി(കാഞ്ഞിരപ്പള്ളി):അക്ഷയകേന്ദ്രം വഴി ആധാര്‍ കാര്‍ഡിന് അപേക്ഷിച്ച രാധാകൃഷ്ണന്‍ നമ്പൂതിരിക്കും കുടുംബത്തിനും ആധാര്‍ കാര്‍ഡ് കിട്ടിയത് ആക്രികടയില്‍ നിന്ന്. ചോറ്റി മഹാദേവ ക്ഷേത്രത്തിലെ മേല്‍ശാന്തി പെരികമനഇല്ലം രാധാകൃഷ്ണന്‍ നമ്പൂതിരി, മക്കളായ കീര്‍ത്തന, മഹാദേവന്‍ എന്നിവരുടെ ആധാര്‍ കാര്‍ഡുകളാണ് കാഞ്ഞിരപ്പള്ളി ടൗണിലെ ആക്രികടയില്‍ നിന്ന് കിട്ടിയത്.

ആക്രി സാധനങ്ങള്‍ തിരയുന്നതിനിടയിലാണ് കാര്‍ഡുകള്‍ കിട്ടിയത്. ആധാര്‍ കാര്‍ഡ് ലഭിച്ചിട്ടുണ്ടെന്നും കാര്‍ഡിലെ ഫോണ്‍ നമ്പരിലാണ് വിളിക്കുന്നതെന്നും ആക്രി കടക്കാരന്‍ അറിയിച്ചു. ഉടന്‍തന്നെ ആക്രി കടയിലെത്തി രാധാകൃഷ്ണന്‍ നമ്പൂതിരി തന്റെയും മക്കളായ കീര്‍ത്തനയുടെയും, മഹാദേവന്റെയും ആധാര്‍ കാര്‍ഡുകള്‍ കൈപ്പറ്റി.

കവര്‍ പൊട്ടിച്ച് പഴകിയ നിലയിലായിരുന്നു കാര്‍ഡുകള്‍. ഇതോടൊപ്പം ചോറ്റി സ്വദേശി മറ്റൊരാളുടെ ആധാര്‍ കാര്‍ഡും ആക്രി കടക്കാരന്‍ രാധാകൃഷ്ണന്‍ നമ്പൂതിരിയെ കാണിച്ചു. പയ്യന്നൂര്‍ക്കാരനായ രാധാകൃഷ്ണന്‍ നമ്പൂതിരി 13 വര്‍ഷമായി ചോറ്റി മഹാദേവക്ഷേത്രത്തില്‍ മേല്‍ശാന്തിയാണ്. ചോറ്റിയില്‍ സ്ഥിര താമസമാക്കിയ ഇദ്ദേഹം ചോറ്റിയിലെ അക്ഷയ കേന്ദ്രംവഴിയും കൊക്കയാറ്റിലെ അക്ഷയ കേന്ദ്രംവഴിയും ആധാര്‍ കാര്‍ഡിന് അപേക്ഷിച്ചിരുന്നു.

അപേക്ഷകള്‍ നിരസിക്കപ്പെട്ടതോടെ പെരുവന്താനത്തെ അക്ഷയ കേന്ദ്രംവഴി ഒരുശ്രമം നടത്തി കാത്തിരിക്കുന്നതിനിടയിലാണ് ആക്രികടയില്‍ നിന്നും ഫോണ്‍വിളി വന്നത്. കാര്‍ഡുകള്‍ എങ്ങനെ ആക്രികടയില്‍ എത്തിയെന്ന് കടക്കാരനും അറിയില്ല. പഴയപത്രങ്ങളുടെയും കടലാസുകളുടെ കൂട്ടത്തില്‍ വന്നതാകും കണ്ടെത്തിയ ആധാര്‍ കാര്‍ഡുകള്‍.

LEAVE A REPLY